പുഷ്പനെ അറിയാമോ, നിങ്ങടെ പുഷ്പനെ അറിയാമോ
text_fields‘പുഷ്പനെ അറിയാമോ? നിങ്ങടെ പുഷ്പനെ അറിയാമോ’. പാട്ടിന്റെ വരി അൽപം മാറ്റിപ്പിടിച്ച പി.സി. വിഷ്ണുനാഥ് വിദേശ സർവകലാശാല ആഗോളീകരണത്തിന്റെ അജണ്ടയാണെന്ന് പറഞ്ഞ് എതിർത്തവർ ഇപ്പോൾ മസിനഗുഡി വഴി ഊട്ടിക്ക് പോയോ എന്ന ചോദ്യമാണ് തൊടുത്തത്. രമേശ് ചെന്നിത്തലയടക്കം പ്രതിപക്ഷം സ്വകാര്യ-വിദേശ സർവകലാശാല നിർദേശമെടുത്ത് ഇടത് നയവ്യതിയാനത്തെ പരിഹസിക്കാൻ ശ്രമിച്ചെങ്കിലും ഭരണപക്ഷം അതിൽ കൊത്തിയില്ല.
പുഷ്പനെ അറിയാമോ എന്ന് ചോദിക്കുമ്പോൾ ആരുടെ രക്തസാക്ഷിത്വത്തെ വിറ്റിട്ടാണ് സഭയിൽ വന്നിരിക്കുന്നതെന്ന് കെ. ബാബു (നെന്മാറ) അൽപം പൊതിഞ്ഞ് തിരിച്ച് ചോദിച്ചെന്ന് മാത്രം. കോവളത്ത് എസ്.എഫ്.ഐക്കാർ അടിച്ച് നിലത്തിട്ട ടി.പി. ശ്രീനിവാസനോടും പുഷ്പനോടും മാപ്പ് പറച്ചിലെങ്കിലും വേണമെന്നായി പ്രതിപക്ഷം. വിദേശ സർവകലാശാല നിർദേശത്തോട് യോജിപ്പില്ലാത്ത സി.പി.ഐ ആകട്ടെ അവരുടെ നിലപാട് തുറന്നു പറയുകതന്നെ ചെയ്തു.
നയപരമായ വിഷയമായതിനാൽ ചർച്ചക്ക് ശേഷമേ പാടുള്ളൂവെന്ന് ഇ.കെ. വിജയൻ. വിദേശ സർവകലാശാലയിൽ മകളുടെ ബിദുദദാനത്തിന് ശേഷമുള്ള സി.പി.എം എറണാകുളം ജില്ല സെക്രട്ടറിയുടെ ചിത്രം മാത്യു കുഴൽനാടൻ എടുത്തിട്ടു. സി.പി.എമ്മിൽ പാർട്ടി ഓഫിസിന്റെ ബെഞ്ചിൽ കിടന്നുറങ്ങിയ എ.പി. വർക്കിയിൽനിന്ന് സി.എം. മോഹനിലേക്കുള്ള മാറ്റമെന്ന് കുഴൽനാടൻ.
ബജറ്റ് ചർച്ചക്കിടെ അഴിമതി ആരോപണം ഉന്നയിക്കാൻ മാത്യു ശ്രമിച്ചെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ച് മൈക്ക് ഓഫ് ചെയ്തതോടെ അതിന് കഴിഞ്ഞില്ല. അടിസ്ഥാനമില്ലെന്നും ഫോട്ടോ സ്റ്റാറ്റ് വെച്ച് നിയമസഭയുടെ വിശുദ്ധി കളയാനില്ലെന്നുമായി സ്പീക്കർ. ആരോപണം ആരെക്കുറിച്ചാണെന്ന് പോലും പറയാനാകാതെ നടുത്തളത്തിൽ ബഹളം വെച്ച് പ്രതിപക്ഷം ഇറങ്ങിപ്പോകാനേ പ്രതിപക്ഷത്തിനായുള്ളൂ. കഴിഞ്ഞ ദിവസം പി.വി. അൻവറിന് പ്രതിപക്ഷ നേതാവിനെതിരെ സഭയിൽ കോടികളുടെ ആരോപണം ഉന്നയിക്കാൻ തടസ്സമൊന്നുമുണ്ടായില്ലെന്നത് വേറെ കാര്യം. അൻവറിന് അനുമതി കിട്ടി, കുഴൽനാടന് കിട്ടിയില്ല.
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രനെ പിടിച്ചാണ് ഭരണപക്ഷം ആക്രമിച്ചത്. പിണറായിയുടെ ചായ വേണ്ട, മോദിയുടെ ചോറുണ്ണാം എന്നാണ് പുതിയ രീതിയെന്ന് എം. നൗഷാദ്. ബി.ജെ.പിക്കാർ ഉണ്ടാക്കുന്ന പുട്ടിന് വേണ്ടി ചിരട്ട തിരുകികൊണ്ടിരിക്കുകയാണ് കോൺഗ്രസുകാരെന്ന് ടി.ഐ. മധുസൂദനൻ. ആമാടപ്പെട്ടിയും കസവ് നേര്യതും ആറന്മുളക്കണ്ണാടിയുമായി പോയത് ആരാണെന്ന് ചെന്നിത്തലയുടെ തിരിച്ചടി. മോദി, അമിത്ഷാ പേരുകൾ പറയാൻ ഭരണപക്ഷത്ത് മുട്ടിടിക്കുകയാണ്. സർക്കാറിനെ വലിച്ച് താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞപ്പോൾ ‘നിങ്ങളുടെ തടി അതിന് പോരാ’ എന്ന് പറഞ്ഞ ആളാണ് പിണറായിയെന്നായി ഭരണപക്ഷ മറുപടി.
കേരളത്തിന്റെ സൂര്യോദയ സമ്പദ്വ്യവസ്ഥയെ പാടിപ്പുകഴ്ത്തുകയായിരുന്നു ഭരണപക്ഷം. സൂര്യാസ്തമയ ബജറ്റ് എന്നായിരുന്നു കെ.കെ. രമയുടെ വിശേഷണം. സപ്ലൈകോയെ ബജറ്റിൽ അവഗണിച്ചെന്ന പരാതി സി.പി.ഐ പ്രതിനിധികൾ ഉന്നയിച്ചു. എം.എൽ.എമാരുടെ അവകാശം കവർന്നെടുക്കാൻ ധനവകുപ്പ് ശ്രമിക്കുന്നെന്ന് കൊട്ട് കൊടുക്കാനും ഡെപ്യൂട്ടി സ്പീക്കർ തയാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.