മുട്ടിൽ മരംമുറിക്കേസ്: സസ്‍പെൻഷനിലായിരുന്ന വനം ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു
text_fieldsകൽപറ്റ: മുട്ടിൽ മരംമുറിക്കേസിൽ സസ്‍പെൻഷനിലായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. മരം മുറിക്കാന്‍ പ്രതികള്‍ക്ക് സഹായം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ബി.പി. രാജുവിനെയാണ് ഉത്തരമേഖല സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വിനോദ് കുമാർ തിരിച്ചെടുത്ത് ഉത്തരവിറക്കിയത്. വയനാട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലാണ് പുനര്‍നിയമനം.
മുട്ടില്‍ മരംമുറി സമയത്ത് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായിരുന്ന ബി.പി. രാജു പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുമായി ഔദ്യോഗിക ആവശ്യത്തിനപ്പുറമുള്ള ബന്ധം പുലർത്തിയിരുന്നുവെന്നും അവർക്ക് ഒത്താശ ചെയ്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈട്ടി മരങ്ങള്‍ മുറിച്ച മുട്ടില്‍ സൗത്ത്, തൃക്കൈപ്പറ്റ വില്ലേജുകള്‍ പ്രതികൾക്കൊപ്പം സന്ദര്‍ശിച്ചതിന്റെയും പ്രതികളില്‍നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിച്ചതിന്റെയും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ബി.പി. രാജുവിന്റെ ഫോൺ രേഖകള്‍ പരിശോധിച്ചതിലും ഇക്കാര്യങ്ങള്‍ വ്യക്തമാണ്.
ഇത്തരത്തില്‍ ഗുരുതര കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെയാണ് സര്‍വിസില്‍ തിരിച്ചെടുത്തത്. സർവിസിൽ തിരിച്ചെടുക്കുന്നത് നിലവിലുള്ള അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയില്ലെന്ന് ബോധ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.