ഭൂമി കൈയേറിയവരിൽ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥനും
text_fieldsഅടിമാലി: ദേവികുളം റേഞ്ചിന് കീഴിൽ ചൊക്രാമുടിയിൽ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ സർക്കാർ ഭൂമി സ്വന്തമാക്കി. 2007ൽ സർക്കാർ കൈയേറ്റക്കാരിൽനിന്ന് തിരിച്ചുപിടിച്ച് സംരക്ഷണം വനംവകുപ്പിനെ ഏൽപിച്ചതടക്കം 10 ഏക്കറോളം ഭൂമിയാണ് കൈയേറിയത്. വകുപ്പിലെ പ്രത്യേക വിഭാഗം തലവൻതന്നെ കൈയേറ്റത്തിന് നേതൃത്വം നൽകിയതോടെ നടപടിയെടുക്കാൻ വനംവകുപ്പിനും കഴിഞ്ഞില്ല.
കൈയേറിയ ഭൂമി സംരക്ഷിക്കാൻ ഉദ്യോഗസ്ഥൻ ഇരുപതിലേറെ ജണ്ടകൾ പൊളിച്ചതായും കൈയേറ്റ ഭൂമിയിലേക്ക് റോഡ് നിർമിച്ചതായും ആരോപണമുണ്ട്. 1993ൽ സർക്കാർ റദ്ദാക്കിയ വൃന്ദാവൻ പട്ടയം ഉപയോഗിച്ചാണ് കോടികൾ വിലമതിക്കുന്ന ഭൂമി വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ സ്വന്തമാക്കിയത്. ചോലവനത്തിന് സമാനമായ ചൊക്രമുടി ഭാഗം പ്രകൃതിരമണീയതകൊണ്ട് അനുഗൃഹീതമാണ്. സമുദ്രനിരപ്പിൽനിന്ന് 2000 അടിയിലേറെ ഉയരമുള്ള, വിദൂര കാഴ്ചകൾ ധാരാളമുള്ള പ്രദേശം അതീവ പരിസ്ഥിതി ലോലവുമാണ്.
അപൂർവയിനം സസ്യ-ജന്തുക്കളുടെ കേന്ദ്രമായ ഇവിടെ നിർമാണപ്രവർത്തനം നടത്തുകവഴി വൻ പാരിസ്ഥിക പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. ബോഡിമെട്ട് സെക്ഷൻ പരിധിയിൽ വനംവകുപ്പിന് വൻതോതിൽ ഭൂമി നഷ്ടമായിട്ടും നടപടി സ്വീകരിക്കാത്തത് ഉന്നത ഉദ്യോഗസ്ഥൻ കൈയേറിയതിനാലാണ്. കാന്തല്ലൂർ പഞ്ചായത്തിൽ ചെങ്ങറ സമരക്കാർക്ക് സർക്കാർ വിതരണം ചെയ്ത ഭൂമി ഇപ്പോൾ വൻകിട തടിവ്യാപാരികളുടെ കൈവശമാണ്.
വാസയോഗ്യമല്ലാത്ത ഭൂമി 2000 മുതൽ 5000 രൂപക്ക് വരെ വിറ്റാണ് ചെങ്ങറ സമരക്കാർ ഇവിടെനിന്ന് നാടുവിട്ടത്.
പള്ളിവാസലിൽ വനംവകുപ്പിെൻറ ഭൂമി കൈയേറി മറിച്ചുവിറ്റ തടിവ്യാപാരിക്കാണ് ഇവിടെ കൂടുതൽ ഭൂമിയുള്ളതെന്നാണ് വിവരം. മറയൂരിലെ സി.പി.എം നേതാവിനും വട്ടവട വില്ലേജിൽ ഭൂമിയുണ്ട്. ചിന്നക്കനാലിൽ പ്രമുഖ കോളജ് 100 ഏക്കറോളം സർക്കാർ ഭൂമി കൈയേറിയതായി ഉടുമ്പൻചോല തഹസിൽദാർ റിപ്പോർട്ട് ചെയ്തെങ്കിലും തിരിച്ചുപിടിക്കാൻ ജില്ല ഭരണകൂടം നടപടി സ്വീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.