ബി.ജെ.പിയുടെ വഴികാട്ടി വിദേശ ഫാഷിസ്റ്റുകൾ; ഉള്ളിലുള്ളത് അറിയാതെ പുറത്തുവരുമെന്നും ബിനോയ് വിശ്വം
text_fieldsതൃശൂര്‍: ഭരണഘടന ഉള്‍പ്പെടെ ജനാധിപത്യവും സോഷ്യലിസവുമെല്ലാം വൈദേശിക സ്വാധീനമുള്ളതിനാല്‍ സ്വീകരിക്കാന്‍ മടിക്കുന്ന ബി.ജെ.പിക്ക് വഴികാട്ടി മുസോളിനിയെയും ഹിറ്റ്ലറെയും പോലെയുള്ള വൈദേശിക ഫാഷിസ്റ്റുകളാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അഖിലേന്ത്യ ദലിത് അവകാശ സമിതി സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ അല്ലാത്തതിനാല്‍ അവര്‍ പലതും മാറ്റിമറിക്കാൻ ശ്രമിക്കുകയും നുണകള്‍ ചാഞ്ചല്യമില്ലാതെ ആവര്‍ത്തിച്ച് സത്യമാക്കാന്‍ ശ്രമിക്കുകയുമാണ്. അമിത് ഷായെ പോലുള്ളവര്‍ അംബേദ്കറെക്കുറിച്ച് നിരന്തരം പരസ്യമായി പുകഴ്ത്തുമ്പോളും ഉള്ളിലുള്ളത് ചില അവസരങ്ങളില്‍ അറിയാതെ പുറത്തു വരുകയാണ്. അസത്യങ്ങള്‍ നിരന്തരം ഉറപ്പിച്ച് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ആടിനെ പട്ടിയാക്കല്‍ ആണ് ബി.ജെ.പിയും ആര്‍.എസ്.എസും ചെയ്യുന്നത്. ഇതുതന്നെയാണ് ഫാഷിസ്റ്റ് പ്രചാരവേലയുടെ അടിസ്ഥാന പ്രമാണം. ലോകത്തെല്ലായിടത്തും ഫാഷിസ്റ്റുകള്‍ അനുവര്‍ത്തിച്ചത് ഇതേ രീതിയാണ്.
ചാതുര്‍വര്‍ണ്യത്തിൽ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയാണ് ബി.ജെ.പിയും ആര്‍.എസ്.എസും ലക്ഷ്യമിടുന്നത്. ഭരണഘടന പൊളിച്ചെഴുതി മനുസ്മൃതി അടിസ്ഥാനമാക്കി മറ്റൊന്ന് കൊണ്ടുവരണമെന്നതാണ് അവരുടെ ആഗ്രഹം. അതുകൊണ്ടാണ് ഭരണഘടനയില്‍ ഇന്ത്യനായി ഒന്നുമില്ലെന്നും എല്ലാം വൈദേശികമാണെന്നും മുറവിളി ഉയര്‍ത്തുന്നത്. അവര്‍ക്ക് ദലിതനോടും ന്യൂനപക്ഷത്തോടും സ്ത്രീകളോടും വെറുപ്പാണ്. അഖിലേന്ത്യ ദലിത് അവകാശ സമിതി ദലിതര്‍ക്ക് മാത്രമുള്ളതല്ലെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനവും എല്ലാ പ്രവര്‍ത്തകരും അവര്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.ഡി.ആര്‍.എം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. എന്‍. രാജന്‍ പതാക ഉയര്‍ത്തി. അഖിലേന്ത്യ പ്രസിഡന്‍റ് എ. രാമമൂര്‍ത്തി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി. വിനിൽ രക്തസാക്ഷി പ്രമേയവും വര്‍ക്കിങ് പ്രസിഡന്‍റ് കെ. അജിത്ത് അനുശോചന പ്രമേയവും ജനറല്‍ സെക്രട്ടറി മനോജ് ബി. ഇടമന പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്വഗതസംഘം ചെയര്‍മാന്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ സ്വാഗതവും സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം ടി. പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.
സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എന്‍. ജയദേവന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, തൃശൂര്‍ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, അഖിലേന്ത്യ സെക്രട്ടറി ഡോ. മഹേഷ്കുമാര്‍, സി.കെ. ആശ എം.എല്‍.എ, സംസ്ഥാന ട്രഷറര്‍ പി. പളനിവേല്‍ എന്നിവര്‍ സംസാരിച്ചു. വി. ശശി എം.എല്‍.എ, സി.സി. മുകുന്ദന്‍ എം.എല്‍.എ, തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിന്‍സ്, മഹിളസംഘം സംസ്ഥാന പ്രസിഡന്‍റ് ഇ.എസ്. ബിജിമോള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി.എസ്. സുനില്‍കുമാര്‍, ഷീല വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വൈകീട്ട് തേക്കിന്‍ക്കാട് തെക്കെ ഗോപുരനടയില്‍ ‘ഇന്ത്യൻ ഭരണഘടനയും ദലിത് അവകാശങ്ങളും’ എന്ന വിഷയത്തിൽ നടന്ന സെമിനാര്‍ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി പി. പ്രസാദ് വിഷയം അവതരിപ്പിച്ചു. കെ. രാധാകൃഷ്ണന്‍ എം.പി, അഡ്വ. എന്‍. രാജന്‍, വി. ശശി എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ച പൊതുചര്‍ച്ച തുടരും. വി. ചാമുണ്ണി, പി. വസന്തം, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി.ടി. ജിസ്മോന്‍, പി. കബീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഭരണഘടന ബെഞ്ചിന്‍റെ വിധി ആശങ്കജനകം -എ.ഐ.ഡി.ആർ.എം
തൃശൂർ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉപവിഭാഗങ്ങൾക്ക് സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ ഉപ സംവരണം അനുവദിക്കുന്നത് ഭരണഘടന വിഭാവനംചെയ്യുന്ന തുല്യത ഉറപ്പുവരുത്തുമെന്ന സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായുള്ള ഏഴംഗ ഭരണഘടന ബെഞ്ചിന്‍റെ വിധി സംവരണ തത്വങ്ങളെ നിരാകരിക്കുന്നതും സാമൂഹിക നീതി കൈവരിക്കുന്നതിന് വിഘാതവുമാകുമെന്ന ആശങ്ക ജനിപ്പിക്കുകയാണെന്ന് എ.ഐ.ഡി.ആർ.എം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.
ഭരണഘടനാപരമായ സംരക്ഷണം ഉണ്ടായിട്ടും അവശ ജനവിഭാഗങ്ങളുടെ ഉന്നമനം ഇപ്പോഴും ലക്ഷ്യത്തില്‍നിന്ന് അകലത്തിലാണ്. ഗ്രാമീണ ദലിത് കുടുംബങ്ങളിൽ അഞ്ചിലൊന്ന് പേർക്ക് മാത്രമാണ് ഉറപ്പുള്ള വീടുള്ളത്. നഗരങ്ങളിലെ ദലിത് വീടുകളിൽ 16 ശതമാനവും ചേരികളിലാണ്. ദലിതർക്കിടയിലെ ദാരിദ്ര്യ നിരക്ക് 30 ശതമാനത്തിലധികമാണ്. ഭരണഘടന തൊട്ടുകൂടായ്മക്കെതിരെ പ്രത്യേക സംരക്ഷണം നൽകുന്നുണ്ടെങ്കിലും ഇപ്പോഴും പല സംസ്ഥാനങ്ങളിലും തൊട്ടുകൂടായ്മ നിലനില്‍ക്കുകയാണ്. തൊഴില്‍ സംവരണത്തിന്‍റെ കാര്യത്തിലും വിടവ് കൂടുതലാണ്. ജാതി സെന്‍സസിലൂടെ മാത്രമേ ഇത്തരം സൂക്ഷ്മ വിവരങ്ങള്‍ സമാഹരിക്കാനാകൂ.
ഈ സാഹചര്യത്തില്‍ ദലിതർക്കിടയിലെ ഉപവർഗീകരണവും ക്രീമിലെയറും സംബന്ധിച്ച സുപ്രീംകോടതി വിധി മറികടക്കാൻ പാര്‍ലമെന്‍റ് അടിയന്തരമായി നിയമ നിര്‍മാണം നടത്തണമെന്നും ജാതി, സാമ്പത്തിക സെന്‍സ് നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ദലിതർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാര നിര്‍ദേശം ഉണ്ടാക്കാനും പാർലമെന്‍റും നിയമസഭയും പ്രത്യേക സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.