വിദേശസഞ്ചാരികളുടെ ‘സ്വന്തം കേരളം’ മുന്നോട്ട്; ഏഴുവർഷത്തിനിടെ 53.50 ലക്ഷം സന്ദർശകർ
text_fieldsകൊച്ചി: വിദേശ സഞ്ചാരികൾക്ക് കേരളത്തോടുള്ള താൽപര്യം എന്നും നിലനിൽക്കുന്നുവെന്ന് വ്യക്തമാക്കി ടൂറിസം വകുപ്പിന്റെ കണക്കുകൾ. മദ്യലഭ്യതയില്ലാത്ത ഡ്രൈഡേകൾ കാരണം സഞ്ചാരികൾ സംസ്ഥാനത്തോട് വിമുഖത കാണിക്കുന്നുവെന്ന ആരോപണത്തിന്റെ മുനയൊടിച്ചാണ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി കേരളം തുടരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്.
2016 മുതലുള്ള ഏഴുവർഷത്തിനിടെ 53.50 ലക്ഷം വിദേശ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. 2016 മേയ് മുതൽ 2021 മേയ് വരെ ഒന്നാം പിണറായി സർക്കാറിന്റെ കാലഘട്ടത്തിൽ 133 രാജ്യങ്ങളിൽനിന്നായി 43.10 ലക്ഷം പേർ എത്തിയെന്ന് ടൂറിസം ഡയറക്ടറുടെ കാര്യാലയം വ്യക്തമാക്കുന്നു. 2021 മേയ് മുതൽ 2023 മേയ് വരെ 10.39 ലക്ഷം വിദേശസഞ്ചാരികളും എത്തി. 183 രാജ്യങ്ങളിൽനിന്നുള്ളവർ ഇക്കാലയളവിൽ വന്നിട്ടുണ്ട്. 2023ലും 2022ലും അമേരിക്കയിൽനിന്നാണ് ഏറ്റവുമധികം പേർ വന്നത് -2023ൽ 82,206 പേരും 2022ൽ 44,851 പേരും. 2021ൽ റഷ്യയിൽനിന്നാണ് കൂടുതൽ ടൂറിസ്റ്റുകൾ വന്നത് -12,564 പേർ.
കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ കണക്കുകൾ. വിദേശ ടൂറിസ്റ്റുകൾക്ക് കേരളത്തോടുള്ള ആഭിമുഖ്യം വേണ്ടവിധത്തിൽ സർക്കാർ പ്രയോജനപ്പെടുത്തണമെന്ന് ഹരിദാസ് അഭിപ്രായപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരംകണ്ടാൽ ഇനിയും മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. വർക്കല, ചാവക്കാട് ബീച്ചുകളിലെ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ തകർന്നതും ഫോർട്ട്കൊച്ചി ബീച്ചിന്റെ ദുരവസ്ഥയുമൊക്കെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ്. ഇക്കാര്യങ്ങളിൽ നടപടിയുണ്ടാകുന്നതിന് പകരം കേവലം 12 ദിവസം മാത്രമുള്ള ഡ്രൈഡേകൾ ഒഴിവാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ഡ്രൈ ഡേ ടൂറിസത്തെയല്ല, മദ്യവിപണനത്തെ മാത്രമാണ് ബാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.