സമ്മർദം ശക്തം; വനനിയമ ഭേദഗതിയിൽ തിരുത്തിനൊരുങ്ങി വനം വകുപ്പ്
text_fieldsതിരുവനന്തപുരം: ഇടതുമുന്നണിയിൽ നിന്നടക്കം എതിർപ്പ് ശക്തമായ സാഹചര്യത്തിൽ വനനിയമ ഭേദഗതിയിൽ തിരുത്തിനൊരുങ്ങി വനം വകുപ്പ്. ബില്ലിനെ അനുകൂലിച്ച് ആദ്യം നിലപാടെടുത്ത വനംമന്ത്രി എ.കെ.ശശീന്ദ്രൻ സമ്മർദം ശക്തമായതോടെ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന സമീപനത്തിലേക്ക് മാറി. ബില്ലിനെതിരെ മലയോര മേഖലയിൽ വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്.
നിയമഭേദഗതിക്കെതിരെ ഘടകകക്ഷിയായ കേരള കോൺഗ്രസ്- എം മുഖ്യമന്ത്രിയെ എതിർപ്പ് അറിയിച്ചിരുന്നു. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പാർട്ടി ചെയർമാർ ജോസ് കെ. മാണി വിഷയം ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തുടർന്നാണ് ഭേദഗതിയിലെ വ്യവസ്ഥകളിൽ പുനഃപരിശോധനക്കുള്ള നടപടികളിലേക്ക് നീങ്ങുന്നത്. എതിർപ്പുകൾ അവഗണിച്ച് നിയമഭേദഗതിയുമായി മുന്നോട്ട് പോകാൻ സർക്കാറിന് താൽപര്യമില്ലെന്നാണ് സൂചന.
കരട് ബില്ലിനെക്കുറിച്ച് പരാതി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ കൂടുതലൊന്നും പറയാനില്ലെന്നാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ചൊവ്വാഴ്ച വ്യക്തമാക്കിയത്. ബിൽ പൊതുജന അഭിപ്രായം തേടുന്നതിനായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ബില്ലിൽ തിരുത്തൽ ഉറപ്പായതോടെ ജനുവരിയിൽ ചേരാനിടയുള്ള നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള സാധ്യതയും മങ്ങി. ഈ മാസം 31ന് അവസാനിക്കുന്ന ഹിയറിങ്ങിനുശേഷം മാറ്റങ്ങൾ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ബില്ലിന് മന്ത്രിസഭ നേരത്തേ അംഗീകാരം നൽകിയിരുന്നു.
എതിർപ്പ് ഉയരുന്ന നിർദേശങ്ങൾ
● വനപാലകര്‍ അറസ്റ്റ് ചെയ്യുന്നവരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കുന്ന 63-ാം ഭേദഗതി
● സംശയത്തിന്‍റെ പേരില്‍ വനത്തില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യാന്‍ ഡി.എഫ്.ഒമാര്‍ക്കുള്ള അധികാരം ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്ക് വരെ കൈമാറാനുള്ള ഭേദഗതി
● വനാതിര്‍ത്തി നിശ്ചയിക്കുന്ന ജണ്ടയിലെ കല്ലിളകി വീണാലും പ്രദേശവാസികളെ വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശം
● പുഴകളില്‍ മീന്‍പിടിക്കാനുള്ള നിയന്ത്രണം
● കുറ്റത്തിലേര്‍പ്പെട്ടെന്ന് സംശയിക്കപ്പെടുന്ന ആളിന്‍റെ വീട്, വാഹനം, സ്ഥലം എന്നിവ വാറന്‍റില്ലാതെ പരിശോധിക്കാന്‍ അധികാരം
● വനം കുറ്റകൃത്യങ്ങൾക്കുള്ള പിഴയടക്കം പത്തിരട്ടിവരെ വർധിപ്പിക്കൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.