വിദേശ സർവകലാശാല: സി.പി.ഐ കൗൺസിലിൽ രൂക്ഷ വിമർശനം
text_fieldsതിരുവനന്തപുരം: വിദേശ സർവകലാശാലകൾക്ക് പരവതാനി വിരിച്ചുള്ള സർക്കാർ നീക്കത്തിനെതിരെ സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം. ഇടത് പാർട്ടികൾ കാലങ്ങളായി എതിർക്കുന്ന വിഷയത്തിൽ കൂടിയാലോചനയില്ലാതെ അപ്രതീക്ഷിതമായാണ് ‘അസാധാരണ’ തീരുമാനമുണ്ടായതെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.
വിദേശ സർവകലാശാലകളെ അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ ദേശീയ കൗൺസിൽ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഏകപക്ഷീയമായി ബജറ്റിൽ പ്രഖ്യാപനമുണ്ടായത്.
മുൻ ഇടത് സർക്കാറുകളുടെ കാലത്തൊന്നും ബജറ്റിൽ ഇത്തരം നയംമാറ്റ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല. സാമൂഹികനീതി എന്ന കാഴ്ചപ്പാടിന്റെ കടയ്ക്കൽ കത്തിവെക്കുന്നതാണ് ഇത്തരം നീക്കങ്ങൾ. പരാമർശങ്ങൾ പരിധിവിട്ടതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ടു. കാര്യങ്ങൾ പറയേണ്ട വേദികളിൽ പറഞ്ഞിട്ടുണ്ട്. അനാവശ്യ ചർച്ചയിലേക്ക് പോകരുത്. തെരഞ്ഞെടുപ്പ് കഴിയുംവരെ ഒന്നും പുറത്തുപോകരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിദ്യാഭ്യാസ മേഖലയിലടക്കം സ്വകാര്യ നിക്ഷേപങ്ങൾക്ക് പാർട്ടി നേരത്തെ അനുകൂല സമീപനം സ്വീകരിച്ചതിനാൽ സ്വകാര്യ സർവകലാശാലകളുടെ കാര്യത്തിൽ എതിരഭിപ്രായങ്ങൾ ഉണ്ടായില്ല.
ബജറ്റിലെ അവഗണനക്കെതിരെയും കൗൺസിലിൽ അംഗങ്ങൾ ആഞ്ഞടിച്ചു. മുഖ്യമന്ത്രിക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈയക്ഷരം തെളിഞ്ഞു. സപ്ലൈകോയെ പൂർണമായും അവഗണിച്ചു. മറ്റ് വകുപ്പുകൾക്ക് കാര്യമായ വിഹിതം ലഭിച്ചില്ലെന്ന് മാത്രമല്ല, ഘടകകക്ഷി മന്ത്രിമാർക്ക് ലഭിച്ച പരിഗണനപോലും ലഭിച്ചില്ല. ഇക്കാര്യം ഇടതുമുന്നണിയെ രേഖാമൂലം അറിയിക്കണമെന്ന അഭിപ്രായമുണ്ടായി. കഴിഞ്ഞ ദിവസത്തെ സംസ്ഥാന എക്സിക്യൂട്ടിവിലും മന്ത്രിമാർ ഇക്കാര്യം ഉന്നയിച്ചിരുന്നു. മാത്രമല്ല, സി.പി.ഐ എക്സിക്യൂട്ടിവിൽ വെച്ച റിപ്പോർട്ടിലും സമാന പരാമർശമുണ്ടായിരുന്നു.
തിങ്കളാഴ്ച ബജറ്റ് ചർച്ച തുടങ്ങാനിരിക്കെ നിയമസഭയിലെ സി.പി.ഐ പ്രതിനിധികൾ എന്ത് നിലപാട് സ്വീകരിക്കണമെന്നതിൽ പാർട്ടി വ്യക്തത വരുത്തണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. സി.പി.ഐ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് തീരുമാനത്തിലെത്താനാണ് എക്സിക്യൂട്ടിവിൽ ധാരണയായത്. മന്ത്രിമാർക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കാൻ തീരുമാനിച്ചു. ബിനോയ് വിശ്വം സി.പി.എം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.