മുഖ്യന്റെ മകൾക്ക് മാസപ്പടി; ഒളിച്ചുകളിച്ച് യു.ഡി.എഫ് നേതൃത്വം
text_fieldsതിരുവനന്തപുരം: ആലിൻകായ് പഴുത്തപ്പോൾ കാക്കക്ക് വായ്പ്പുണ്ണ് എന്ന പഴമൊഴി കണക്കെയാണ് പ്രതിപക്ഷത്തിന്റെ അവസ്ഥ. കരിമണൽകമ്പനിയിൽനിന്ന് നൽകാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകൾ വീണ 1.72 കോടി മാസപ്പടി കൈപ്പറ്റിയെന്ന ആദായനികുതിവകുപ്പിന്റെ ഇടക്കാല സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവെന്ന വജ്രായുധം പ്രതിപക്ഷത്തിന് വേണ്ടവിധം പ്രയോഗിക്കാനാവുന്നില്ല.
വീണയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പേരിനൊപ്പം ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ഇബ്രാഹീംകുഞ്ഞുമുണ്ടെന്നതുതന്നെ കാരണം. ആളിക്കത്തേണ്ട വിഷയം വ്യാഴാഴ്ച അടിയന്തരപ്രമേയമായി വന്നില്ല. എന്തുകൊണ്ട് ഉന്നയിക്കുന്നില്ലെന്ന ചോദ്യത്തിന് പ്രതിപക്ഷനേതാവിന്റെ മറുപടി ചട്ടം പറഞ്ഞുള്ള സാങ്കേതികത മാത്രം.
സമാനവിഷയങ്ങളിൽ മുമ്പ് അടിയന്തരപ്രമേയവും ബഹളവുമുണ്ടായത് ഓർമിപ്പിച്ച് ചോദ്യം ആവർത്തിച്ചപ്പോൾ പ്രതിപക്ഷം എന്ത് പറയണമെന്നത് തീരുമാനിക്കുന്നത് മാധ്യമങ്ങളേല്ലയെന്ന് ക്ഷോഭിച്ചു പ്രതിപക്ഷനേതാവ്. താനൂരിലെ ക്രൂരമായ പൊലീസ് കസ്റ്റഡി കൊലപാതകം മാറ്റിവെച്ച് മറ്റൊരു അടിയന്തരപ്രമേയം സാധ്യമല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വിശദീകരിക്കുന്നു.
മുഖ്യമന്ത്രിക്കെതിരെ പതിവ് കടന്നാക്രമണം പ്രതിപക്ഷനേതാവിൽനിന്നും ഉപനേതാവിൽ നിന്നുമുണ്ടായില്ല. യു.ഡി.എഫ് പാർലമെന്ററി പാർട്ടിയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം ഉയർന്നു. മകളുടെ മാസപ്പടി തെളിവ് പ്രതിരോധിക്കാൻ മുഖ്യമന്ത്രി വിയർക്കുമെന്നും അത് ശക്തമായി ഉന്നയിക്കണമെന്നും ഒരുവിഭാഗം ശക്തമായി ഉന്നയിച്ചു. യുവ എം.എൽ.എമാരിൽ മിക്കവർക്കും ഈ അഭിപ്രായമായിരുന്നു. പ്രതിപക്ഷനേതാവും അതിനോട് യോജിച്ചതായാണ് വിവരം.
സംഗതി തിരിച്ചടിക്കുമെന്നായിരുന്നു മുതിർന്ന നേതാക്കളുടെ ആശങ്ക. ഉത്തരവിൽ പേരുള്ള സഭാംഗങ്ങളായ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും വിഷയം നിയമസഭയിൽ ചർച്ചയാക്കുന്നതിന് അനുകൂലമായിരുന്നില്ല. ചാണ്ടി ഉമ്മൻ മത്സരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ വിഷയം ചർച്ചയാകുന്നത് ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് കളങ്കമാകുമെന്ന നിലയിലേക്ക് ചർച്ച വന്നതോടെയാണ് മാസപ്പടി വിവാദത്തിൽ അടിയന്തരപ്രമേയം വേണ്ടെന്നുവെച്ചത്.
നേതൃത്വത്തിന്റെ നിലപാടിലുള്ള പ്രതിഷേധമാണ് വൈകുന്നേരം നിയമസഭയിൽ കണ്ടത്. രാവിലെ മുതിർന്ന നേതാക്കൾ മാസപ്പടിയെക്കുറിച്ച് മിണ്ടിയില്ല. എന്നാൽ, വൈകീട്ട് മാത്യു കുഴൽനാടൻ വിഷയം ഉന്നയിച്ചു.
ബില്ലിന്റെ ചർച്ചക്കിടെ കിട്ടിയ അവസരത്തിൽ മാസപ്പടി പുറത്തായ ഉത്തരവ് വായിക്കാനുള്ള ശ്രമം ഭരണപക്ഷം തടസ്സപ്പെടുത്തി. എങ്കിലും ഈ നീക്കത്തിലൂടെ വിവാദത്തിന് ചൂടേറി. യു.ഡി.എഫ് നേതൃത്വം അതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി കാണാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.