വനഭൂമി കൈയേറ്റം: തിരിച്ചുപിടിക്കൽ നോട്ടീസിൽ ഒതുങ്ങുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 1971ന് ശേഷമുള്ള വനഭൂമി കൈയേറ്റം ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് വനംവകുപ്പിെൻറ നോട്ടീസിലൊതുങ്ങുന്നു. വനംഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് 2015 സെപ്റ്റംബർ നാലിനാണ് ഹൈകോടതി ഉത്തരവിട്ടത്. ആറുമാസത്തിനുള്ളിൽ നടപടി തുടങ്ങി അടുത്ത ആറുമാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്നായിരുന്നു കോടതി വിധി. 1957ലെ ഭൂസംരക്ഷണ നിയമം, 1961ലെ വനനിയമം എന്നിവ പ്രകാരം കൈയേറ്റക്കാർക്ക് നോട്ടീസ് നൽകി. കൈയേറ്റക്കാരുടെ പട്ടിക വിവിധ ഡിവിഷനുകളിലെ ഡി.എഫ്.ഒ തയാറാക്കി ബന്ധപ്പെട്ട കലക്ടർമാർക്ക് കൈമാറി. ഏതാനും സ്ഥലങ്ങളിൽ വനംവകുപ്പ് നോട്ടീസും നൽകി. ഇപ്പോൾ സർക്കാർ നടപടിക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.
കൈയേറ്റം തടയുന്നതിന് സമഗ്രനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് പറയുമ്പോഴും പുതിയ കൈയേറ്റങ്ങൾ നടക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2012ൽ സർക്കാർ കോടതിയിൽ സമർപ്പിച്ചകണക്കനുസരിച്ച് 1977 ജനുവരി ഒന്നിന് ശേഷമുള്ള കൈയേറ്റം 18,222 ഏക്കറാണ്. എന്നാൽ, സർക്കാർ ഈ വർഷം പുറത്തുവിട്ട വിവരം അനുസരിച്ച് 19,276 ഏക്കർ വനഭൂമി കൈയേറി. ഇതിൽനിന്ന് 1280 ഏക്കർ വീണ്ടും കൈയേറിയെന്ന് വ്യക്തം. ഇതിൽ ആകെ തിരിച്ചുപിടിച്ചതാകട്ടെ 2,165 ഏക്കർ മാത്രം.
വനം ഡിവിഷൻ പരിശോധിച്ചാൽ മണ്ണാർക്കാടാണ് ഏറ്റവുമധികം വനഭൂമി കൈയേറിയത്. 6,672 ഏക്കറാണ് ഇവിടത്തെ കൈയേറ്റം. തെക്കൻ വയനാട് ഡിവിഷനിൽ 3,383 ഏക്കറും മൂന്നാറിൽ 2,717 ഏക്കറും കൈയേറി. മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെട്ട കിഴക്കൻ സർക്കിളിൽ 9,438 ഏക്കർ കൈയേറി. പീച്ചിയിലെ വന്യജീവി സങ്കേതത്തിലെ 476 ഏക്കറും കൈയേറിയിട്ടുണ്ട്. തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ വനംഭൂമിയിൽ കൈയേറ്റമില്ല. വനം സംരക്ഷണത്തിനും വനപരിപാലനത്തിനുമായി വനാതിർത്തി സർവേ, ജണ്ട നിർമാണം, ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കൽ, റിസർവല്ലാത്ത വനഭൂമികളും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമികളും സംരക്ഷിത വനമേഖലയായി പ്രഖ്യാപിക്കൽ, പുതുതായുള്ള കൈയേറ്റം ഉടൻ ഒഴിപ്പിക്കൽ എന്നിങ്ങനെ നടപടി സ്വീകരിക്കുന്നുവെന്നാണ് വനംവകുപ്പിെൻറ വിശദീകരണം.
വനം കൈയേറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 407 കേസ് എടുത്തിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് തുറന്ന വനമേഖലയുടെ വിസ്തീർണം കൂടിയെങ്കിലും നിബിഡവനമേഖല കുറയുകയാണ്. ആകെയുള്ള 19,239 ചതുശ്ര കിലോമീറ്റർ വനഭൂമിയിൽ 1523 ച.കി.മീറ്ററാണ് നിബിഡവനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.