സംസ്കാരത്തിന് ചന്ദനം ലഭ്യമാക്കാൻ വനംവകുപ്പ്
text_fieldsകോഴിക്കോട്: ചന്ദനമരത്തിൽ അന്ത്യകർമങ്ങൾ നടത്താൻ സൗകര്യമൊരുക്കി വനംവകുപ്പ്. വനംവകുപ്പിന്റെ മറയൂർ ഡിവിഷനാണ് സംസ്കാരച്ചടങ്ങിനുള്ള ചന്ദന ബ്രിക്കറ്റുകൾ വിലക്കുറവിൽ സാധാരണക്കാർക്ക് ലഭ്യമാക്കാനൊരുങ്ങുന്നത്. ചന്ദനത്തിന്റെ കാതൽ വേർതിരിക്കുമ്പോൾ ലഭിക്കുന്ന വെളുത്ത ചീളുകൾ പൊടിച്ച് സംസ്കരിച്ച് ചന്ദനമുട്ടിയുടെ രൂപത്തിലാക്കി വിൽപനക്കെത്തിക്കാനാണ് പദ്ധതി.
പരീക്ഷണാടിസ്ഥാനത്തിൽ ഇവ നിർമിച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും വിലയുടെ കാര്യത്തിൽ അന്തിമധാരണയായിട്ടില്ല. കിലോക്ക് ഏകദേശം 400 രൂപക്ക് വിൽപനക്കെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മറയൂരിൽനിന്ന് ചന്ദനക്കാതൽ വൃത്തിയാക്കുമ്പോൾ ലഭിക്കുന്ന വെളുത്ത ചീളുകൾ പൊടിച്ച് വലിയ ഊഷ്മാവിൽ ബ്രിക്കറ്റുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. കട്ടപ്പനയിലെ ഫാക്ടറിയിൽ വെച്ചാണ് ചന്ദന ബ്രിക്കറ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ചത്. ചന്ദന ബ്രിക്കറ്റിന്റെ വിൽപനയിലൂടെ പ്രതിവർഷം സർക്കാറിന് ഒരു കോടിയോളം രൂപ ലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ചന്ദനബ്രിക്കറ്റിന്റെ അഞ്ച്, പത്ത്, 20, 25 എന്നിങ്ങനെ ഭാരമുള്ള ചന്ദനമുട്ടികളാണ് വിൽപനക്കെത്തിക്കുക. ഇവ സംസ്കാര കേന്ദ്രങ്ങൾക്കും വ്യക്തികൾക്കും ട്രസ്റ്റുകൾക്കും വനംവകുപ്പിന്റെ വിൽപന കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കും. ഐവർമഠം പോലുള്ള സംസ്കാര കേന്ദ്രങ്ങളിൽ ലഭ്യമാക്കും. വീട്ടിൽ ശവസംസ്കാര ചടങ്ങുകൾ നടത്തുന്ന വ്യക്തികൾക്ക്, പഞ്ചായത്ത് മെംബറുടെ കത്തോ സത്യവാങ്മൂലമോ ഉണ്ടെങ്കിൽ നിയമതടസ്സങ്ങളില്ലാതെ ബ്രിക്കറ്റുകൾ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും ഗുണമേറിയ ചന്ദനത്തിന് കിലോക്ക് 20,000 രൂപയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.