ഞാറനീലി എം.ആർ.എസിൽ വെള്ളത്തിലായത് 80.99 ലക്ഷം; മൂന്ന് വർഷം ഗോത്ര വിദ്യാർഥികൾക്ക് കുടിവെള്ളം ലഭിച്ചില്ല
text_fieldsകൊച്ചി: നെടുമങ്ങാട് ഞാറനീലി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ (എം.ആർ.എസ്) വെള്ളത്തിലായത് 80.99 ലക്ഷം. പട്ടികവർഗ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് തുക വെള്ളത്തിലാക്കിയതെന്ന് പരിശോധനയിൽ കണ്ടെത്തി. എം.ആർ.എസിൽ രൂക്ഷമായ കുടിവെള്ള ജലക്ഷാമത്തിന് പരിഹാരമായിട്ടാണ് ജലശുദ്ധീകരണ സംവിധാനം സ്ഥാപിക്കുന്നതിന് എസ്.ടി ഡയറക്ടറേറ്റ് തീരുമാനിച്ചത്.
ഡയറക്ടർക്ക് സമർപ്പിച്ച നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ വാട്ടർ പ്യൂരിഫയർ സിസ്റ്റം സ്ഥാപിക്കുന്നതിന് 2017 ജൂലൈ 11ന് ഉത്തരവിറക്കി. അതിന്‍റെ അടിസ്ഥാനത്തിലാണ് 80.99 ലക്ഷം അനുവദിച്ചത്. എം.ആർ.എസിലും നെടുമങ്ങാട് പ്രോജക്ട് ഓഫീസിലും എ.ജി നടത്തിയ പരിശോധനയിൽ ഇതു സംബന്ധിച്ച ഫയലുകളും മറ്റ് വിശദാംശങ്ങളും കണ്ടെത്താനായില്ല.
അഴിമതി നടത്തിയാൽ പട്ടികവർഗ ഓഫിസുകളിൽ നിന്ന് ആദ്യം അപ്രത്യക്ഷമാവുന്നത് അത് സംബന്ധിച്ച് ഫയലുകളാണ്. തെളിവുകൾ നശിപ്പിച്ചാൽ അഴിമതി കണ്ടെത്താനാവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശ്വാസം. ഉപകരണങ്ങൾ വാങ്ങിയതും അത് സ്ഥാപിച്ചതുമെല്ലാം ഡയറക്ടറേറ്റിൽ നിന്ന് നേരിട്ടായിരുന്നുവെന്ന് എം.ആർ.എസ് മാനേജർ ഇൻചാർജ് അറിയിച്ചു. അതോടെ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്ക് ഇതിലുള്ള പങ്ക് വ്യക്തമായി.
എന്നാൽ, അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം ജോലി പൂർത്തീകരണ സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നു. 2018 മാർച്ച് 16 ലെ കത്തിൽ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ജലശുദ്ധീകരണ സംവിധാനം തൃപ്തികരമായി പ്രവർത്തിക്കുന്നുവെന്നും വ്യക്തമാക്കി. പാചക ആവശ്യത്തിനായി അടുക്കളയിൽ ശുദ്ധീകരിച്ച വെള്ളം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജല ശുദ്ധീകരണ സംവിധാനം ഏർപ്പെടുത്തിയത്.
എം.ആർ.എസിലെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിരിക്കുന്നത് (ശുദ്ധീകരണ സംവിധാനത്തിൻെറ) എ.ജി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ നിലവിൽ ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് ബോധ്യമായി.
2017 ൽ സ്ഥാപിച്ചതിനുശേഷം ഈ സംവിധാനം പ്രവർത്തിക്കുന്നില്ലെന്ന് എം.ആർ.എസിൻെറ ചുമതലയുള്ള മാനേജർ പരിശോധനാ സംഘത്തെ അറിയിച്ചു. പാചക ആവശ്യങ്ങൾക്കായി നിലവിൽ അധികൃതർ കുഴൽ കിണർ (ബോർവെൽ) വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ജല ശുദ്ധീകരണ സമ്പ്രദായത്തിനായി 80.99 ലക്ഷം ചെലവഴിച്ചിട്ടുണ്ടെങ്കിലും മൂന്ന് വർഷം ഗോത്ര വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിച്ചില്ല.
വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇതിൽ എന്തെങ്കിലും അസ്വഭാവികതയുണ്ടെന്ന് തോന്നിയിട്ടില്ല. കാരണം കാലങ്ങളായി ആദിവാസി ഫണ്ട് ചെലവഴിക്കുന്നത് സമാനമായ രീതിയിലാണ്. വകുപ്പിന് കീഴിലുള്ള എം.ആർ.എസിന് സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വികസനം ഉറപ്പ് വരുത്തുന്നതിനായി കോടികൾ അനുവദിക്കുന്നത് ഫലവത്തല്ലാതെ ചെലവഴിക്കുന്നത് സ്ഥിരം പരിപാടിയാണ്. ഞാറനീലിയിൽ 80.99 ലക്ഷത്തിന് പ്രവർത്തിക്കാത്ത യന്ത്രം സ്ഥാപിച്ചതിൻെറ ഉത്തരവാദിത്വം ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കാണ്. വകുപ്പിൽ സോഷ്യൽ ഓഡിറ്റ് നടത്തിയാൽ മാത്രമേ ഇത്തരം അഴിമതികൾക്ക് അറുതി വരുത്താനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.