പൊളിച്ചവക്ക് പകരം ആദിവാസികൾക്ക് കുടിലുകൾ പണിത് വനപാലകർ
text_fieldsമാനന്തവാടി: ബേഗൂരിൽ പൊളിച്ച ആദിവാസികളുടെ കുടിലുകൾക്ക് പകരം വനപാലകർതന്നെ പുതിയ കുടിലുകൾ നിർമിച്ചുനൽകി. തോൽപ്പെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ഷിബുകുട്ടന്റെ നേതൃത്വത്തിലായിരുന്നു നിർമാണം. ബേഗൂരിലെ തോൽപ്പെട്ടി വന്യജീവി സങ്കേതം ഓഫിസിന് സമീപത്താണ് പുതിയ രണ്ട് കുടിലുകൾ.
വനാവകാശ നിയമപ്രകാരം മുമ്പ് ആദിവാസി വിഭാഗക്കാർക്ക് പതിച്ചുനൽകിയതും എന്നാൽ നിലവിൽ അവകാശികൾ ഇല്ലാത്തതുമായ വാസയോഗ്യമായ സ്ഥലമാണിത്.പൊളിച്ചുമാറ്റാനെത്തുമ്പോൾ വനം വകുപ്പ് വാഗ്ദാനം നൽകിയ സ്ഥലമാണിത്. മീനാക്ഷിക്കും അനിലിനുമാണ് ഇവിടെ കുടിലുകളൊരുങ്ങുന്നത്. വയനാട് വന്യജീവി സങ്കേതത്തിൽ വനാവകാശം കൊടുത്ത ഭൂമിയിൽ പഞ്ചായത്ത് ലക്ഷ്മിക്ക് വീട് അനുവദിച്ചിരുന്നു. എന്നാൽ, പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങി. ലക്ഷ്മിക്കായി പാതിവഴിയിൽ നിർമാണം നിലച്ച ഈ വീടിന് വാതിൽ വെച്ച് നൽകുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ
മാനന്തവാടി: വയനാട് കാട്ടിക്കുളം ബേഗൂർ കൊല്ലിമൂലയിൽ കൈയേറ്റമെന്ന പേരിൽ ആദിവാസികളുടെ കുടിലുകള്‍ പൊളിച്ചുനീക്കിയ സംഭവത്തില്‍ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി. കൃഷ്ണന് സസ്പെൻഷൻ. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ദീപയാണ് അന്വേഷണവിധേയമായി നടപടി സ്വീകരിച്ച് ഉത്തരവിട്ടത്.
സസ്പെന്ഷന് ഉള്‍പ്പെടെ ആവശ്യമായ കര്‍ശന നടപടി സ്വീകരിക്കാന്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വനഭൂമിയിൽ ഒന്നര പതിറ്റാണ്ടായി താമസിക്കുന്ന പണിയവിഭാഗത്തിലെ മൂന്ന് കുടുംബങ്ങളുടെ കുടിലുകൾ പൊളിച്ചുനീക്കിയത്. വിധവയും പ്രായമായവരും കുട്ടികളുമടങ്ങുന്ന ആദിവാസി കുടുംബങ്ങൾ ഒന്നരപതിറ്റാണ്ടിലധികമായി താമസിക്കുന്ന കുടിലുകളാണിത്. വിധവയായ മീനാക്ഷി, അനിൽ, ലക്ഷ്മി എന്നിവരുടെ കുടുംബങ്ങളാണ് വഴിയാധാരമായത്. ഇതിനെതിരെ കോൺഗ്രസും ബി.ജെ.പിയും വൻ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
മനുഷ്യാവകാശ കമീഷൻ കേസെടുത്തു
മാനന്തവാടി: ആദിവാസികളുടെ കുടിലുകൾ വനം വകുപ്പ് പൊളിച്ചുമാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മാനന്തവാടി ഡി.എഫ്.ഒയും വയനാട് ജില്ല കലക്ടറും ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചത്. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
വനം ജീവനക്കാർ പ്രതിഷേധിച്ചു
മാനന്തവാടി: തോൽപ്പെട്ടി റെയിഞ്ച് പരിധിയിലെ കൈയേറ്റം ഒഴിപ്പിച്ചത് സംബന്ധിച്ച് ജീവനക്കാർക്കെതിരായ പ്രചാരണത്തിൽ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധിച്ചു. വയനാട് വന്യജീവി സങ്കേതത്തിൽ വനാവകാശം കൊടുത്ത ഭൂമിയിൽ പഞ്ചായത്ത് അനുവദിച്ച വീട് പണി തുടരുന്നതിനിടയിൽ ഒരു കുടുംബം കഴിഞ്ഞ മൂന്ന് മാസക്കാലം താൽക്കാലികമായി തൊട്ടടുത്ത വനത്തിൽ ഷെഡ് കെട്ടി മാറി താമസിക്കുകയായിരുന്നു. തോൽപ്പെട്ടിയിൽനിന്ന് മറ്റൊരു കുടുംബവും ഇത്തരത്തിൽ ചെയ്തു. ഇവ പൊളിച്ചുമാറ്റുന്നതിന് നിരന്തരം വാക്കാൽ നിർദേശം നൽകിയതാണ്.
ഇവർക്കായി താൽക്കാലികമായി താമസസൗകര്യം ഒരുക്കാമെന്ന് വനം വകുപ്പ് അറിയിച്ചതുമാണ്. താമസക്കാരുടെ സഹകരണത്തോടെയാണ് താൽക്കാലിക ഷെഡുകൾ പൊളിച്ചത്. വസ്തുതകൾ ഇതായിരിക്കെ ജില്ലയിലെ വനം ജീവനക്കാരെ സമൂഹമധ്യത്തിൽ തേജോവധം ചെയ്യുകയാണെന്നും സംഘടന ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.