ഭൂമാഫിയകൾക്കായി വനാവകാശ നിയമം അട്ടിമറിച്ച് സർക്കാർ ഉത്തരവ്; ആദിവാസികൾ പെരുവഴിയിലാകും
text_fieldsതിരുവനന്തപുരം: ഭൂമാഫിയകൾക്കും കൈയേറ്റക്കാർക്കുമായി വനാവകാശ നിയമം അട്ടിമറിക്കാൻ റവന്യൂ വകുപ്പിെൻറ ഉത്തരവ്. ആദിവാസികളുടെ ക്ഷേമത്തിന് എന്ന പേരിലാണ് ജൂൺ രണ്ടിന് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ 2019 ഏപ്രിൽ 29ന് നടന്ന യോഗത്തിലാണ് ഉടുമ്പന്നൂർ വില്ലേജിലെ സെറ്റിൽമെൻറുകളിൽ ആദിവാസികൾ കൈവശംവെച്ചിരുന്ന ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിനാണോ വനം വകുപ്പിനാണോ എന്ന ചർച്ച തുടങ്ങിയത്. തുടർന്ന് ഇടുക്കി കലക്ടർ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവ്.
2006ലെ കേന്ദ്ര വനാവകാശ നിയമമനുസരിച്ച് ആദിവാസികൾക്ക് നൽകിയ കൈവശവകാശ രേഖകൾ റദ്ദാക്കാനും റവന്യൂ പട്ടയമാക്കി കൈയേറ്റക്കാർ ഉൾപ്പെടെയുള്ളവർക്ക് കൈമാറാനുമുള്ള സർക്കാർ നീക്കം നിയമവിരുദ്ധമാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. ഹിൽസ്മെൻ, സെറ്റിൽമെൻറ് ഉൾപ്പെട്ടുവരുന്ന മുഴുവൻ ഭൂമിയും പതിച്ചുനൽകാനാണ് ഉത്തരവ്. ‘പുരയിടം’, ‘തരിശ്’, ‘നിലം’ എന്ന് രേഖപ്പെടുത്തിയ വനംവകുപ്പിെൻറ ജണ്ടക്ക് പുറത്ത് സ്ഥിതചെയ്യുന്ന ഭൂമിയാണ് സർക്കാർ ഭൂമിയെന്ന നിലയിൽ പതിച്ചുനൽകുന്നത്.
ഇതോടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വനഭൂമിയിലെ ആദിവാസി ഊരുകളിൽ നൽകിയ വനാവകാശ രേഖകൾ ആദ്യഘട്ടത്തിൽ റദ്ദാക്കും. ഇത് പ്രബല്യത്തിൽ വന്നാൽ കേരളത്തിലെ ആദിവാസികളിൽ പതിനായിരക്കണക്കിന് വ്യക്തിഗത വനാവകാശം റദ്ദാക്കപ്പെടും. ഭൂമിയുടെ ഉടമസ്ഥത സർക്കാറിനാവും. ഭൂമി ക്വാറി മാഫിയകൾക്കും ഭൂമി മാഫിയകൾക്കും പതിച്ചുനൽകാൻ വഴിയൊരുക്കുമെന്നാണ് ആരോപണം.
2006ൽ വനാവകാശ നിയമം പാർലമെൻറിൽ പാസാക്കിയതോടെ പരമ്പരാഗതമായി വനത്തിൽ കൃഷിചെയ്തും വനത്തെ ആശ്രയിച്ചും ജീവിക്കുന്ന ആദിവാസികൾക്ക് വനഭൂമിയിലെ അവകാശം അംഗീകരിച്ചിരുന്നു. 2008ലെ ചട്ടമനുസരിച്ച് ആദിവാസികൾക്കും പരമ്പരാഗത വനവാസികൾക്കും ഭൂമി നഷ്ടപ്പെടാൻ പാടില്ലെന്നും അവകാശികൾക്ക് മാത്രമേ ഭൂമി കൈമാറൻ കഴിയൂവെന്നും വ്യവസ്ഥ ചെയ്തു.
സർക്കാറിനോ മറ്റ് ഏജൻസികൾക്കോ ഏറ്റെടുക്കാൻ കഴിയുന്നതല്ല ഈ ഭൂമി. അത് സർക്കാർ ഭൂമിയുമല്ല. വനാവകാശ നിയമത്തിലെ ശക്തമായ വ്യവസ്ഥകൾ അട്ടിമറിച്ചാണ് ഇടത് സർക്കാർ ആദിവാസികളുടെ ഊരുഭൂമികൾ (ഹിൽസ്മെൻ സെറ്റിൽമെൻറ് ഭൂമി) 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് സർക്കാർ ഭൂമിയാണെന്ന നിയമവിരുദ്ധ വ്യാഖ്യാനം നടത്തുന്നത്.
1961ലെ കേരള വനനിയമത്തിെൻറ ഭാമായി നിലവിൽവന്ന 1964ലെ ഹിൽമെൻസ് ചട്ടം ഹൈക്കോടതി നിയമവിരുദ്ധമാണെന്ന് വിധിച്ചതിനാൽ 1964ലെ ഭൂപതിവ് ചട്ടങ്ങൾക്കനുസരിച്ച് ഹിൽമെൻസ് (ആദിവാസി) സെറ്റിൽമെൻറ് ഉൾപ്പെടെ മുഴുവൻ ഭൂമിയും സർവേ ചെയ്ത് പതിച്ചുനൽകാമെന്നാണ് ഉത്തരവ്. ഇത് സർക്കാർ ഭൂമിയാണെന്ന വ്യാഖ്യാനം ഭൂമാഫിയക്ക് വേണ്ടിയാണ്. അത് വനാവകാശം നിയമത്തിെൻറ അട്ടമറിയുമാണ്.
ആദിവാസി ഭൂമി തട്ടിയെടുത്ത് കൈയേറ്റക്കാർക്ക് സ്ഥിരാവകാശം നൽകാൻ 1999ൽ നിയമനിർമാണം നടത്തിയതുപോലായണ് ഈ ഉത്തരവ്. ആദിവാസികളുടെ പാരമ്പര്യ ഭൂമി സംരക്ഷണത്തിന് പാർലമെൻറ് പാസാക്കിയ നിയമം ഇടതു സർക്കാർ ഉത്തരവിലൂടെ അട്ടിമറിക്കുകയാണ്.
സംരക്ഷിത വനത്തിലോ സംരക്ഷിത വനമായി മാറ്റാൻ തീരുമാനിച്ചിരിക്കുന്നതോ ആയ വനഭൂമിയിലെ ആദിവാസികളുടെ വാസസ്ഥലങ്ങളെയാണ് വനം സെറ്റിൽമെൻറുകൾ എന്ന് കണക്കാക്കിയിരുന്നത്. വനംവകുപ്പ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളാണെങ്കിലും അവ ജണ്ടകൾക്ക് പുറത്തായിരുന്നു.
1961ലെ കേരള വനനിയമത്തിെൻറ വകുപ്പ് ഉപയോഗപ്പെടുത്തി വനത്തിൽ അധിവസിക്കുന്നരെന്ന നിലയിൽ ആദിവാസികളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കാനുള്ള അധികാരം 1964ലെ ഹിൽമെൻസ് ചട്ടങ്ങൾ വനംവകുപ്പിന് നൽകിയിരുന്നു. ബ്രിട്ടീഷ് ഭരണത്തിെൻറ തുടർച്ചയെന്ന നിലയിൽ വന്യജീവികളെ പോലെ ആദിവാസികളെ നിയന്ത്രിക്കാൻ വനംവകുപ്പിന് അധികാരം നൽകുന്നതായിരുന്നു ഈ ചട്ടം. അതിനാലാണ് 1964ലെ ചട്ടം ഹൈക്കോടതി 1966ൽ ഇട്ട്യാതി കേസിൽ റദ്ദാക്കിയത്. അതിൽ ആദിവാസികളുടെ വനാവകാശമല്ല റദ്ദാക്കിയത്, മറിച്ച് ആദിവാസികളുടെ മേൽ സർക്കാറിന് ഉണ്ടായിരുന്ന നിയന്ത്രണമാണ്.
വനം വകുപ്പിെൻറ നിയന്ത്രണം ദുർബലപ്പെടുത്തിയപ്പോഴും ആദിവാസി ഭൂമി കൈമാറ്റം നിരോധിക്കുന്ന തരത്തിൽ ആദിവാസികൾക്കുള്ള അവകാശം കേരള ഹൈകോടതി അംഗീകരിച്ചിരുന്നു. അതേസമയം, 1980ൽ വനസംരക്ഷണനിയമം പ്രാബല്യത്തിൽ വന്നതോടെ ആദിവാസികളെ വനഭൂമിയിൽനിന്ന് വനംവകുപ്പ് കുടിയിറക്കുന്ന സാഹചര്യമുണ്ടായി. 2006ലെ വനാവകാശനിയമത്തിലൂടെയാണ് ആദിവാസികൾക്കും പരമ്പരാഗത വനവാസികൾക്കും കുടിയറക്കിനെ മറികടക്കാനായത്.
നിയമനിർമാണത്തിലൂടെയാണ് ആദിവാസികൾക്ക് നിയമപരിരക്ഷ ലഭിച്ചത്. ഭൂമി അന്യാധീനപ്പെടുത്താൻ പാടില്ലാത്ത സമ്പൂർണ്ണ അവകാശമാണ് ആദിവാസികൾക്ക് നിയമത്തിലൂടെ ലഭിച്ചത്. 1964ലെ ഭൂപതിവ് ചട്ടത്തിൽ രണ്ട് (ഇ) വകുപ്പ് ആദിവാസി സെറ്റിൽമെൻറുകളെ ‘സർക്കാർ ഭൂമി’യായി കണക്കാക്കുന്നില്ല. അതിനാൽ 2006ലെ വനാവകാശ നിയമമനുസരിച്ച് ലഭിച്ചിരുന്ന ആദിവാസികളുടെ അവകാശം റദ്ദാക്കാനും, അത് പിടിച്ചെടുത്ത് തന്നിഷ്ടംപോലെ പതിച്ചുനൽകാനും സർക്കാറിന് അധികാരമില്ല.
ജൂൺ രണ്ടിലെ ഉത്തരവ് കേന്ദ്ര വനാവകാശ നിയമത്തെ ദുർബലപ്പെടുത്തുകയാണ്. പട്ടികവർഗ വകുപ്പിെൻറ തലപ്പത്തിരിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ ആദിവാസി ക്ഷേമപദ്ധതികൾ ഏറ്റെടുത്ത് ആദിവാസികളെ ചൂഷണം ചെയ്യുന്നവരാണ്. അവർ വനാവകാശ നിയമം അട്ടിമറിക്കുമ്പോൾ പട്ടികവർഗ വകുപ്പ് നിശ്ശബ്ദത പാലക്കുന്നത് കുറ്റകരമാണ്. ആദിവാസികളെ അവരുടെ പിറന്ന മണ്ണിൽനിന്ന് തുടച്ചുനീക്കാനുള്ള ഉത്തരവായി തീരുമിതെന്ന കാര്യത്തിൽ സംശയമില്ലെന്നും അഭിപ്രായം ഉയർന്നുകഴിഞ്ഞു.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.