വിവാഹ വാഗ്ദാനം, ഒന്നരക്കോടിയുടെ സമ്മാനം; മലയാളി യുവതിയിൽ നിന്ന് 10 ലക്ഷം തട്ടിയ വിദേശി പിടിയിൽ
text_fieldsആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി നൽകി മലയാളി യുവതിയിൽ നിന്ന് 10 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശി പിടിയിൽ. നൈജീരിയൻ സ്വദേശി എനുക അരിൻസി (36) ആണ് സൈബർ പൊലീസിന്‍റെ ഇടപെടലിലൂടെ നോയിഡയിൽ അറസ്റ്റിലായത്. ഒന്നരക്കോടിയുടെ സമ്മാനം വാഗ്ദാനം ചെയ്ത് വീണ്ടും പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.
ആലപ്പുഴ സ്വദേശിനിയായ യുവതിയും പ്രതിയും ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്. അമേരിക്കയിൽ പൈലറ്റാണെന്നായിരുന്നു ഇയാൾ പറഞ്ഞത്. യുവതി മുമ്പ് വിദേശത്ത് ജോലി ചെയ്തിരുന്നു. നിരന്തരം ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി, യുവതിക്ക് വിവാഹ വാഗ്ദാനവും നൽകി. ഇന്ത്യക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇതോടെ പരിചയം ദൃഢമായി.
പല ആവശ്യങ്ങൾക്കായി ഇന്ത്യൻ രൂപ ആവശ്യമുണ്ടെന്നു പറഞ്ഞ് പലപ്പോഴായി ഇയാൾ 10 ലക്ഷം രൂപ യുവതിയിൽ നിന്ന് വാങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ, താൻ യുവതിയെ കാണാനായി ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് ഇയാൾ അറിയിച്ചു. യുവതിക്ക് നൽകാനായി കൊണ്ടുവന്ന ഒന്നരക്കോടിയുടെ സമ്മാനം വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അത് വിട്ടുകിട്ടാൻ 11 ലക്ഷം ഇന്ത്യൻ രൂപ നൽകണമെന്നുമായിരുന്നു ഇയാൾ അറിയിച്ചത്. ഇത് വിശ്വസിച്ച യുവതി പണം നൽകാൻ ബാങ്കിലെത്തി.
ഇത്ര വലിയ തുക ട്രാൻസ്ഫർ ചെയ്യുന്നതിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ യുവതിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് വിമാനത്താവളവുമായി ബന്ധപ്പെട്ടു. എന്നാൽ, ആരെയും സമ്മാനവുമായി തടഞ്ഞുവെച്ചിട്ടില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പ്രത്യേക സൈബർ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ച് മൊബൈൽ നമ്പർ വഴി പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു. നോയിഡയിലാണ് പ്രതിയുള്ളതെന്ന് തിരിച്ചറിഞ്ഞ സംഘം അവിടെയെത്തി. പൊലീസ് എത്തിയതറിഞ്ഞ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിച്ചു. ഇയാളുടെ നേതൃത്വത്തിൽ വൻ തട്ടിപ്പുകൾ നടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.