നീതി പുലർത്താതെ വനംവകുപ്പ്; റെജിയുടെ കുടുംബത്തിന് കണ്ണീര് ബാക്കി
text_fieldsഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ വാളത്തോട്ടിലെ അബ്രാഹം (റെജി) വാക്കേതുരുത്തേൽ ചുള്ളിക്കൊമ്പന്റെ ഇരയായി കൊല്ലപ്പെട്ടിട്ട് ഏഴു വർഷം പൂർത്തിയാകുമ്പോഴും നീതി പുലർത്താതെ വനംവകുപ്പ്. കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന റെജിയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇന്നും കരകയറാൻ പാടുപെടുകയാണ് ഭാര്യ ഷാന്റിയും രണ്ട് മക്കളും.
ആറളം ഫാമിൽ പൈനാപ്പിൾ കൃഷി നടത്തിയ കോട്ടയം സ്വദേശികളുടെ ഫാമിൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന റെജി മരിക്കുമ്പോൾ മക്കളായ അജയിന് 17ഉം അജന് 13ഉം വയസ്സായിരുന്നു. റെജിയുടെ അപ്രതീക്ഷിത മരണത്തിൽ ഒറ്റപ്പെട്ടുപോയ ഭാര്യ ഷാന്റിക്ക്, അന്ന് പ്രക്ഷുബ്ധമായ ജനക്കൂട്ടത്തിന് മുന്നിൽ ഡി.എഫ്.ഒ നൽകിയ വാഗ്ദാനങ്ങൾ ഇന്നും പാലിക്കപ്പെട്ടിട്ടില്ല.
വളത്തോടിലുള്ള റെജിയുടെ വീട്ടിൽ സംസ്കാര ചടങ്ങിനെത്തിയ വനംവകുപ്പ് അധികൃതരെ ക്ഷുഭിതരായ നാട്ടുകാർ അന്ന് തടഞ്ഞുവെച്ചിരുന്നു. പിന്നീട് ഡി.എഫ്.ഒ നടത്തിയ പ്രഖ്യാപനത്തിൽ താൽക്കാലിക ജോലി നൽകുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ നിന്നടക്കം സഹായം ലഭിക്കാൻ നടപടി എടുക്കുമെന്നും മൂന്ന് ദിവസത്തിനുള്ളിൽ നഷ്ടപരിഹാര തുകയായ അഞ്ചുലക്ഷം രൂപ കൈമാറുമെന്നും ഉറപ്പു നൽകി.
പ്രഖ്യാപനം പോലെ അഞ്ചു ലക്ഷം നൽകിയെങ്കിലും പിന്നീടുള്ള അധികൃരുടെ സമീപനം ഒറ്റപ്പെട്ടുപോയ കുടുംബത്തെ തളർത്തുന്നതായിരുന്നു. 2017ൽ ഇരിട്ടി ഫോറസ്റ്റ് ഓഫിസിൽ സ്വീപ്പർ തസ്തികയിൽ 7000 രൂപ ശമ്പളത്തിൽ ആറു മാസം ജോലി ചെയ്തു. തുടർന്ന് ഷാന്റിയെ ഫാമിനുള്ളിലെ ഓടന്തോട് ഓഫിസിലേക്കും അവിടെ നിന്ന് രണ്ടാഴ്ചക്കുശേഷം വീണ്ടും വളയംചാൽ ഓഫിസിലേക്കും മാറ്റി.
ഫാമിലെ ഓഫിസിലേക്ക് മാറ്റിയതോടെ ശമ്പളം 3000 രൂപയായി വെട്ടിച്ചുരുക്കി. ഷാന്റിക്ക് യാത്രാച്ചെലവിന് കൂടി തികയില്ലെങ്കിലും ജോലി സ്ഥിരപ്പെടുമെന്ന പ്രതീക്ഷയിൽ കൈയിൽനിന്ന് പണം മുടക്കി 2019 മാർച്ച് വരെ ജോലി ചെയ്തു.
വാഹന സൗകര്യങ്ങൾ കുറഞ്ഞ പ്രദേശത്ത് എത്തിച്ചേരാൻ തന്നെ ദിവസവും 300 രൂപയോളം ചെലവിടേണ്ട അവസ്ഥയായിരുന്നു. കോവിഡ് കാലത്ത് എല്ലാം അടച്ചു പൂട്ടിയപ്പോൾ ജോലിക്ക് എത്താൻ കഴിയാതെ വന്നതോടെ വകുപ്പ് പിടിമുറുക്കി. താൻ ജോലിയിൽ തുടരാതിരിക്കാനാണ് മനഃപൂർവം വാഹന സൗകര്യം പോലുമില്ലാത്ത ഫാമിലേക്ക് സ്ഥലം മാറ്റിയതെന്ന് സംശയിക്കുന്നതായി ഷാന്റി പറയുന്നു.
ജോലി സ്ഥിരപ്പെടുത്താൻ കോടതിയെ സമീപിച്ചെങ്കിലും അന്നത്തെ അഡീഷനൽ ചീഫ് ഫോറസ്റ്റ് കൺസെർവേറ്റർ ഡോ. പി. പുകഴേന്തി നൽകിയ റിപ്പോർട്ടിൽ മരണപ്പെട്ട റെജി ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അല്ലാത്തതുകൊണ്ട് ഷാന്റിയെ സ്ഥിരപ്പെടുത്താൻ കഴിയില്ലയെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.
കുട്ടികളുടെ പഠനം പൂർത്തിയായായതോടെ ആകെയുള്ള സമ്പാദ്യവും തീർന്നിരിക്കുകയാണ്. ഡിഗ്രി പഠനം പൂർത്തിയായ മൂത്ത മകൻ അജയ്ക്ക് ഒരു ജോലി നൽകാൻ പോലും തയാറാകാതെ സാങ്കേതിക കാരണങ്ങൾ നിരത്തി മടക്കി അയക്കുമ്പോൾ കുടുംബത്തിന്റെ ആവശ്യങ്ങൾ ഉൾപ്പെടെയാണ് ഹനിക്കപ്പെടുന്നതെന്ന് അധികാരികൾ ശ്രദ്ധിക്കാതെപോകുന്നു.
ഷാന്റിക്ക് ഡിസ്ക് അകൽച്ചയും മറ്റ് അസുഖങ്ങളും പിടിപെട്ടതോടെ തൊഴിലുറപ്പിന് കൃത്യമായി പോകാൻ കഴിയാതെ കുടുംബം ബുദ്ധിമുട്ടുകയാണ്. മക്കൾക്കെങ്കിലും ഒരു ജോലി നൽകി വനംവകുപ്പ് വാക്കുപാലിക്കണമെന്നാണ് ഷാന്റിയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.