നാടുവിറപ്പിച്ച് കൂട്ടിലേക്ക്...ദൗത്യം നിർവഹിച്ചത് 72 അംഗ സംഘം
text_fieldsകൂട്ടിലേക്കുള്ള വഴി
രാവിലെ 5.00 -ദൗത്യസംഘം തയാറെടുപ്പുകളുമായി വനത്തിലേക്ക് പുറപ്പെട്ടു
5.30 -ആർ.ആർ.ടി സംഘം ആനയുടെ നിൽപ്പ് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ കൈമാറുന്നു
6.00 -ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയും സംഘവും ആനയുടെ അടുത്തേക്ക്. വിശദമായ പദ്ധതി തയാറാക്കുന്നു
7.15 -ഡോ. അരുൺ സഖറിയ ആനയുടെ തൊട്ടടുത്ത് എത്തി.
7.20 -50 മീറ്റർ ദൂരത്തുനിന്ന് ആനയെ മയക്കുവെടി വെച്ചു. രണ്ടുതവണ വെടിവെച്ചു. ഒരുവട്ടം ആന ഒഴിഞ്ഞുമാറി. തുടർന്ന് ഇടത് ചെവിക്ക് താഴെ മുൻ കാലിന് മുകളിൽ വെടിയേറ്റ ആന ഏതാനും മീറ്ററുകൾ ഓടിയശേഷം മയക്കത്തിലേക്ക്.
7.30 -ധോണിയിലെ ക്യാമ്പിലും ഒരുക്കങ്ങൾ വേഗതയിൽ. ആനയെ വനത്തിന് പുറത്തെത്തിക്കാൻ ലോറി കോർമ വനത്തിലേക്ക്
8.30 -പി.ടി -7നെ കൊണ്ടുവരാൻ കുങ്കിയാനകളും വനത്തിലേക്ക് പുറപ്പെടുന്നു. ആനക്ക് ടോപ് അപ് ഡോസുകൾ നൽകി മയക്കത്തിൽ തന്നെ നിലനിർത്തുന്നു
9.20 -പി.ടി -7 കുങ്കിയാനകളുടെ നിയന്ത്രണത്തിൽ
11.30 -കാഴ്ച മറച്ച് പി.ടി -7 ലോറിയിലേക്ക്
12.17 -ധോണിയിലെ വനംവകുപ്പിന്റെ സെക്ഷൻ ഓഫിസിലേക്ക്
1.00 -ദൗത്യത്തിന് ശുഭപര്യവസാനം, നാടുവിറപ്പിച്ച കാട്ടുകൊമ്പൻ കൂട്ടിൽ.
പാലക്കാട്: നാലുവർഷമായി ധോണിയിലും പരിസരത്തും ജനവാസ മേഖലകളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ പി.ടി -7 ഒടുവിൽ കൂട്ടിലേക്ക്. ഒരുനാട് മുഴുവൻ ഒരാനയെ പേടിച്ച് ജീവിതരീതി പോലും ക്രമീകരിച്ച മാസങ്ങളാണ് കടന്നുപോയത്. മേഖലയിൽ രാത്രി വൈകി യാത്രചെയ്യാനും വൈകി വീട്ടിലെത്തുന്ന തരത്തിലുള്ള ജോലി ചെയ്യാനും ആളില്ലാതെയായി. തോട്ടങ്ങളിൽ പണിക്കിറങ്ങാൻ ഭയമേറി. പുലർച്ച വീടുവിട്ടിറങ്ങിയാൽ ആനയുടെ മുന്നിൽപെടുമോ എന്ന ഭയത്തിൽ ടാപ്പിങ് പോലും മാറ്റിവെച്ചു. പി.ടി -7 തട്ടിയെറിഞ്ഞ ടാപ്പിങ് തൊഴിലാളി കോർമ സ്വദേശി ബേബിച്ചൻ ഇതുവരെ പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല. 2022 ജൂലൈ എട്ടിന് പ്രഭാത സവാരിക്കിടെ പി.ടി -7 ചവിട്ടിക്കൊന്ന മായാപുരം സ്വദേശി ശിവരാമന്റെ വീട്ടിൽ ദുഃഖവും വിഷാദവും ഇനിയും വിട്ടുമാറിയിട്ടില്ല. പി.ടി -7 മതിൽ തകർത്ത് എത്തിയ വീട്ടുകാരിൽ ചിലർക്ക് ഇപ്പോഴും നടുക്കത്തോടെയേ അത് വിവരിക്കാനാവൂ. ഒരുപരിധിവരെ ആശ്വാസമായെങ്കിലും പതിവായി നാട്ടിലിറങ്ങുന്ന ആനകളിൽ ഒന്നുമാത്രമാണിതെന്ന് നാട്ടുകാർ ഓർമിപ്പിക്കുന്നു. പി.ടി -7 പോയാലും കൃഷിയിടങ്ങളിലെ കാവൽമാടങ്ങളിൽ ഉറക്കമിളച്ച് ഇനിയും ഇരിക്കേണ്ടി വരുമെന്ന് അവർ പറയുന്നു.
വമ്പുകാട്ടിയ കൊമ്പൻ
അക്രമകാരിയും ഒറ്റക്ക് നടക്കുന്ന സ്വഭാവവുമായിരുന്നു പി.ടി -7ന്റെ പ്രത്യേകത. സൗരോർജവേലി തകർത്തും കൃഷി നശിപ്പിക്കും. പടക്കം പൊട്ടിച്ചാൽ മറ്റ് ആനകൾ പിൻവാങ്ങുമ്പോൾ ഇത് പടക്കം പൊട്ടിക്കുന്നവർക്കുനേരെ ഓടിയടുക്കും. ഒരുമാസമായി പി.ടി -7ന്റെ ശല്യം ധോണി മേഖലയിൽ രൂക്ഷമായിരുന്നു. വൈകുന്നേരമായാൽ പി.ടി -7 നാട്ടിലിറങ്ങും. നാട്ടുകാരും വനംവകുപ്പ് അധികൃതരും തിരിച്ചുകയറ്റും. പുലർച്ചയാവുന്നതോടെ നാട്ടിലിറങ്ങും. ശല്യം കൊണ്ട് പൊറുതിമുട്ടിയതോടെ നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. 2022 നവംബർ മുതൽ ഇടവേളകളില്ലാതെ വിലസുകയായിരുന്നു. ധോണി, മായാപുരം, മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ മേഖലകളിൽ പതിവായി എത്തിയിരുന്നു. പാടം കതിരണിഞ്ഞാൽ കാടിറങ്ങുന്നത് പതിവാണ്. ഇടക്ക് രണ്ടോ മൂന്നോ ആനകൾ ഒപ്പമുണ്ടാവാറുണ്ടെങ്കിലും മിക്കപ്പോഴും തനിച്ചായിരുന്നു വരവ്.
ദൗത്യം സങ്കീർണം, വിജയം
അടിമുടി സങ്കീർണതകൾ നിറഞ്ഞ ദൗത്യമാണ് വനംവകുപ്പ് ഏറ്റെടുത്തത്. കൃത്യമായ പദ്ധതികളും സുരക്ഷ മുൻകരുതലുകളും ഉറപ്പുവരുത്തിയായിരുന്നു ദൗത്യസംഘത്തിന്റെ നീക്കം. ആദ്യം രണ്ട് കുങ്കിയാനകളെയായിരുന്നു ദൗത്യത്തിനെത്തിച്ചിരുന്നത്. തുടർന്ന് ഒരാനയെക്കൂടി വേണമെന്ന് ഡോ. അരുൺ സഖറിയ ആവശ്യപ്പെടുകയായിരുന്നു. ദൗത്യത്തിലെ സങ്കീർണത അധികൃതരെ ബോധിപ്പിക്കാനായതോടെ ആ ആവശ്യവും അനുവദിക്കപ്പെട്ടു. ഞായറാഴ്ച പുലർച്ചയോടെ തന്നെ ദൗത്യത്തിന് തുടക്കമായി. കാട്ടിൽനിന്ന് ആർ.ആർ.ടി സംഘം ആനയുടെ നിൽപ് സംബന്ധിച്ച് വിവരങ്ങൾ കൈമാറി. തുടർന്ന് ആദ്യ ട്രാക്കിങ് സംഘം കാട്ടിലെത്തി. തുടർന്നാണ് വിവരം ഡോ. അരുൺ സഖറിയക്ക് കൈമാറുന്നത്.
മൂന്ന് വാഹനങ്ങിലായി കോർമ ഭാഗത്തേക്ക് ഡോ. അരുൺ സഖറിയയും സംഘവുമെത്തി. വെളിച്ചക്കുറവ് കണക്കിലെടുത്ത് അൽപസമയം കാത്തുനിന്ന സംഘം നേരം പുലർന്നതോടെ ദൗത്യം ആരംഭിക്കുകയായിരുന്നു. തുടർന്ന് ആന നിൽക്കുന്ന സ്ഥലമടക്കം തിട്ടപ്പെടുത്തി 7.20ന് മയക്കുവെടി വെച്ചു. കോർമ വനാതിർത്തിയിൽ ജനവാസ മേഖലക്കരികെ വെച്ചായിരുന്നു വെടിവെച്ചിട്ടത്. തുടർന്ന് മണ്ണുമാന്തിയന്ത്രം എത്തിച്ച് ലോറിയെത്തിക്കാനുള്ള പാത തയാറാക്കുകയും ആനയെ ലോറിയിൽ കടത്തുകയുമായിരുന്നു.
ദൗത്യം നിർവഹിച്ചത് 72 അംഗ സംഘം
അകത്തേത്തറ: ഒരു പ്രദേശത്തെയാകെ വിറപ്പിച്ച കാട്ടുകൊമ്പനെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പിടികൂടിയത്. 72 അംഗ ദൗത്യസംഘം രാവിലെ 7.20ന് മയക്കുവെടിവെച്ച ഒറ്റയാനെ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽനിന്ന് ധോണിയിലെ ക്യാമ്പിലെത്തിച്ചത്.
ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറും 50 മീറ്റർ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പൻ 140 യൂക്കാലിപ്സ് മരം കൊണ്ട് നിർമിച്ച കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് ധോണിക്കാർ. കാട്ടിൽ മദിച്ച് നടന്ന കാട്ടാനക്ക് ഇനി ചിട്ടയുടെ കാലമാണ്. പി.ടി ഏഴിനെ പിടികൂടാനുള്ള ദൗത്യ സംഘത്തിൽപെട്ടവരെ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ധോണി ക്യാമ്പിലായിരുന്നു ചടങ്ങ്.
പി.ടി-7 പൂര്‍ണ മദപ്പാടില്‍
പാലക്കാട്: മയക്കുവെടിവെച്ച് പിടികൂടിയ പി.ടി-7ന് പൂർണ മദപ്പാടെന്ന് ആനയെ പരിശോധിച്ച വിദഗ്ധ സംഘം. മെരുക്കിയെടുക്കാന്‍ ഇത് ഒരു വെല്ലുവിളിയാണ്. മയക്കുവെടിവെച്ച് പിടിച്ചപ്പോഴുണ്ടായ മാനസിക സമ്മര്‍ദവും ഹോര്‍മോണ്‍ വ്യതിയാനവും മദപ്പാട് കാലം അവസാനിക്കുന്നതിന് ഇടയാക്കാറുണ്ട്.
പി.ടി-7ന്റെ കാര്യത്തില്‍ ഒരു മാസംകൂടി മദപ്പാട് തുടരാൻ സാധ്യതയുണ്ടെന്ന് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. അങ്ങനെയെങ്കില്‍ മെരുക്കിയെടുക്കാൻ കാലതാമസവുമെടുത്തേക്കാം.
സാധാരണഗതിയില്‍ മൂന്നു മാസത്തിനകം ആദ്യഘട്ട ചട്ടം പഠിപ്പിക്കല്‍ പൂര്‍ത്തിയാകാറുണ്ട്. പി.ടി-7ന്റെ സ്വഭാവ പ്രകൃതംകൂടി അനുസരിച്ചിരിക്കും കാര്യങ്ങള്‍. വിദഗ്ധ പരിശോധനക്കു ശേഷം ഒറ്റയാന് മയക്കം മാറാൻ മരുന്ന് നൽകി. ആന പൂർണ ആരോഗ്യവാനാണെന്നും പരിക്കുകളൊന്നമില്ലെന്നും ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.
‘സുരേന്ദ്ര’നെ കാത്ത് കോന്നി
കോന്നി: പാലക്കാട് ധോണിയിലെ ജനവാസമേഖലയിൽ ഇറങ്ങി നാശം വിതച്ച പി.ടി സെവൻ എന്ന കാട്ടുകൊമ്പനെ തളക്കാൻ നിർണായക പങ്കുവഹിച്ച കുങ്കിയാന ‘കോന്നി സുരേന്ദ്രൻ ’ കോന്നിയുടെ പ്രിയപ്പെട്ടവൻ. പാലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ 72 അംഗ ദൗത്യസംഘത്തിന്റെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. വിക്രമൻ, ഭരതൻ, സുരേന്ദ്രൻ എന്നീ ആനകളാണ് ദൗത്യത്തിൽ പങ്കാളികളായ കുങ്കിയാനകൾ.
1999ൽ രാജാമ്പാറ ഭാഗത്തുനിന്നാണ് രണ്ട് വയസ്സുള്ള കോന്നി സുരേന്ദ്രൻ എന്ന ആനക്കുട്ടിയെ വനം വകുപ്പിന് ലഭിച്ചത്. കോന്നി ആനത്താവളത്തിൽ പരിപാലിക്കുന്നതിനിടെ 2018ൽ സർക്കാർ നിർദേശപ്രകാരം കുങ്കിയാന പരിശീലനത്തിനായി കോന്നിയിൽനിന്ന് തമിഴ്നാട്ടിലെ മുതുമല ആന ക്യാമ്പിലേക്ക് മാറ്റി. എന്നാൽ, കോന്നിക്കാർക്ക് പ്രിയങ്കരനായ സുരേന്ദ്രനെ ആന പ്രേമികളുടേതടക്കം വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് കോന്നിയിൽനിന്ന് കൊണ്ടുപോയത്. അക്കാലത്ത് കോന്നി എം.എൽ.എയായ അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ ആനയെ കൊണ്ടുപോകുന്നത് തടഞ്ഞു.
അടൂർ പ്രകാശ് അടക്കമുള്ളവർക്കെതിരെ കേസ് എടുത്തെങ്കിലും അടുത്തകാലത്താണ് ഇവരെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവ് വന്നത്. ആനയെ തിരികെ കൊണ്ടുവരണമെന്ന് കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാറും നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. കോന്നി സുരേന്ദ്രനെ തിരികെ എത്തിക്കണമെന്ന് ആന പ്രേമികൾ നിരന്തരം സംസ്ഥാന സർക്കാറിന് കത്തുകൾ അയക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽപോലും കോന്നി സുരേന്ദ്രൻ ജില്ലയിൽ ചർച്ചയാകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.