പൊലീസ് ശ്വാനവിഭാഗത്തിലേക്ക് വിദേശയിനം നായ്ക്കളെത്തി
text_fieldsതിരുവനന്തപുരം: പൊലീസ് ശ്വാനവിഭാഗത്തിലേക്ക് വിദേശയിനം നായ്ക്കളെത്തി. ജാക്ക് റസല്‍ എന്ന ഇനത്തില്‍പ്പെട്ട നാല് നായ്ക്കുട്ടികളാണ് എത്തിയത്. നായ്ക്കുട്ടികളെ ദക്ഷിണമേഖല ഐ.ജി പി. പ്രകാശ്, ശ്വാനവിഭാഗമായ കെ 9 സ്ക്വാഡിന്‍റെ ചുമതലയുള്ള അസി. കമാൻഡന്‍റ് എസ്. സുരേഷിന് കൈമാറി.
ഗന്ധം തിരിച്ചറിയാൻ പ്രത്യേക കഴിവുള്ളവയാണ് ജാക്ക് റസല്‍ ഇനത്തില്‍പ്പെട്ട നായ. വലിപ്പം കുറവായതിനാല്‍ ഇടുങ്ങിയ സ്ഥലത്തെ പരിശോധനക്ക് ഇവയെ ഉപയോഗിക്കാന്‍ കഴിയും. നിര്‍ഭയരും ഊര്‍ജസ്വലരുമായ ജാക്ക് റസല്‍ നായ്ക്കള്‍ക്ക് സ്ഫോടക വസ്തുക്കളും ലഹരി വസ്തുക്കളും കണ്ടെത്താന്‍ പ്രത്യേക കഴിവുണ്ട്.
കേരള പൊലീസില്‍ 1959ല്‍ ആരംഭിച്ച ഡോഗ് സ്ക്വാഡിന് നിലവില്‍ 27 യൂനിറ്റുകളാണുള്ളത്. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച 168 നായ്ക്കള്‍ സ്ക്വാഡിലുണ്ട്. ലാബ്രഡോര്‍ റിട്രീവര്‍, ബെല്‍ജിയം മാലിനോയിസ് എന്നിവ ഉള്‍പ്പെടെയുള്ള വിദേശ ഇനങ്ങളും ചിപ്പിപ്പാറ, കന്നി മുതലായ ഇന്ത്യന്‍ ഇനങ്ങളും ഉള്‍പ്പെടെ 10 ബ്രീഡുകളിലെ നായ്ക്കള്‍ പൊലീസിനുണ്ട്. 2022ല്‍ മാത്രം 80ഓളം കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കെ 9 സ്ക്വാഡിന് കഴിഞ്ഞു. 26 ചാര്‍ജ് ഓഫിസർമാരും 346 പരിശീലകരുമാണ് സ്ക്വാഡിലുള്ളതെന്ന് ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.