വെണ്ണീറാകുന്നത് അനേകം ജീവജാലങ്ങൾ
text_fieldsതൊടുപുഴ: അപൂർവ ഇനം സസ്യജന്തുജാലങ്ങൾ ഉൾപ്പെടെ ജൈവസമ്പത്തുള്ള വനമേഖലകൾ കാട്ടുതീയിൽ എരിഞ്ഞടങ്ങുന്നു. രണ്ടുമാസത്തിനിടെ ഇടുക്കിയിൽ മാത്രം കത്തിനശിച്ചത് 330 ഹെക്ടറിലേറെ വനപ്രദേശമാണ്. ഇടുക്കിയോട് ചേർന്ന തമിഴ്നാട് വനമേഖലയിലാണ് ഞായറാഴ്ച കാട്ടുതീ പടർന്ന് വിദ്യാർഥികൾക്കടക്കം ജീവഹാനിയുണ്ടായത്. വനം വകുപ്പിെൻറ അധീനതയിലുള്ള പ്രദേശങ്ങളിലാണ് ഏറെയും തീപടർന്നത്. വരയാടുകളുടെ കേന്ദ്രമായ രാജമലയിൽ മാർച്ച് ആദ്യവാരം ഉണ്ടായ കാട്ടുതീയിൽ 10 ഏക്കർ വനം നശിച്ചു.
മാങ്കുളത്ത് 100 ഹെക്റിലേറെ സ്ഥലവും ഇടുക്കി അണക്കെട്ടിന് സമീപം 20 ഹെക്ടർ വനഭൂമിയും കത്തിനശിച്ചു. പെരിയാർ ടൈഗർ റിസർവിലെ മുറിഞ്ഞപുഴ വനത്തിൽ 300 ഹെക്ടറോളം ഭൂമിയാണ് കത്തിനശിച്ചത്. ജില്ല ആസ്ഥാനത്ത് മീൻമുട്ടി വനമേഖല ഉൾപ്പെടെ 120 ഹെക്ടറോളം സ്ഥലം ചാമ്പലായി. ഒാരോ വർഷവും കാട്ടുതീയിൽ നഷ്ടപ്പെടുന്ന വനസമ്പത്തിെൻറ വ്യാപ്തി വർധിച്ചുവരുകയാണ്. കഴിഞ്ഞ വർഷം 700 ഹെക്ടർ വനം കത്തിയമർന്നതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് വനം വകുപ്പ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നാണ് കാട്ടുതീ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വനവുമായി ബന്ധപ്പെട്ട് വിവിധ കേസുകളിൽ പിടിയിലാകുന്നവരും വനം കൊള്ളക്കാരും ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതായാണ് വനം വകുപ്പ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.