മെഡി. കോളജിൽ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസ്; വാവ സുരേഷിനെതിരെ കേസ്
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് നഴ്സുമാർക്ക് ക്ലാസെടുത്ത വാവ സുരേഷിനെതിരെ കേസ്. വന്യജീവി സംരക്ഷണനിയമം ഒന്ന്, രണ്ട് വകുപ്പുകൾ പ്രകാരമാണ് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കേസെടുത്തത്. സുരേഷിനെക്കൊണ്ട് ക്ലാസെടുപ്പിച്ചതിനെതിരെ എസ്.എഫ്.ഐ രംഗത്തുവന്നതിനുപിന്നാലെയാണ് നടപടി. നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദർശിപ്പിച്ചുവെന്നാണ് കേസ്. വാവ സുരേഷിന് ഹാജരാവാൻ നോട്ടീസ് നൽകുമെന്ന് അധികൃതർ പറഞ്ഞു.
മെഡിക്കൽ കോളജ് ഐ.എം.സി.എച്ചിലെ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷൻ യൂനിറ്റിന്റെ നേതൃത്വത്തിൽ 'സ്നേക് ബൈറ്റ്: ഫ്രം സൊസൈറ്റി ടു സയൻസ്' എന്ന വിഷയത്തിലായിരുന്നു ക്ലാസ്. വിവിധയിനം പാമ്പുകളെയും അവയുടെ പ്രത്യേകതകളെയും ജീവിതരീതികളെയും പാമ്പുകടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ചാണ് സുരേഷ് ക്ലാസെടുത്തത്. ശാസ്ത്രീയമായ ചികിത്സാരീതികളെ കുറിച്ച് വിദഗ്ധ ഡോക്ടർമാരുടെ ക്ലാസുമുണ്ടായിരുന്നു.
പ്രസംഗപീഠത്തിൽ പത്തിവിടർത്തിയ പാമ്പിനെ പ്രദർശിപ്പിച്ചായിരുന്നു പാമ്പ് കടിയുടെ വിവിധ വശങ്ങളെ കുറിച്ച് സുരേഷ് ക്ലാസ് നടത്തിയത്. മെഡിക്കൽ കോളജിൽ വാവ സുരേഷിനെക്കൊണ്ട് ക്ലാസ് സംഘടിപ്പിച്ചു എന്നതായിരുന്നു എസ്.എഫ്.ഐയുടെ പരാതി. സമൂഹമാധ്യമങ്ങളിലും സുരേഷ് മെഡിക്കൽ കോളജിൽ ക്ലാസെടുത്തതിന്റെ പേരിൽ വിമർശനമുയർന്നു. സമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതിനിധി എന്ന നിലയിലാണ് സുരേഷ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.