പദ്ധതികൾക്ക് ജനകീയ പങ്കാളിത്തം തേടി വനം വകുപ്പ്
text_fieldsനിലമ്പൂർ: കാട്ടാന പ്രതിരോധ പ്രവർത്തന പദ്ധതികളിൽ ജനകീയ പിന്തുണ ഉറപ്പാക്കാൻ വനം വകുപ്പ് പഞ്ചായത്തുകൾ തോറും ജനകീയ യോഗങ്ങൾ വിളിച്ചു ചേർക്കുന്നു. പദ്ധതികളുടെ തുടർ സംരക്ഷണത്തിന് കർഷകരുടെയും പ്രദേശവാസികളുടെയും പിന്തുണ ആവശ്യമാണെന്ന് കണ്ടാണ് ജനകീയ യോഗങ്ങൾ വിളിക്കുന്നത്. പദ്ധതി നടത്തിപ്പ് പ്രദേശങ്ങളിലെ വാർഡ് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ എന്നിവരെ കൂടാതെ വനസംരക്ഷണ സമിതി, ജനജാഗ്രത സമിതി എന്നിവയിലെ അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് യോഗങ്ങൾ. അതാതു റെയ്ഞ്ച് ഓഫിസർമാർ പങ്കെടുക്കുന്നുണ്ട്. സൗത്ത് ഡിവിഷനിലെ കരുളായി, കാളികാവ്, നോർത്ത് ഡിവിഷനിലെ വഴിക്കടവ് എന്നീ മേഖലകളിൽ യോഗം ചേർന്നു.
സൗത്ത് ഡിവിഷനിൽ 28.25 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങാണ് കിഫ്ബി സഹായത്തോടെ പുതിയതായി നടപ്പിലാക്കുന്നത്. ഇതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്ന് സൗത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ പി. പ്രവീൺ പറഞ്ഞു. ഉദ്ദേശം 225 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് വരുന്നത്.
നോർത്ത് ഡിവിഷനിലെ എടവണ്ണ റെയ്ഞ്ചിൽ വാരിക്കൽ-ഓടക്കയം മൂന്ന് കി.മീറ്റർ, ഇരുമ്പുഴി-എടപ്പൊട്ടിപൊയിൽ അഞ്ച് കി.മീറ്റർ, കരിമ്പ് കോളനി നാല് കിലോമീറ്റർ, പൂന്നൂർകണ്ടി നാല് കി.മീറ്റർ, വഴിക്കടവ് റെയ്ഞ്ചിലെ അളക്കൽ കോളനി 1.8 കി.മീറ്റർ, പുഞ്ചക്കൊല്ലി കോളനി 1.8 കി.മീറ്റർ, നാരങ്ങാപൊയിൽ-അപ്പൻക്കാപ്പ് രണ്ട് കി.മീറ്റർ, അമ്പിട്ടാൻപൊട്ടി രണ്ടര കി.മീറ്റർ എന്നിവിടങ്ങളിലും ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കും. നോർത്തിൽ നബാർഡിന്റെ സഹായത്തോടെയാണ് പ്രവൃത്തി നടത്തുക.
മിക്ക പ്രവൃത്തിയുടെയും ടെൻഡർ നടപടി പൂർത്തീകരിച്ചു. ചിലത് റിടെൻഡറിങിന് വെച്ചിരിക്കുകയാണ്. ജനങ്ങളുടെയും കർഷകരുടെയും സഹകരണമില്ലാതെ പദ്ധതി നടത്തിപ്പ് പ്രായോഗികമല്ലെന്ന് കണ്ടാണ് വനം വകുപ്പ് പ്രാദേശിക തലത്തിൽ യോഗങ്ങൾ വിളിച്ചു ചേർക്കുന്നത്. ഫെൻസിങ് വേലിയുടെ തുടർസംരക്ഷണത്തിന് കർഷക പിന്തുണ തേടുകയാണ് ലക്ഷ്യം.
കൂടാതെ അതതു പ്രദേശങ്ങളിലെ ഭൂപ്രകൃതിക്ക് അനുസരിച്ച് ഫെൻസിങ് സ്ഥാപിക്കാൻ മാറ്റങ്ങൾ വരുത്തേണ്ടതായുണ്ട്. വനാതിർത്തിയിലൂടെ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുമ്പോൾ ചിലയിടങ്ങളിൽ സ്വകാര്യസ്ഥലത്തിലൂടെ കടത്തിവിടേണ്ടതായി വരും. അങ്ങനെയുള്ള ഭാഗങ്ങൾ കണ്ടത്തി ഭൂവുടമയുടെ സമ്മതത്തോടെ വേലി സ്ഥാപിക്കും. ഇത് കൂടുതൽ ഫലമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.