കാടും കുത്തകകൾക്ക്
text_fieldsപാലക്കാട്: രാജ്യത്തെ വനസമ്പത്തും കുത്തകകൾക്ക് തീറെഴുതാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. 1988ലെ വന നിയമത്തിൽ ഭേദഗതി വരുത്തി സ്വകാര്യ കുത്തകകൾക്ക് കടന്നുവരാനുള്ള അവസരമൊരുക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ സംസ്ഥാന സർക്കാറുകളുടെയും പൗരന്മാരുടെയും അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള തീയതി ഏപ്രിൽ 14ന് അവസാനിച്ചു.
രാജ്യത്തെ വനമടക്കമുള്ള പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിന് ഭരണഘടന അനുശാസിക്കുന്ന സർക്കാറിനുള്ള ഉത്തരവാദിത്തത്തെ ബലി കഴിപ്പിക്കുന്നതാണ് പുതിയ നയമെന്ന് ആരോപണമുണ്ട്. മാർച്ച് 14നാണ് കേന്ദ്രം കരട് ഭേദഗതി പുറത്തിറക്കിയത്. കേന്ദ്ര സർക്കാറിെൻറ കരട് നയത്തിൽ എതിർപ്പറിയിച്ച് സംസ്ഥാന സർക്കാർ കത്തയച്ചു. നിരവധി പരിസ്ഥിതി സംഘടനകളും പ്രവർത്തകരും എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. വനമേഖലയിലെ തോട്ടങ്ങളുടെ ഉൽപാദന ക്ഷമതയും ഗുണമേന്മയും വർധിപ്പിക്കുന്നതിന് വനവത്കരണത്തിലും മരം വെച്ചുപിടിപ്പിക്കുന്നതിലും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക സ്വീകരിക്കണമെന്ന വ്യവസ്ഥയാണ് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നത്.
ഭാവിയിൽ രാജ്യത്തെ വനസമ്പത്തിൽ സ്വകാര്യ കുത്തകകൾക്ക് മേധാവിത്തം നൽകുന്ന ഭേദഗതിയാണിതെന്നും വനത്തെ സാമ്പത്തികാടിസ്ഥാനത്തിൽ മാത്രം കൈകാര്യം ചെയ്യുന്നതിന് കാരണമാകുമെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. വനമേഖലയുടെ സ്വാഭാവികതക്ക് കോട്ടം തട്ടുന്ന യൂക്കാലി, തേക്ക് തുടങ്ങിയ മരങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വെച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകണമെന്നും ഭേദഗതി പറയുന്നു.
ഗഹനമായ പഠനവും ഗവേഷണവും വേണ്ട വിഷയമായതിനാൽ നിർദേശങ്ങളും വിമർശനങ്ങളുമുന്നയിക്കാൻ വെറും ഒരുമാസം മാത്രമാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. ഈ തീയതി നീട്ടണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. വന നശീകരണത്തിനും കച്ചവടതാൽപര്യത്തിനും ഇടയാക്കാതെ സുതാര്യത ഉറപ്പാക്കി മാത്രെമ ഭേദഗതി വരുത്താവൂവെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. വിഷയത്തിൽ ജി.എസ്.ടി കൗൺസിൽ മാതൃകയിൽ കേന്ദ്ര-സംസ്ഥാന പ്രതിനിധികളുടെ പൊതുവേദി രൂപവത്കരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
വനമേഖലയെ ഉൽപാദന ക്ഷമതയുമായി ബന്ധപ്പെടുത്തി കച്ചവടവത്കരണത്തിന് തുടക്കമിടുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് പൊതുവിമർശനം. തോട്ടം മേഖലയിലെ ലാഭത്തെ അടിസ്ഥാനമാക്കിയാണ് സർക്കാർ നിയമത്തിൽ മാറ്റം വരുത്തുന്നതെന്നും കൈയേറ്റത്തിന് സാധ്യതയുണ്ടെന്നും വിമർശനമുയരുന്നു. വനഭൂമിയെ ഇതര ആവശ്യങ്ങൾക്ക് പരിവർത്തനപ്പെടുത്താനുള്ള സാധ്യത, വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളെക്കുറിച്ച് മൗനം, തടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിെൻറ മറവിൽ വനംകൊള്ള സാധ്യത, സംരക്ഷിത വനമേഖലയിൽ സ്വകാര്യവ്യക്തികൾക്ക് കടന്നുചെല്ലാനുള്ള പഴുതുകൾ എന്നിവയാണ് കരടിൽ വിമർശന വിധേയമാകുന്ന പ്രധാന നിർദേശങ്ങൾ.
ഭേദഗതിയിൽ മാറ്റം വരുത്തണം -മന്ത്രി
പാലക്കാട്: വനനിയമത്തിൽ മാറ്റം വരുത്താനുള്ള കേന്ദ്രസർക്കാർ നീക്കം അപകടകരമെന്ന് സംസ്ഥാന വനം മന്ത്രി കെ. രാജു ‘മാധ്യമ’ത്തോട് പറഞ്ഞു. സംരക്ഷിത വനമേഖലയിലടക്കം സ്വകാര്യ കുത്തകകൾക്ക് കടന്നുചെല്ലാനുള്ള അവസരമാണ് കേന്ദ്രസർക്കാർ ഒരുക്കുന്നത്. ഇത് എതിർക്കപ്പെടണം. കേരളത്തിെൻറ താൽപര്യങ്ങൾക്ക് എതിരായ നിരവധി നിർദേശങ്ങളാണ് ഭേദഗതിയിൽ ഇടംപിടിച്ചിരിക്കുന്നത്. പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കുന്നതെന്ന് കണ്ടെത്തിയ മരങ്ങൾ വെച്ചുപിടിപ്പിക്കണമെന്നതടക്കമുള്ള നിർദേശമുണ്ട്. ദേശീയ പാർക്കുകളുടെയും സാങ്ച്വറികളുടെയും എണ്ണം വർധിപ്പിക്കണമെന്നുള്ള നിർദേശം 29.1 ശതമാനം ഭൂമി വനമായി സംരക്ഷിക്കുന്ന കേരളത്തിൽ നടപ്പാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.