ആക്രമണ സ്വഭാവമുള്ളവരുടെ വൈദ്യപരിശോധനക്ക് കൈവിലങ്ങ് നിർബന്ധം
text_fieldsതിരുവനന്തപുരം: ആക്രമണ സ്വഭാവമുള്ള വ്യക്തികളെ വൈദ്യപരിശോധനക്ക് ഹാജരാക്കുമ്പോൾ കൈവിലങ്ങ്/ ശാരീരിക നിയന്ത്രണം നിർബന്ധമാക്കി മെഡിക്കൽ എക്സാമിനേഷൻ / മെഡിക്കോ ലീഗൽ എക്സാമിനേഷൻ മാർഗനിർദേശങ്ങൾക്ക് മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം.
2022 മേയ് ഏഴിന് പ്രസിദ്ധീകരിച്ച മെഡിക്കോ ലീഗൽ പ്രോട്ടോകോളിൽ ഇതിനനുസൃതമായ ഭേദഗതി കൊണ്ടുവരാനും തീരുമാനിച്ചു. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനക്കിടെ പ്രതി സന്ദീപിന്റെ കുത്തേറ്റ് ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സാഹചര്യത്തിൽകൂടിയാണ് കർശന മാർഗരേഖ കൊണ്ടുവരുന്നത്.
വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നയാളെ മതിയായ പൊലീസ് ഉദ്യോഗസ്ഥര്‍ അനുഗമിക്കണം. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കണം. കസ്റ്റഡിയിലുള്ളയാളുടെ പക്കൽ ആയുധം/ഉപകരണങ്ങള്‍/ മയക്കുമരുന്ന്/വിഷപദാർഥം ഇല്ലെന്ന് അയാളുടെ അന്തസ്സിനെ മാനിച്ചുകൊണ്ട് പൊലീസ് ഉറപ്പാക്കണം. ജുഡീഷ്യല്‍ ഓഫിസര്‍/ ഡോക്ടര്‍മാർ മുമ്പാകെ ഹാജരാക്കുമ്പോഴും ആയുധം കൈവശമില്ലെന്ന് ഉറപ്പാക്കണം.
സാധുവായ കാരണത്താല്‍ ഡോക്ടർ നിർദേശം നല്കിയാലല്ലാതെ കസ്റ്റഡിയിലുള്ള വ്യക്തികളുടെ അടുത്തുനിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അകന്നുനില്‍ക്കരുത്. വൈദ്യപരിശോധനക്ക് ആവശ്യമാണെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിക്കുമ്പോൾ കൈവിലങ്ങ് നീക്കം ചെയ്യണം.
മുതിര്‍ന്ന ഡോക്ടര്മാരുണ്ടെങ്കിൽ ഹൗസ് സര്ജന്മാരെയും ജൂനിയര്‍ റെസിഡന്റുമാരെയും പ്രാഥമിക പരിചരണം നല്‍കുന്നതില്‍നിന്ന് ഒഴിവാക്കണം.
ശാരീരിക-മാനസിക
അവസ്ഥ രേഖപ്പെടുത്തണം
തിരുവനന്തപുരം: കസ്റ്റഡിയിലുള്ളയാളുടെ ശാരീരിക-മാനസിക- ലഹരി ദുരുപയോഗ അവസ്ഥ പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തി രേഖപ്പെടുത്തണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. കസ്റ്റഡിയിലുള്ളയാളുടെ അവസ്ഥയിൽ സംശയമുണ്ടെങ്കിൽ അക്കാര്യം സ്വകാര്യ നോട്ടുബുക്കിലും സ്റ്റേഷനിലെ ജനറല്‍ ഡയറിയിലും രേഖപ്പെടുത്തണം.
നേരിട്ട് ആശുപത്രിയില്‍ കൊണ്ടുപോകുകയാണെങ്കിൽ ഫോണിലൂടെയോ സന്ദേശത്തിലൂടെയോ സ്റ്റേഷനില്‍ അറിയിക്കണം. ആശുപത്രി ജീവനക്കാരെ മെഡിക്കല്‍ പരിശോധനക്ക് മുമ്പ് ഇക്കാര്യം അറിയിക്കണം.
മറ്റ് പ്രധാന നിർദേശങ്ങൾ:
മദ്യപിച്ചോ അക്രമാസക്തനായോ അജ്ഞാതനെ പൊലീസ് അകമ്പടിയില്ലാതെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തൊട്ടടുത്ത സ്റ്റേഷനില്‍ അറിയിക്കണം. വിവരം ലഭിച്ചയുടന്‍ പൊലീസ് അടിയന്തര നടപടി സ്വീകരിക്കുകയും ചികിത്സാ നടപടി പൂര്‍ത്തിയാകുംവരെ നിയന്ത്രണമേറ്റെടുക്കുകയും വേണം.
അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന പെരുമാറ്റം വ്യക്തി കാട്ടിയാൽ വൈദ്യപരിശോധനക്ക് ഹാജരാക്കുംമുമ്പ് മെഡിക്കല്‍ പ്രാക്ടീഷണറെ വിവരമറിയിക്കണം.
മദ്യപിച്ച് വാഹനമോടിക്കൽ, പൊതുസ്ഥലത്ത് മദ്യപാനം, അക്രമാസക്തമായി കാണുക, കലാപം, മോശമായ പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് കസ്റ്റഡിയിലുള്ള ഒന്നിലധികംപേരെ ഒരേസമയം അത്യാഹിതവിഭാഗത്തിലേക്ക് വൈദ്യപരിശോധനക്ക് ഹാജരാക്കരുത്.
പ്രതിയുടെ ശരീരത്തില്‍ മുറിവുകളോ കേടുപാടോ കണ്ടെത്തിയാല്‍ ഇത് അറസ്റ്റിന് മുമ്പാണോ ശേഷമാണോ സംഭവിച്ചതെന്ന് ഡോക്ടര്‍ കുറ്റാരോപിതനോട് ചോദിച്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണം. അറസ്റ്റിന്റെ സമയവും വ്യക്തമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.