വിദേശ ഫോൺവിളി രഹസ്യവിവരങ്ങൾ ചോർത്താനെന്ന് സംശയം
text_fieldsതിരുവനന്തപുരം/ തൃശൂർ: മൊബൈൽ ഫോണുകളിലേക്ക് ബൊളീവിയ അടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്ന് വരുന്ന ഫോൺവിളികൾ പൊലീസ് ഹൈടെക്സെൽ പരിശോധിക്കുന്നു. ഇത്തരം ഫോൺ എടുക്കുന്നതു കൊണ്ടോ തിരിച്ചുവിളിക്കുന്നതുകൊണ്ടോ ഫോണിൽ സൂക്ഷിച്ചിട്ടുള്ള രഹസ്യ പാസ്വേഡുകൾ അടക്കമുള്ള എന്തെങ്കിലും വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതയുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
പലരും സ്മാർട്ട് ഫോണുകളിൽ ബാങ്ക് പാസ്വേഡുകൾ അടക്കമുള്ളവ സൂക്ഷിക്കാറുണ്ട്. മൊബൈൽ ഫോണുമായി സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബന്ധിപ്പിക്കാറുണ്ട്. ആധാറുമായും മൊബൈൽ ഫോൺ നമ്പറുകൾ ബന്ധിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും വിവരങ്ങൾ ആധുനിക സാങ്കേതിക മാർഗങ്ങൾ ഉപയോഗപ്പെടുത്തി ചോർത്തപ്പെടാനുള്ള സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. ബി.എസ്.എൻ.എൽ നമ്പറുകളിലേക്കാണ് ഇത്തരത്തിലുള്ള കൂടുതൽ വിളികൾ വരുന്നത്.
ഇൗ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് ബി.എസ്.എൻ.എൽ അധികൃതരോടും പൊലീസ് വിവരങ്ങൾ തേടി. ഫോൺ തിരിച്ചുവിളിക്കുമ്പോൾ പണം നഷ്ടമാകുന്നു എന്ന തരത്തിൽ നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പണം നഷ്ടപ്പെടുക മാത്രമല്ല, ഇംഗ്ലീഷിൽ തെറിയും കേട്ടെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു. പൊലീസ് സേനാംഗങ്ങളുടെ ഫോണുകളിലേക്ക് ഉള്‍പ്പെടെ കോളുകള്‍ എത്തിയതോടെയാണ് പൊലീസ് ജാഗ്രത നിർദേശവുമായി രംഗത്തെത്തിയത്.
മിസ്ഡ് കോളുകളോട് പ്രതികരിക്കാത്തവരുടെ ഫോണിലേക്ക് പലതവണ വിളികളെത്തി. ഇങ്ങോട്ട് വന്ന ഫോൺ എടുത്തവർക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പണം പോയവരില്‍ ഉന്നത ഉദ്യോഗസ്ഥര്‍മാര്‍ മുതല്‍ സിവിൽ പൊലീസ് ഒാഫിസർമാർ വരെയുണ്ട്.
+59160940305, +59160940365, +59160940101, +59160940993 നമ്പറുകളിൽനിന്നായിരുന്നു കൂടുതൽ വിളികളും. +3 ൽ തുടങ്ങുന്ന നമ്പറുകളിൽനിന്നും വിളിയെത്തുന്നുണ്ട്. ഇത്തരം ഫോൺ നമ്പറുകളിൽനിന്നുള്ള കാളുകൾ എടുക്കരുതെന്നും തിരിച്ചുവിളിക്കരുതെന്നും പൊലീസ് ഹൈടെക് സെൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.