സ്വന്തം വകുപ്പിലെ റിപ്പോർട്ടിനെ വിശ്വസിക്കാതെ വനംമന്ത്രി
text_fieldsകോഴിക്കോട്: വനസംരക്ഷണത്തിനായി ആത്മാർഥമായി പ്രവർത്തിക്കുന്നവരെ കുടുക്കാനുള്ള തിരക്കഥ പൊളിച്ച ഉന്നത ഉദ്യോഗസ്ഥെൻറ റിപ്പോർട്ടിൽ നടപടിയെടുക്കാതെ വനംമന്ത്രി. റിപ്പോർട്ടിൽ എതിരായി പരാമർശമുള്ള ഡി.എഫ്.ഒ എൻ.ടി. സാജൻ ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥനായതിനാൽ നടപടിയെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നായിരുന്നു വനംമന്ത്രി എ.കെ. ശശീന്ദ്രെൻറ വാദം.
വനംമന്ത്രിക്ക് വകുപ്പിൽ സ്വതന്ത്രമായി ഇടപെടാൻ പറ്റുന്നില്ലെന്ന ആക്ഷേപം ശശീന്ദ്രെൻറ പാർട്ടിയായ എൻ.സി.പിയിലുമുണ്ട്. വകുപ്പിെൻറ അന്വേഷണ റിപ്പോർട്ടിൽ കാര്യമായൊന്നുമില്ലെന്ന മന്ത്രിയുടെ പ്രസ്താവനയെ തിരിഞ്ഞുകൊത്തുന്നതാണ് കോഴിക്കോട് അഡീഷനൽ പ്രിൻസിപ്പൽ കൺസർവേറ്ററുടെ പുറത്തുവന്ന റിപ്പോർട്ട്. പൊലീസിലെ എ.ഡി.ജി.പി പദവിക്ക് തുല്യമായ അഡീഷനൽ പ്രിൻസിപ്പൽ കൺസർവേറ്ററുടെ റിപ്പോർട്ടിനെ നിസ്സാരവത്കരിച്ചതിൽ വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു.
എ.ഡി.ജി.പി റാങ്കിലുള്ള ശ്രീജിത്തിെൻറ പൊലീസ് അന്വേഷണം മാത്രമേ വിശ്വസിക്കൂ എന്ന നിലപാടിലും ദുരൂഹതയുണ്ട്. ശ്രീജിത്തിെൻറ അന്വേഷണത്തിൽ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രതീക്ഷയില്ല. അന്വേഷണം കഴിയുന്നതുവരെ സാജനെ മാറ്റിനിർത്താനും വകുപ്പിന് ധൈര്യമുണ്ടായില്ല.
രാജേഷ് രവീന്ദ്രെൻറ റിപ്പോർട്ട് അടങ്ങിയ ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വേഗത്തിൽ നീങ്ങിയിരുന്നില്ല. ഇതിനു പിന്നിലും 'ധർമടം' ബന്ധമാണ് സംശയിക്കുന്നത്. പ്രമുഖ സി.പി.എം നേതാക്കളുമായി സാജന് പരിചയമുണ്ട്. അദ്ദേഹത്തിെൻറ ഉദ്യോഗകാലത്ത് സൗകര്യപ്രദമായ സ്ഥലംമാറ്റങ്ങളടക്കം പലതരത്തിലുള്ള സഹായങ്ങളും പാർട്ടിയിൽനിന്ന് കിട്ടിയിട്ടുണ്ട്. നാട്ടുകാരനും സുഹൃത്തുമായ ദൃശ്യമാധ്യമ പ്രവർത്തകൻ ദീപക് ധർമടത്തെ ഒപ്പം കൂട്ടിയതും ഇത്തരം ബന്ധങ്ങൾ കണക്കിലെടുത്താണ്.
മുട്ടിൽകേസ് പ്രതികളായ റോജി അഗസ്റ്റിനും ആേൻറാ അഗസ്റ്റിനും മന്ത്രിയെ കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ നേരത്തേ കണ്ടതും അന്വേഷിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. ദീപക് ധർമടവും അന്ന് ഒപ്പമുണ്ടായിരുന്നു. മുട്ടിൽ മരംമുറി വഴിതിരിച്ചുവിടാനുള്ള ദീപക് ധർമടത്തിെൻറ ശ്രമത്തിെൻറ ഭാഗമായി വനംമന്ത്രിയെയും ഫോണിൽ വിളിച്ചതായി സൂചനകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ മന്ത്രി വഴിവിട്ട് നിർദേശം നൽകിയിട്ടില്ല. എൻ.ടി. സാജൻ ആരോപണവിധേയനായ സമയത്ത് ലോക പരിസ്ഥിതിദിനാചരണത്തിൽ വനംമന്ത്രി ശശീന്ദ്രനൊപ്പം വേദി പങ്കിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.