മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയാൻ യു.ഡി.എഫ് സമരത്തിന്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിന്. മുന്നണി എം.എല്‍.എ മാരും എം.പിമാരും മറ്റു നേതാക്കളും മാർച്ച് നാലിന് സെക്രട്ടേറിയറ്റിനു മുന്നിൽ ധര്‍ണ നടത്തും.
സംസ്ഥാനത്ത് ക്രമസമാധാനനില പൂർണമായും തകര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ അര്‍ഹതയില്ലെന്ന് യോഗം വിലയിരുത്തി. ആഭ്യന്തര വകുപ്പിനെതിരെ യു.ഡി.എഫല്ല സി.പി.എം തന്നെയാണ് ആരോപണങ്ങള്‍ ഉയര്‍ത്തിയതെന്ന് കണ്‍വീനര്‍ എം.എം. ഹസന് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സി.പി.എം ജില്ല സമ്മേളനങ്ങളിൽ ഉയര്‍ന്ന പ്രധാന വിമര്‍ശനം പൊലീസിന്റെ വീഴ്ചയും ക്രമസമാധാന തകര്‍ച്ചയുമാണ്.
കോവിഡ് മറവില്‍ മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷനില്‍ നടന്ന അഴിമതിയും കെ.എസ്.ഇ.ബി ചെയര്മാന് ഉന്നയിച്ച ആരോപണങ്ങളും അന്വേഷിക്കണം. ഒത്തുതീര്‍പ്പുണ്ടാക്കിയ ശേഷം കെ.എസ്.ഇ.ബി ചെയര്മാന് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചെങ്കിലും വിഷയം അവസാനിച്ചിട്ടില്ല. കെ.എസ്.ഇ.ബി ചെയര്‍മാനെ മാറ്റണമെന്ന സി.ഐ.ടി.യു ആവശ്യം അംഗീകരിക്കാത്ത മന്ത്രിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈനിനെതിരെ മാർച്ച് 10 മുതൽ ഏപ്രിൽ നാലു വരെ സംസ്ഥാനത്ത് 100 ജനസദസ്സ് സംഘടിപ്പിക്കും. പദ്ധതിയുണ്ടാക്കുന്ന സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി പ്രത്യാഘാതം വിശദീകരിക്കുന്ന വിഡിയോ അവതരണം ഉൾപ്പെടെ ജനസദസ്സുകളിലുണ്ടാകും. പരിപാടിയുടെ വിശദ രൂപരേഖ ജില്ല യു.ഡി.എഫ് നേതൃയോഗങ്ങൾ ചേർന്ന് 28നകം ആസൂത്രണം ചെയ്യുമെന്നും കൺവീനർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.