പടയപ്പയെ കാട്ടിലേക്ക് തുരത്താൻ നീക്കം
text_fieldsഅടിമാലി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ജനവാസമേഖലയിൽ കറങ്ങിനടക്കുന്ന പടയപ്പയെ തുരത്താൻ വനംവകുപ്പ് തീരുമാനം. വിദഗ്ധ പരിശീലനം ലഭിച്ച ആർ.ആർ ടീമിനെ ഉപയോഗിച്ച് ഉൾവനത്തിലേക്ക് തുരത്താനാണ് നീക്കം. രണ്ടുദിവസത്തിനിടെ ആറ് കടകൾ തകർത്ത പടയപ്പ ഒരു മാസത്തിനിടെ നിരവധി വാഹനങ്ങൾക്കുനേരെയും ആക്രമണം നടത്തി.
കൂടാതെ, റേഷൻ കടകളും പടയപ്പ തകർത്തതിൽപെടുന്നു. ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. മേഖലയിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്നശേഷം ഹൈറേഞ്ച് സി.സി.എഫ് ആർ.എസ്. അരുണാണ് പടയപ്പയെ കാട്ടിലേക്ക് കയറ്റാൻ നിർദേശം നൽകിയത്.
ഉൾക്കാട് അധികമില്ലാത്ത പ്രദേശത്താണ് ഇപ്പോൾ പടയപ്പയുള്ളത്. ഡ്രോൺ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കും. ഉൾക്കാട്ടിലേക്ക് കൊണ്ടുവിടാൻ സാധിക്കുന്ന പ്രദേശത്തെത്തിയാൽ തുരത്താനാണ് നീക്കം. തൽക്കാലം മയക്കുവെടി വെച്ച് പിടികൂടേണ്ടതില്ലെന്നാണ് വിലയിരുത്തൽ. ആർ.ആർ.ടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘവും ദൗത്യത്തിൽ പങ്കുചേരും. മാട്ടുപ്പെട്ടിയിലും തെന്മലയിലും ചൊവ്വാഴ്ചയും പടയപ്പ ജനവാസമേഖലയിലിറങ്ങി കടകൾ തകർത്തു. തീറ്റയും വെള്ളവും ലഭിക്കാത്തതിനാലാണ് ആനയുടെ പരാക്രമമെന്നാണ് വനംവകുപ്പിന്റെ നിഗമനം. അതിനാൽ തീറ്റയും വെള്ളവുമുള്ള ഉൾക്കാട്ടിലെത്തിച്ച് തിരികെ വരാതെ നോക്കാനാണ് ശ്രമം.
പലപ്പോഴും ആർ.ആർ.ടി സംഘം കാട്ടിലേക്ക് ഓടിച്ചുവിടുന്ന പടയപ്പ അധികം വൈകാതെ ജനവാസമേഖലയിലെത്തുകയാണ് പതിവ്. നിലവിൽ മാട്ടുപ്പെട്ടി മേഖലയിലാണ് പടയപ്പ. ഇവിടെനിന്ന് ആദ്യം തെന്മല, ഗുണ്ടുമല ഭാഗത്തേക്ക് എത്തിക്കാനാണ് ശ്രമം. ഇത് കഴിഞ്ഞ് ഉൾവനത്തിലേക്ക് കയറ്റിവിടുകയാണ് ലക്ഷ്യം. അവസാന ശ്രമത്തിലേ മയക്കുവെടി ഉൾപ്പെടെ നടപടിയിലേക്ക് നീങ്ങൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.