ബാരാപ്പോൾ തീരത്തെ കേരള റവന്യൂ ഭൂമിയിലെ കാടുകൾ വെട്ടിത്തെളിച്ചു
text_fieldsഇരിട്ടി: കർണാടകയിലെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനോട് അതിർത്തി പങ്കിടുന്ന ബാരാപ്പോൾ തീരത്തെ കേരളത്തിലെ ഏഴു കുടുംബങ്ങളുടെ 15 ഏക്കറോളം കൃഷി സ്ഥലം കൈവശപ്പെടുത്താനുള്ള കർണാടക വനംവകുപ്പിന്റെ നീക്കത്തിനെതിരെ ജനരോഷം.
കർണാടക വനംവകുപ്പിന്റെ നിയന്ത്രണങ്ങൾ വകവെക്കാതെ അയ്യൻകുന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കാടുകൾ വെട്ടിത്തെളിച്ചു. കാട് വെട്ടിത്തെളിക്കുന്നതിനും കൃഷി നടത്തുന്നതിനും കർണാടക വനംവകുപ്പ് നിരോധനം ഏർപ്പെടുത്തിയിരുന്നു.
പ്രദേശത്തെ താമസക്കാരനായ നടുവിലെ കിഴക്കയിൽ വിശ്വനാഥന്റെ വീട് വാസയോഗ്യമാകുന്നതിന് പഞ്ചായത്ത് ഒരുലക്ഷം രൂപ അനുവദിച്ചെങ്കിലും കർണാടക വനംവകുപ്പ് നിർമാണത്തിന് തടസ്സമുന്നയിച്ചിരുന്നു.
കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ അതിർത്തി കടന്ന് കേരളത്തിലെത്തി ജനങ്ങളെ ഉപദ്രവിക്കുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തതോടെയാണ് ജനം സംഘടിച്ചു കാടുകൾ വെട്ടിത്തെളിക്കാൻ എത്തിയത്. ജനകീയ സമിതി കേരളത്തിന്റെ ഭൂമിയിൽ നടത്തിയ ജോലികൾ തടയാൻ മാക്കൂട്ടം ഫോറസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ജനകീയ സമിതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം പറയാൻ കഴിയാതെ ഉദ്യോഗസ്ഥർ മടങ്ങി.
ഭൂമിയിൽ ഉടമസ്ഥ തർക്കം നിലനിൽക്കുന്നുണ്ടെന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജോലി തുടർന്നു. കേരളത്തിന്റെ സ്ഥലത്തെത്തി കൃഷി നശിപ്പിക്കുകയും പുഴയിൽ മത്സ്യബന്ധനത്തിനെത്തുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വനപാലകരുടെ നടപടിയെ ജനകീയ സമിതിയിലെ അംഗങ്ങൾ ചോദ്യം ചെയ്തു. ഏറെ നേരത്തെ വാഗ്വാദങ്ങൾക്കു ശേഷം കർണാടക വനപാലക സംഘം തിരിച്ചുപോയി.
ഭൂമി സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വനാഥന്റെ വീട് നിർമാണ പ്രവൃത്തി ആരംഭിക്കുന്നതിലെ തടസ്സം നീക്കുന്നതിന് മക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം ഡി.എഫ്.ഒയുമായി ചർച്ച നടത്തും. ഡി.എഫ്.ഒയും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേലും തമ്മിൽ ഫോണിൽ സംസാരിച്ച ശേഷമാണ് ചർച്ച നടത്താൻ തീരുമാനമായത്. എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികളുമായി ചർച്ച നടത്താമെന്നാണ് ഡി.എഫ്.ഒ അറിയിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേലിന്റെ നേതൃത്വത്തിലെത്തിയ ജനകീയ സമിതിയിലെ വാർഡ് അംഗം ബിജോയി പ്ലാത്തോട്ടം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സീമ സനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി, പഞ്ചായത്ത് അംഗങ്ങളായ മാത്തുക്കുട്ടി, സജി മച്ചിത്താന്നി, നേതാക്കളായ ഒ.ടി. അപ്പച്ചൻ, അഡ്വ. ജെയിംസ് ടി. മാത്യു, ഒ.എ. അബ്രഹാം, ബിജിനിത്ത്, വിൽസൺ, വാവച്ചൻ, ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കാട് വെട്ടിത്തെളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.