വനനിയമ ഭേദഗതി: മന്ത്രിസഭയിൽ എതിർപ്പ്; വിവാദ ഭാഗങ്ങൾ ഒഴിവാക്കും
text_fieldsതിരുവനന്തപുരം: കേരള വനനിയമ ഭേദഗതിയിൽ എതിർപ്പുള്ള ഭാഗങ്ങൾ ഒഴിവാക്കിയേക്കും. ഇത്തരം ഭാഗങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അഭിപ്രായപ്പെട്ടു. എതിർപ്പുള്ള ഭാഗങ്ങളിൽ പൊതുജനത്തിന്റെയും മാധ്യമങ്ങളുടെയും അഭിപ്രായം സ്വരൂപിച്ച ശേഷം മാത്രമേ നടപ്പാക്കാവൂവെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മന്ത്രിമാരും ഇതിനെ പിന്തുണച്ചു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദർഭത്തിൽ മലയോര മേഖലയിൽ ഉൾപ്പെടെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി. പൊതുജനാഭിപ്രായം സ്വരൂപിച്ചശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞു. എതിർപ്പുള്ള ഭാഗങ്ങൾ ഒഴിവാക്കാമെന്നും മന്ത്രി വ്യക്തമാക്കി. വനത്തിൽ പ്രവേശിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും കടുത്ത ശിക്ഷയാണ് ഭേദഗതി ചെയ്ത വനനിയമത്തിൽ നിർദേശിക്കുന്നത്.
വനനിയമത്തിന്റെ സെക്ഷൻ 27, 62 വകുപ്പുകൾ പ്രകാരം വനത്തിനുള്ളിൽ പ്രവേശിക്കുകയോ വിറക് ശേഖരിക്കുകയോ ചെയ്താൽ 1000 രൂപ വരെയായിരുന്നു വനം വകുപ്പിന് ചുമത്താവുന്ന പിഴ. ഇത്തരം കാര്യങ്ങളിൽ വനംവകുപ്പ് പലപ്പോഴും പിഴ ചുമത്തിയിരുന്നില്ല. പുതിയ നിയമം വരുന്നതോടെ, പിഴ 25,000 രൂപയായി ഉയരും. വനത്തിലൂടെ സഞ്ചരിക്കുന്നതും വനാതിർത്തികളിലൂടെ ഒഴുകുന്ന പുഴയിൽ കുളിക്കുന്നതും മീൻ പിടിക്കുന്നതും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും വലിയ പിഴ ചുമത്താവുന്ന കുറ്റകൃത്യങ്ങളായി മാറും. വനത്തിനുള്ളിൽ അനുമതിയില്ലാതെ പ്രവേശിപ്പിച്ചാൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ നിയമം നൽകുന്നുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ റാങ്കിൽ കുറയാത്ത ഫോറസ്റ്റ് ഓഫിസർക്ക് മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തിൽ വനത്തിൽ നിന്ന് ആരെയും അറസ്റ്റ് ചെയ്ത് തടങ്കലിൽ വെക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.