കുട്ടികളെ പുറത്താക്കി ഹൃദ്രോഗിയുടെ വീട് ജപ്തി ചെയ്ത നടപടിയെ ന്യായീകരിച്ച് ഗോപി കോട്ടമുറിക്കൽ
text_fieldsകൊച്ചി: ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിൽ കഴിയുമ്പോൾ വീട് ജപ്തി ചെയ്ത നടപടിയെ ന്യായീകരിച്ച് മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കൽ. കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ഗൃഹനാഥൻ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ താക്കോൽ തിരിച്ചുനൽകാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചെന്നും കേരള ബാങ്ക് പ്രസിഡന്‍റും സി.പി.എം സംസ്ഥാന സമിതി അംഗവും കൂടിയായ ഗോപി വിശദീകരിച്ചു.
വലിയപറമ്പിൽ അജേഷ് കുമാറിന്റെ വീടാണ് ജപ്തി ചെയ്തത്. ബാങ്ക് നടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥർ പലതവണ വീട്ടിലെത്തിയപ്പോൾ ആളുണ്ടായില്ല. ജപ്തി നടപടിക്കുശേഷം ഗൃഹനാഥൻ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ വീടിന്റെ താക്കോൽ പൊലീസിനെ ഏൽപിച്ചു. കുട്ടികളെ പുറത്താക്കിയെന്ന് പറയുന്നത് തെറ്റാണ്. അവർ അവസാനമാണ് എത്തിയത്. വീടിനു മുന്നിൽ കൂടി നിന്നവരാരും അജീഷിന്റെ അവസ്ഥ പറഞ്ഞില്ല. -ഗോപി കോട്ടമുറിക്കൽ ന്യായീകരിച്ചു.
അതേസമയം,മാതാപിതാക്കൾ ഗുരുതരരോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുമ്പോൾ, വീട് ജപ്തി ചെയ്ത് ഇറക്കിവിട്ട കുട്ടികളുടെ നിസ്സഹായാവസ്ഥ കണ്ടാണ് വീടിന്‍റെ വാതിൽ തകർത്ത് കുട്ടികളെ പുനരധിവസിപ്പിച്ചതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. ഇതിന്‍റെ പേരിൽ എന്തുനടപടി വന്നാലും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർഫാസി നിയമത്തിന്‍റെ പേരിൽ 12 വയസ്സിന് താഴെയുള്ള മൂന്ന് പെൺകുട്ടികളെയും ഒരാൺകുട്ടിയെയും മാതാപിതാക്കൾ ആശുപത്രിയിൽ കഴിയുന്ന സമയത്ത് വീട് ജപ്തി ചെയ്ത് പുറത്തിറക്കിവിടാൻ കഴിയില്ല. ഇവിടെ മാനുഷിക പരിഗണനയാണ് നൽകേണ്ടത്. എന്നാൽ, അതുണ്ടായില്ല.
ബാങ്കിൽനിന്ന് എത്തിയവരോട് അയൽവാസികൾ അടക്കമുള്ളവർ മാതാപിതാക്കൾ ആശുപത്രിയിലാണെന്നും സാവകാശം നൽകണമെന്നും പറഞ്ഞിരുന്നു. വിവരം അറിഞ്ഞ് എത്തിയ പഞ്ചായത്ത് അംഗം 10 ദിവസം സാവകാശവും ചോദിച്ചു. എന്നാൽ, കുട്ടികളെ ഇറക്കിവിട്ടശേഷം പിൻവാതിൽ ഇല്ലാതിരുന്ന വീടിന് ആക്രിക്കടയിൽനിന്ന് എത്തിച്ച താൽക്കാലിക വാതിൽ സ്ഥാപിച്ചശേഷം, മുൻവാതിൽ പൂട്ടി സീൽ ചെയ്യുകയായിരുന്നെന്ന് എം.എൽ.എ പറഞ്ഞു.
നാല് കുട്ടികളുടെയും പാഠപുസ്തകങ്ങൾ മാത്രം എടുക്കാനാണ് അനുവദിച്ചത്. വിവരമറിഞ്ഞ് എത്തിയ താൻ ബാങ്കിന്‍റെ ഉത്തരവാദപ്പെട്ടവരെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. ഉടൻ താക്കോലുമായി എത്തുമെന്ന് അവർ അറിയിച്ചെങ്കിലും വന്നില്ല. തുടർന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പൂട്ട് പൊളിച്ച് കുട്ടികളെ പുനരധിവസിപ്പിച്ചത്. താൻ ഇത് രാഷ്ടീയവത്കരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീടിനു പുറത്തിറക്കിവിട്ട് ജപ്തി നടത്തിയ സംഭവത്തിൽ ബാലാവകാശ കമീഷൻ ഇടപെടണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ പറഞ്ഞു. സാധാരണക്കാർക്കുകൂടി വേണ്ടിയുള്ളതാണ് ബാലാവകാശ കമീഷൻ. പട്ടികജാതി വിഭാഗങ്ങൾക്കെതിരെ സംസ്ഥാനത്ത് തുടരെ ഉണ്ടാകുന്ന ആക്രമണങ്ങളിലും ചൂഷണങ്ങളിലും പട്ടികജാതി വർഗ കമീഷനും കോടതികളും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കട ബാധ്യത ഏറ്റെടുത്ത് മാത്യു കുഴൽനാടൻ
മൂവാറ്റുപുഴ: വീട് ജപ്തി ചെയ്ത് ഇറക്കിവിട്ട കുട്ടികളെ വീടിന്‍റെ വാതിൽ തകർത്ത് പുനരധിവസിപ്പിച്ച സംഭവം രാഷ്ട്രീയപ്രേരിതമാണെന്ന മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കലിന്‍റെ ആരോപണത്തിന് പിന്നാലെ, ദലിത് കുടുംബത്തിന്റെ കട ബാധ്യത ഏറ്റെടുക്കുന്നതായി മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. വീടിന്റെ ആധാരം ബാങ്കിൽനിന്ന് വീണ്ടെടുത്ത് കൊടുക്കും. ഒന്നര ലക്ഷം രൂപയാണ് ബാങ്കിന് നൽകാനുള്ളത്. 2018ൽ ഒരു ലക്ഷം രൂപയാണ് വായ്പയെടുത്തത്. കുട്ടികൾക്ക് ഉണ്ടായ മാനസിക സംഘർഷത്തിന് ബാങ്ക് ഉദ്യോഗസ്ഥർ മറുപടി പറയണമെന്നും എം.എൽ.എ പറഞ്ഞു. വിഷയം കെ.പി.സി.സി.യുടെ ശ്രദ്ധയിൽ പെടുത്തി. അജേഷിന്റെ ചികിത്സ ചെലവ് ഏറ്റെടുക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.