കേന്ദ്ര വനംവകുപ്പ് പരീക്ഷയിൽ ആൾമാറാട്ടം; എട്ടുപേർ അറസ്റ്റിൽ
text_fieldsചെന്നൈ: കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന് കീഴിൽ കോയമ്പത്തൂരിലെ മേട്ടുപാളയം റോഡിലെ ഗവ. ഫോറസ്റ്റ് ജനിറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് നടന്ന എഴുത്തുപരീക്ഷയിൽ ആൾമാറാട്ടം നടത്തിയ എട്ടു വടക്കെ ഇന്ത്യക്കാർ പിടിയിൽ.
ഉത്തർപ്രദേശ് സ്വദേശികളായ ഋഷി കുമാർ (26), ബിപൻ കുമാർ (26), പ്രശാന്ത് സിങ് (26), നരേന്ദ്ര കുമാർ (24), രാജസ്ഥാനിൽ നിന്നുള്ള ലോകേഷ് മീണ (24), അശോക് കുമാർ മീണ (26), ഹരിയാനക്കാരായ സുബ്രം (26), ബിഹാർ സ്വദേശി രാജൻ ഗർഗണ്ട് (21) എന്നിവരാണ് അറസ്റ്റിലായത്. ടെക്നീഷ്യൻ, അസി.ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് ഫെബ്രു. എട്ട്, ഒമ്പത് തീയതികളിലായി നടന്ന എഴുത്തു പരീക്ഷയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഉദ്യോഗാർഥികൾ പങ്കെടുത്തിരുന്നു.
വിജയിച്ചവരെ അഭിമുഖത്തിനായി ക്ഷണിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. എഴുത്തുപരീക്ഷ സമയത്ത് ശേഖരിച്ച വിരലടയാളങ്ങളും ഇന്റർവ്യൂവിനെത്തിയവരുടെ വിരലടയാളങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയതോടെയാണിത്. തുടർന്ന് ഉദ്യോഗസ്ഥർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.