കെ.എസ്.ആർ.ടി.സിക്ക് സർക്കാർ ഗ്രാന്റില്ല; വായ്പ മാത്രം
text_fieldsപാലക്കാട്: 2016 മുതൽ 2024 വരെ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ വായ്പ മാത്രമേ നൽകിയിട്ടുള്ളൂവെന്നും ഗ്രാൻറായി ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും വിവരാവകാശ രേഖ. വയനാട് സുൽത്താൻ ബത്തേരി മൈതാനിക്കുന്ന് ലാൽ വിഹാറിൽ പി.എസ്. അജിത്ത് ലാൽ നൽകിയ വിവരാവകാശ അപേക്ഷയിൻമേലുള്ള മറുപടിയിലാണ് ഇക്കാര്യമുള്ളത്. സഹായമെന്ന് പറയുന്നത് വായ്പ മാത്രമാണ്.
2016 ജൂൺ ഒന്നു മുതൽ 2024 ജൂലൈ 31വരെ 11,213 കോടി രൂപയാണ് സാമ്പത്തിക സഹായമായി ലഭിച്ചത്. ഈ തുകയത്രയും കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയായ വായ്പ മാത്രമാണ്. ഗ്രാൻറ് ഇനത്തിൽ തുകയൊന്നും അനുവദിച്ചിട്ടില്ല. 2024 ജൂലൈ 31ലെ കണക്കുപ്രകാരം നിലവിൽ കെ.എസ്.ആർ.ടി.സിക്ക് 1511.45 കോടി രൂപ കടബാധ്യതയുള്ളതായും വിവരാവകാശ രേഖയിൽ പറയുന്നു. 2011നുശേഷം ഗ്രാൻറായി ഒരു തുകയും അനുവദിച്ചതായി വിവരാവകാശ രേഖയിൽ പറയുന്നില്ല. നിലവിൽ സർക്കാർ സഹായമായി നൽകുന്നത് പെൻഷനും ശമ്പളത്തിനുമായി നൽകുന്ന തുക മാത്രമാണ്.
നിലവിൽ അതിലും കുറവ് വരുത്തുകയും ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായുള്ള തുക തടഞ്ഞുവെക്കുകയുമാണ്. ഇപ്പോൾ കെ.എസ്.ആർ.ടി.സി നിലനിൽക്കുന്നത് ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിച്ച തുക കൊണ്ടാണെന്ന് ജീവനക്കാർ പറയുന്നു. പൂജ്യം ശതമാനമാണ് ഡി.എ. എൻ.പി.എസ്, എൽ.ഐ.സി, എസ്.എൽ.ഐ, പി.എഫ് ഇവയെല്ലാം ജീവനക്കാരിൽനിന്ന് പിടിക്കുകയും കെ.എസ്.ആർ.ടി.സി അടക്കാതിരിക്കുകയുമാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.