വനം വികസന കോർപറേഷെൻറ തടിവിൽപനയിൽ ക്രമക്കേട്: വില താഴ്ത്തി വിറ്റത് 500 ഹെക്ടറിലെ യൂക്കാലി
text_fieldsകോട്ടയം: കേരള വനം വികസന കോർപറേഷനിലെ തടി വിൽപനയിൽ വൻ ക്രമക്കേട്. തിരുവനന്തപുരം, പുനലൂർ, മൂന്നാർ ഡിവിഷനുകൾക്കുകീഴിലെ 23 തോട്ടങ്ങളിലായി 500 ഹെക്ടർ സ്ഥലത്തെ ലക്ഷത്തോളം ടൺ യൂക്കാലി മരങ്ങൾ വിറ്റതിലാണ് ക്രമക്കേട്.
ടണ്ണിന് 7300 രൂപക്കാണ് കോർപറേഷൻ യൂക്കാലി തടി വിറ്റിരുന്നത്. സർക്കാറിന് കീഴിലുള്ള വിലനിർണയ സമിതിയാണ് ഇൗ തുക നിശ്ചയിച്ചത്. ഈ തുകക്ക് ലേലം പിടിച്ചവർ വിവിധ തോട്ടങ്ങളിൽ നിന്ന് തടി വെട്ടുന്നുമുണ്ട്. കഴിഞ്ഞമാസം നാലിന് നടന്ന ലേലത്തിൽ ഇത്രയും തുക ആരും വാഗ്ദാനം ചെയ്തില്ല.
ഇങ്ങനെ സംഭവിച്ചാൽ വീണ്ടും ലേലം നടത്തണം. മൂന്നാവർത്തി ലേലം നടത്തിയിട്ടും ഉദ്ദേശിച്ച തുക കിട്ടുന്നില്ലെങ്കിൽ വിവരം സർക്കാറിനെ അറിയിക്കണം. തുടർന്ന് വില പരിഷ്കരിച്ച് വീണ്ടും ലേലം നടത്തണമെന്നാണ് ചട്ടം. എന്നാൽ, ഇൗ നടപടിക്രമങ്ങൾ എല്ലാം ലംഘിച്ച് ആദ്യ ലേലം തന്നെ ഉറപ്പിച്ച് നൽകുകയായിരുന്നു.
ടണ്ണിന് 5400, 5200 എന്നിങ്ങനെ വിലയിട്ടാണ് വിവിധ തോട്ടങ്ങളിലെ തടി വിറ്റിരിക്കുന്നത്. ടണ്ണിന് ശരാശരി 2000 രൂപയുടെ നഷ്ടമാണ് ഇതുവഴി സംഭവിച്ചിരിക്കുന്നത്. വിലനിർണയ സമിതിയുടെ തീരുമാനം വനം വികസന കോർപറേഷനും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി 2019 സെപ്റ്റംബർ നാലിന് അഡീഷനൽ ചീഫ് സെക്രട്ടറി അയച്ച കത്തും കോർപറേഷൻ അവഗണിച്ചു. അതിനിടെ, കോർപറേഷൻ ചെയർമാൻ സാബു ജോർജ് വ്യാഴാഴ്ച പദവി രാജിവെച്ചു. തടി വിറ്റതിനെക്കുറിച്ച് അറിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം ഡയറക്ടർ ബോർഡ് യോഗം ചേർന്നിട്ടില്ല. ചെയർമാനോ ഡയറക്ടർ ബോർഡോ അറിയാതെ എടുക്കുന്ന തീരുമാനങ്ങൾ അസാധുവാണ്. മുൻകാലങ്ങളിൽ വിവിധ ഡിവിഷനുകളിൽ തന്നെയാണ് തടികളുടെ ലേലം നടന്നിരുന്നത്.
ഇത്തവണ എല്ലാ ലേലങ്ങളും കോട്ടയത്തെ ഹെഡ് ഓഫിസിലേക്ക് മാറ്റുകയായിരുന്നു. മാനേജിങ് ഡയറക്ടറും മറ്റ് രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളാണ് കോർപറേഷനിൽ നടപ്പാക്കുന്നതെന്ന് ജീവനക്കാരുടെ സംഘടനകളും ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.