പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് രാത്രി ആവശ്യപ്പെടുന്നയിടത്ത് നിർത്തുക സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകളിൽ മാത്രം
text_fieldsതിരുവനന്തപുരം: രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിയുള്ളവരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാ സൂപ്പർ ക്ലാസ് സർവിസുകളും നിർത്തുമെന്നുള്ള ഉത്തരവ് സൂപ്പർ ഫാസ്റ്റ് മുതൽ താഴേക്കുള്ള ബാക്കി എല്ലാ വിഭാഗം സർവിസുകളിലും മാത്രമായി നടപ്പാക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു. ഏതാണ്ട് 200ൽ താഴെ വരുന്ന ദീർഘദൂര സർവിസുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരിഗണിച്ചാണ് തീരുമാനം.
സൂപ്പർ ക്ലാസ് ദീർഘദൂര മൾട്ടി ആക്സിൽ എ.സി, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദേശം നടപ്പാക്കുന്നതിൽ പ്രായോഗികമായി ബുദ്ധിമുട്ടുള്ളതും മണിക്കുറുകളോളം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇത് കടുത്ത അസൗകര്യമാണെന്നുള്ള പരാതിയും ഉയർന്ന് വന്നതിനെ തുടർന്നാണ് തീരുമാനം. 14 മണിക്കൂറിലധികം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇടക്കിടക്ക് സ്റ്റോപ്പിൽ അല്ലാതെ നിർത്തുന്നത് ബുദ്ധിമുട്ടാകുന്നു എന്ന് മാത്രമല്ല, ഇത്തരം സർവിസുകളിൽ ഹൃസ്വദൂര യാത്ര വിരളവും ഇത്തരം സ്റ്റോപ്പുകൾക്കായി ആവശ്യങ്ങൾ ഇല്ലാത്തതും ആണ്.
ഇത്തരം സൂപ്പർ ക്ലാസ് ബസുകൾ ആകെ ബസുകളുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രവുമാണ്. ബാക്കി 95 ശതമാനം ബസുകളിലും സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിയുള്ളവരും രാത്രി എട്ടിനും രാവിലെ ആറിനും ഇടയിൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസുകൾ നിർത്തിനൽകും.
ഈ സാഹചര്യത്തിൽ സൂപ്പർ ഫാസ്റ്റ് ശ്രേണിക്ക് മുകളിലേക്കുള്ള ബസുകൾക്ക് രാത്രി നിർത്തിക്കുന്ന ഉത്തരവ് ബാധകമല്ലെന്ന് വ്യക്തത വരുത്തി കെ.എസ്.ആർ.ടി.സി ഉത്തരവ് ഇറക്കി. സൂപ്പർ ക്ലാസ് ഒഴികെയുള്ള ബസുകളിലും ഇത്തരത്തിലുള്ള പ്രത്യേക പരിഗണന ആവശ്യമായ മൂന്ന് വിഭാഗം യാത്രക്കാർക്കല്ലാതെ മറ്റു യാത്രക്കാർക്ക് ഈ സൗകര്യം ഉണ്ടായിരിക്കില്ല.
എല്ലാ വിഭാഗം യാത്രക്കാരെയും സൂപ്പർ ക്ലാസ് സർവിസുകൾ നിർദിഷ്ട സ്ഥലങ്ങളിൽ അല്ലാതെ മറ്റൊരു സ്ഥലത്തും രാത്രികാലങ്ങളിലോ അല്ലാതെയോ നിർത്തുന്നതല്ലെന്ന വിവരം ബോധ്യപ്പെടുത്താൻ ബോർഡുകൾ സ്ഥാപിക്കാനും ഇക്കാര്യം യാത്രക്കാരുടെ അറിവിലേക്ക് കണ്ടക്ടർമാർ യാത്രയുടെ തുടക്കത്തിൽ തന്നെ ബോധ്യപ്പെടുത്തണമെന്നും സി.എം.ഡി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.