വ്യാജ നിയമനരേഖ; സ്കൂൾ മാനേജർക്കും അധ്യാപകർക്കും എതിരെ ക്രിമിനൽ നടപടിക്ക് ശിപാർശ
text_fieldsമലപ്പുറം: ചട്ടവിരുദ്ധ നിയമനവും വ്യാപക ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഡി.എൻ.ഒ.യു.പി സ്കൂൾ അധ്യാപകർക്കും മാനേജർക്കുമെതിരെ ക്രിമിനൽ നടപടിക്ക് വിദ്യാഭ്യാസവകുപ്പ് ശിപാർശ.
മൂന്ന് അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. അധ്യാപകരായ ഒ. സുലാഫ, നിഷാത്ത് സുൽത്താന, സി. റൈഹാനത്ത്, സ്കൂൾ മാനേജർ എൻ.കെ. അബ്ദുറഹ്മാൻ എന്നിവർക്കെതിരെയാണ് അന്വേഷണ റിപ്പോർട്ട്. അനധികൃത നിയമനങ്ങൾക്ക് കൂട്ടുനിന്ന പ്രധാനാധ്യാപകനെതിരെയും നടപടിക്ക് ശിപാർശയുണ്ട്. സ്കൂളിൽ മുൻകാല പ്രാബല്യത്തോടെ നിയമനാംഗീകാരം വാങ്ങുകയും അതിനായി കൃത്രിമരേഖകൾ ചമക്കുകയും ചെയ്തെന്നാണ് കേസ്. ‘ഏരിയ ഇന്റൻസിവ് പ്രോഗ്രാം’ (എ.ഐ.പി) പദ്ധതി പ്രകാരം അനുവദിച്ച സ്കൂളാണിത്. ഈ വിഭാഗത്തിൽപെട്ട സ്കൂളുകളിൽ 2003 മുതൽ ജോലിയിൽ പ്രവേശിച്ച് നിയമനാംഗീകാരം ലഭിക്കാതിരുന്ന അധ്യാപകർക്ക് 2015 നവംബർ 11 മുതൽ സർക്കാർ അംഗീകാരം നൽകിയിരുന്നു. ഈ ഉത്തരവ് ദുരുപയോഗം ചെയ്തെന്നാണ് കണ്ടെത്തൽ.
അംഗീകാരം ലഭിക്കാത്ത കാലത്ത് ജോലി ചെയ്ത മറ്റ് അധ്യാപകരുടെ രേഖകൾ തിരുത്തി, സ്കൂൾ മാനേജ്മെന്റിന്റെ ബന്ധുക്കൾക്കു വേണ്ടി മുൻകാല പ്രാബല്യത്തോടെ രേഖയുണ്ടാക്കി ശമ്പളവും ആനുകൂല്യങ്ങളും തട്ടിയെടുത്തെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. കുറ്റക്കാരായ അധ്യാപകർ അനധികൃതമായി കൈപ്പറ്റിയ ശമ്പളം 18 ശതമാനം പിഴപ്പലിശ സഹിതം ഈടാക്കി സർക്കാറിലേക്ക് തിരിച്ചടക്കാൻ വണ്ടൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ നടപടി സ്വീകരിക്കണം.
ഒരു കോടിയോളം രൂപയാണ് ചെയ്യാത്ത ജോലിയുടെ പേരിൽ എട്ടു വർഷത്തോളം മൂന്ന് അധ്യാപകർ ശമ്പളവും ആനുകൂല്യവുമായി കൈപ്പറ്റിയതെന്നാണ് കണക്ക്. അധ്യാപകർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിച്ച്, സ്കൂൾ മാനേജറുടെ അംഗീകാരം റദ്ദാക്കി വണ്ടൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സ്കൂളിന്റെ താൽക്കാലിക ചുമതല ഏറ്റെടുക്കണം.
മാനേജർക്കെതിരെയും ക്രിമിനൽ കേസിന് വിദ്യാഭ്യാസ ഉപ ഡയറക്ടർ ശിപാർശ ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരമാണ് മലപ്പുറം ഡി.ഡി.ഇ അന്വേഷണം നടത്തിയത്. റിപ്പോർട്ട് ഡി.പി.ഐയുടെ മേശപ്പുറത്താണുള്ളത്. വൈകാതെ സർക്കാറിന് സമർപ്പിക്കുമെന്നാണ് വിവരം.
അന്വേഷണത്തിലെ കണ്ടെത്തലുകൾ
- അനധികൃത നിയമനങ്ങൾ നടത്തി വ്യാജനിയമനാംഗീകാര രേഖകൾ സർക്കാറിന് സമർപ്പിച്ചു
- അധ്യാപകരുടെ നിയമന തീയതിയിൽ വൈരുധ്യം
- അധ്യാപകരുടെ ഹാജർപട്ടികയിൽ വ്യാപക കൃത്രിമം
- വിദ്യാർഥികളുടെ ഹാജർപട്ടികയിലും അധ്യാപകരുടെ ഒപ്പിൽ വൈരുധ്യം
- നിയമനാംഗീകാര രേഖ പ്രകാരം മതിയായ യോഗ്യതയില്ല
- മറ്റാരോ ജോലി ചെയ്ത രേഖയിൽ കുറ്റക്കാരായ അധ്യാപകർ ഒപ്പുവെച്ചു
- കുറ്റക്കാരായ അധ്യാപകർക്ക് വേണ്ടി കൃത്രിമ ഹാജർപട്ടിക
- കുറ്റക്കാരായ അധ്യാപകർ ഇരട്ടശമ്പളം വാങ്ങി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.