മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ ക്രമക്കേട്; ഫൊറൻസിക് റിപ്പോർട്ട് പുറത്ത്
text_fieldsമന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ ക്രമക്കേട് കേസിലെ ഫൊറൻസിക് റിപ്പോർട്ട് പുറത്ത്. തൊണ്ടിമുതലായിരുന്ന അടിവസ്ത്രത്തിൽ മാറ്റം വരുത്തിയതിന്റെ വിശദാംശങ്ങൾ ഫൊറൻസിക് റിപ്പോർട്ടിലുണ്ട്. അടിവസ്ത്രത്തിലെ അടിഭാഗത്തെ തുന്നലുകളും മറ്റു ഭാഗത്തെ തുന്നലുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചെറുതാക്കാനായി വെട്ടിക്കളഞ്ഞ ഭാഗം മറ്റൊരു ഭാഗത്ത് കൂട്ടിച്ചേർത്ത് തുന്നിപിടിപ്പിക്കുകയായിരുന്നു. അടിവസ്ത്രത്തിലെ തുന്നൽ രണ്ട് നൂലുകൾ ഉപയോഗിച്ചുള്ളതാണെന്നും കണ്ടെത്തി. നൂലുകളിൽ പഴയതും പുതിയതും ഉണ്ടായിരുന്നു. അസ്വാഭികമെന്ന് കണ്ട തുന്നലുകളെല്ലാം പുതിയവയാണെന്നും ഫൊറൻസിക് റിപ്പോർട്ട് പറയുന്നു. തിരുവനന്തപുരം ഫൊറൻസിക് ലാബ് 1996ൽ നൽകിയതാണ് റിപ്പോർട്ട്.
കേസിൽ വഴിത്തിരിവായ ഇന്റർപോൾ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലഹരിക്കേസിൽ തൊണ്ടിമുതൽ കോടതിയിൽനിന്ന് മാറ്റിയെന്ന് മൊഴി ലഭിച്ചെന്ന് കത്തിൽ പറയുന്നു. ആൻഡ്രൂ സാൽവദോർ സാർവലി ആസ്‌ത്രേലിയയിൽ മറ്റൊരു കേസിൽ പിടിയിലായപ്പോൾ കൂട്ടുപ്രതി നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. 1996ൽ ആസ്‌ത്രേലിയൻ പൊലീസ് ഇന്റർപോൾ മുഖേന അയച്ച കത്ത് പൊലീസ് ആദ്യം അവഗണിച്ചു. 2002ൽ കേസ് അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് നീക്കം നടത്തിയെന്നും കത്തിൽ പറയുന്നുണ്ട്.
ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. കൃത്രിമത്വം നടത്തിയതായി പറയുന്ന തൊണ്ടിമുതൽ കോടതിയിൽനിന്ന് എടുത്തതും തിരികെ നൽകിയതും ആന്റണി രാജുവാണെന്ന് മാധ്യമപ്രവർത്തകൻ വിവരം പുറത്തുവിട്ട രേഖകളിൽ പറയുന്നു. 1994ലാണ് കേസ് എടുത്തത്. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ട് 28 വർഷം പിന്നിടുകയാണ്. മന്ത്രി രാജിവെക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.