'അങ്കുഷി'നെ വീണ്ടും വിലക്കി ഉത്തരവ്; ആനകളെ വരുതിയിലാക്കാൻ ഇരുമ്പുതോട്ടി ഇപ്പോഴും ഉപയോഗിക്കുന്നു
text_fieldsതൃശൂർ: ആനകളെ നിയന്ത്രിക്കാൻ പാപ്പാന്മാർ ഉപയോഗിക്കുന്ന ഇരുമ്പുതോട്ടിക്ക് (അങ്കുഷ്) വീണ്ടും വിലക്കേർപ്പെടുത്തി വനംവകുപ്പ്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തോട്ടി ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ള പാപ്പാന്മാര്‍ക്ക് തടിയില്‍ നിർമിച്ച തോട്ടി ഉപയോഗിക്കാം. 2015ൽ സമാന ഉത്തരവ് വനംവകുപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, അത് നടപ്പാക്കുന്നത് കാര്യക്ഷമമല്ലെന്ന വിലയിരുത്തലിൽ വീണ്ടും പരാതിയെത്തിയ സാഹചര്യത്തിലാണ് വ്യാഴാഴ്ച വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചത്.
ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച ആനയോട്ടത്തിൽ പങ്കെടുത്ത ആനയോടൊപ്പം പാപ്പാൻ ലോഹം ഘടിപ്പിച്ച വടിയുമായി നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയും മറ്റ് ആനകളുടെ പാപ്പാന്മാർ ഇത് ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങളോടെയും ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
2015 മേയ് 14ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയ സർക്കുലറിനെ ഓർമപ്പെടുത്തി ഉപയോഗ വിലക്ക് ഏർപ്പെടുത്തിയത് നടപ്പാക്കുന്നില്ലെന്നും പല പാപ്പാന്മാരും ഇത് ഉപയോഗിക്കുന്നതായി പരാതി ലഭിക്കുന്നതായും കർശനമായി നടപ്പാക്കണമെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ബെന്നിച്ചൻ തോമസ് ഇറക്കിയ ഉത്തരവിൽ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.