കൽപ്പാത്തി പുഴയിൽ കാട്ടാനകളുടെ നീരാട്ട്; ചങ്കിടിപ്പോടെ ജനം
text_fieldsപറളി (പാലക്കാട്): റെയിൽവേ സ്റ്റേഷന് സമീപം കൽപ്പാത്തി പുഴയിൽ നീരാട്ടിനെത്തിയ രണ്ട് കാട്ടാനകൾ പകൽ മുഴുവൻ നാടിനെ വിറപ്പിച്ചു. ബുധനാഴ്ച രാത്രി പുതുപ്പരിയാരം പഞ്ചായത്തിലെ വാളേക്കാട്ട് തൊഴിലാളിയായ പ്രഭാകരനെ കുത്തിക്കൊന്ന കാട്ടാനകളാണ് വെള്ളിയാഴ്ച വെളുപ്പിന് റോഡ് മാർഗം പറളിയിലെത്തി പുഴയിലിറങ്ങിയത്. വനം-പൊലീസ് വകുപ്പുകളുടെ കർശന നിരീക്ഷണം തുടരുന്ന ആനകളെ രാത്രി വൈകി കാട്ടിലേക്ക് തുരത്താനാണ് തീരുമാനം.
വെളുപ്പിന് നാലോടെയാണ് കാട്ടാനകൾ റെയിൽവേ സ്റ്റേഷന് സമീപത്തെ കടവത്ത് പുഴപ്പാലത്തിന് താഴെ എത്തിയത്. വ്യാഴാഴ്ച പകൽ മുഴുവൻ ഇവ വള്ളിക്കോട് പ്രദേശത്തായിരുന്നു. പുഴയിലിറങ്ങിയ വിവരം അറിഞ്ഞയുടൻ വനം-പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പറളി പ്രദേശത്തെ സ്കൂളുകൾക്ക് മുഴുവൻ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച അറിയിപ്പ് ഉണ്ടായി.
ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി ഉൾപ്പെടെ വനപാലകരും മങ്കര എസ്.ഐ പ്രകാശെൻറ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയെങ്കിലും കാട്ടാനകളുടെ നീരാട്ട് കാണാൻ പാലത്തിൽ തടിച്ചുകൂടിയ ജനം പരിഭ്രാന്തി വർധിപ്പിച്ചു. ആനകൾ പുഴയിലുണ്ടെന്ന വിവരമറിഞ്ഞതോടെയാണ് ഇതുവഴിയുള്ള യാത്രക്കാരും നാട്ടുകാരും പാലത്തിൽ തിങ്ങിക്കൂടിയത്. ഇത് മേലാമുറി-കുളപ്പുള്ളി സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്കിനിടയാക്കി. ഇവരെ മാറ്റാനും വാഹനങ്ങൾ കടത്തിവിടാനും പൊലീസ് നന്നേ പണിപ്പെട്ടു.
ജനവാസ മേഖലയിലേക്ക് ഇവ കയറിയാൽ വലിയ നാശനഷ്ടങ്ങൾക്കാണ് സാധ്യത. വ്യാഴാഴ്ച രാത്രി വരെ വള്ളിക്കോടൻമലയിൽ നിരീക്ഷണത്തിനുണ്ടായിരുന്ന വനപാലകരുടെ കണ്ണുവെട്ടിച്ചാണ് കാട്ടാനകൾ പറളിയിൽ എത്തിയത്. തിരിച്ച് ധോണി വനമേഖലയിലേക്ക് കയറ്റിവിടാനുള്ള ശ്രമം രാത്രിയിൽ മാത്രമേ ആരംഭിക്കാനാവൂ എന്ന് അധികൃതർ പറഞ്ഞു. ജനവാസ മേഖലയിലേക്ക് കയറാതിരിക്കാൻ വനപാലകർ ജാഗ്രതയോടെ നിലയുറപ്പിച്ചിച്ചിട്ടുണ്ട്. നീരാട്ടിനിടെ ഉച്ചക്ക് ശേഷം പുഴയിൽ നിന്ന് കയറിയ കാട്ടാനകൾ സമീപത്തെ കൃഷിയിടത്തിൽ നാശനഷ്ടമുണ്ടാക്കി. വ്യാഴാഴ്ച കമ്പയിൽ പ്രവർത്തിക്കുന്ന റേഷൻ കട തകർത്ത് അരിയും ഗോതമ്പുപൊടിയും വ്യാപകമായി ഇവ നശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.