നിർബന്ധിത ലിംഗമാറ്റ ചികിത്സ: സ്വവർഗാനുരാഗികളുടെ ഹരജിയിൽ ആശുപത്രിക്ക് നോട്ടീസ്
text_fieldsകൊച്ചി: സ്വവർഗാനുരാഗികളിൽ ഒരാളെ നിർബന്ധിത ലിംഗമാറ്റ ചികിത്സക്ക് വിധേയയാക്കിയെന്ന് ആരോപിച്ച് ഇരുവരും ഹൈകോടതിയിൽ. മൂന്നരവർഷത്തെ പ്രണയശേഷം വീടുവിട്ട് ഒന്നിച്ച് ജീവിക്കുന്ന ഇവരെ വേർപിരിക്കാൻ ബന്ധുക്കളടക്കം മർദിക്കുകയും ഒരു യുവതിയെ നിർബന്ധിത ലിംഗമാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് ഹരജി. ഹരജിയിൽ വിശദീകരണം തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക് അടക്കം നോട്ടീസ് അയച്ചു. ഹരജി ഏപ്രിൽ ഒമ്പതിന് വീണ്ടും പരിഗണിക്കും.
കാണാതായശേഷം പൊലീസ് കണ്ടെത്തി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ ഇരുവരുടെയും ആഗ്രഹ പ്രകാരം ഒന്നിച്ചുജീവിക്കാൻ അനുവദിച്ചിരുന്നു. പിന്നീട് ഒരാളെ വീട്ടുകാർ തടങ്കലിലാക്കിയതിനെത്തുടർന്ന് പങ്കാളി കഴിഞ്ഞ വർഷം ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയിരുന്നു. വീട്ടുകാർക്കൊപ്പം പോകാനാണ് താൽപര്യമെന്ന് ഒന്നാമത്തെ യുവതി അന്ന് കോടതിയെ അറിയിച്ചെങ്കിലും പിന്നീട് ഒരുമിക്കാനായെന്ന് ഹരജിയിൽ പറയുന്നു.
മുസ്ലിം സമുദായാംഗങ്ങളായതിനാൽ സ്വവർഗ ലൈംഗികത പാപമാണെന്ന് പറഞ്ഞ് ഡോക്ടർമാർ സ്വാധീനിക്കാൻ ശ്രമിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹരജിക്കാരിൽ ഒരാളെ സമ്മതം കൂടാതെ പലതരം ചികിത്സക്ക് വിധേയയാക്കുകയും ചെയ്തു. മൗലികാവകാശ ലംഘനമായതിനാൽ നിർബന്ധിത ലിംഗമാറ്റം നിയമവിരുദ്ധമായി പ്രഖ്യാപിക്കുക, ഇതിനായി മാർഗരേഖ രൂപവത്കരിക്കാൻ സർക്കാറുകളോട് നിർദേശിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.