ഗൾഫ് യാത്രക്കപ്പൽ: കമ്പനികളുമായി 22ന് ചർച്ച
text_fieldsതിരുവനന്തപുരം: കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കപ്പൽ സർവിസിന് താൽപര്യപത്രം സമർപ്പിച്ച രണ്ട് കമ്പനികളുമായി 22ന് മാരിടൈം ബോർഡ് ചർച്ച നടത്തും. കോഴിക്കോട് ആസ്ഥാനമായ ജബൽ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ ആസ്ഥാനമായ വൈറ്റ് സീ ഷിപ്പിങ് ലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ പ്രതിനിധികളുമായാണ് തിരുവനന്തപുരത്തെ ബോർഡ് ആസ്ഥാനത്ത് ചർച്ച നടത്തുക.
ആഡംബര കപ്പലുകൾ, ചരക്ക് കപ്പലുകൾ, യാത്ര-ചരക്ക് കപ്പലുകൾ, സ്ഥിരമായും സീസണുകളിലുമുള്ള സർവിസുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഷിപ്പിങ് കമ്പനികൾക്ക് താൽപര്യപത്രം സമർപ്പിക്കാനാണ് അവസരം നൽകിയിരുന്നത്. നാല് കമ്പനികൾ കപ്പൽ സർവിസ് തുടങ്ങാൻ താൽപര്യപത്രം സമർപ്പിച്ചു. ഇതിൽനിന്നാണ് രണ്ട് കമ്പനികളെ ചർച്ചക്ക് ക്ഷണിച്ചത്. കപ്പൽ സർവിസ് നടത്തിപ്പിലെ പരിചയം, കേരളത്തിലെ ഏത് തുറമുഖത്തുനിന്നും ഗൾഫിലെ ഏത് തുറമുഖത്തേക്കാണ് സർവിസ് നടത്താനാവുക, സർവിസ് നടത്താൻ ലക്ഷ്യമിടുന്ന കപ്പലിന്റെ വിശദാംശങ്ങൾ, സർക്കാറിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്ന സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ കമ്പനികളോട് ആരായും. രണ്ട് കമ്പനികളും സമർപ്പിക്കുന്ന വിവരങ്ങൾ പരിശോധിച്ചശേഷം മാരിടൈം ബോർഡ് സർക്കാറിന് റിപ്പോർട്ട് നൽകും. സർക്കാറാണ് ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുക.
ഉയർന്ന വിമാന ടിക്കറ്റിന്റെ പേരിലുള്ള ചൂഷണം പ്രവാസികൾക്ക് വലിയ ഭാരമാവുന്ന സാഹചര്യത്തിലാണ് ഗൾഫ്-കേരള കപ്പൽ സർവിസിന്റെ പ്രാരംഭനീക്കങ്ങൾ നടക്കുന്നത്. കുറഞ്ഞനിരക്കിൽ ലഗേജ് ഉൾപ്പെടെ ആവശ്യാനുസരണം കൊണ്ടുവരാനായാൽ വലിയൊരുശതമാനം പ്രവാസികൾ കപ്പൽ സർവിസുകളെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.