കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വനം വാച്ചർ മരിച്ചു
text_fieldsആമ്പല്ലൂർ (തൃശൂർ): വരന്തരപ്പിള്ളി കള്ളായിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വനംവകുപ്പ് ദ്രുതകർമ സേനാംഗം മരിച്ചു. കോഴിക്കോട് മുക്കം സ്വദേശി കല്‍പ്പൂര്‍ വീട്ടില്‍ പരേതനായ ഇബ്രാഹിമിന്‍റെ മകൻ ഹുസൈനാണ് (32) മരിച്ചത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച് ആരോഗ്യനില വഷളായി. ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം.
വയനാട് മുത്തങ്ങയിലെ കുങ്കി ആന ദൗത്യ സംഘത്തിലെ അംഗമായിരുന്നു ഹുസൈൻ. പാലപ്പിള്ളിയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് ഈ മാസം രണ്ടിനാണ് പന്ത്രണ്ടംഗ ദൗത്യസംഘം പാലപ്പിള്ളിയിൽ എത്തിയത്. നാലിന് പത്തായപ്പാറയിൽ കാടിറങ്ങിയ ഒറ്റയാനെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ഹുസൈനെ ആക്രമിക്കുകയായിരുന്നു.
തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് മൂന്ന് വാരിയെല്ലുകൾ പൊട്ടിയിരുന്നു. ശ്വാസകോശത്തിന് ക്ഷതമേറ്റ് 10 ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: അൻഷിദ (കൂമ്പാറ). മക്കൾ: അംന ഷെറിൻ (താഴെ കൂടരഞ്ഞി ദാറുൽ ഉലൂം എ.എൽ.പി സ്കൂൾ വിദ്യാർഥിനി), ഹാഷിഖ് മുഹമ്മദ് (കൂടരഞ്ഞി അലിഫ് ഇംഗ്ലീഷ് സ്കൂൾ എൽ.കെ.ജി വിദ്യാർഥി). സഹോദരങ്ങൾ: നാസർ (ചോണാട്), കരീം (കൽപ്പൂര്), നിസാർ (കൊണ്ടോട്ടി), സുബൈദ, പരേതയായ ഷമീറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.