45 വർഷത്തെ സേവനത്തിന് സരോജിനിക്ക് ശൈലജയുടെ പാരിതോഷികം 5000 രൂപ
text_fieldsപയ്യന്നൂർ: 45 വർഷം സ്വന്തംപോലെ സംരക്ഷിച്ച വീട് വിൽപന നടത്തിയപ്പോൾ സരോജിനിക്ക് കേസിലെ പ്രതിയായ അഭിഭാഷക ശൈലജ പാരിതോഷികമായി നൽകിയത് 5000 രൂപ. തളിപ്പറമ്പ് തൃച്ചംബരത്തെ റിട്ട. സഹകരണവകുപ്പ് െഡപ്യൂട്ടി രജിസ്ട്രാർ പി. ബാലകൃഷ്ണെൻറ തിരുവനന്തപുരം പേട്ടയിലെ വീട് വിറ്റപ്പോഴാണ് ശൈലജയുടെ ഈ ഔദാര്യം. വർഷങ്ങളോളം ബാലകൃഷ്ണനെ പരിചരിച്ച സരോജിനിയിൽനിന്ന് പയ്യന്നൂർ പൊലീസ് മൊഴിയെടുത്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
വീട് 19.5 ലക്ഷത്തിന് വിൽപന നടത്തിയതായാണ് ആധാരത്തിൽ കാണുന്നത്. എന്നാൽ, ഇതിലും ഉയർന്നവില പ്രതികൾക്ക് ലഭിച്ചിട്ടുണ്ടാകണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. ബാലകൃഷ്ണൻ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലെന്ന് സരോജിനി തീർത്തു പറഞ്ഞു. വിവാഹവാർത്ത അദ്ഭുതത്തോടെയാണ് ഈ 80കാരി കേട്ടത്. സമീപവാസികളെയും സരോജിനിെയയും തെറ്റിദ്ധരിപ്പിച്ചാണ് വീടും പറമ്പും വിൽപന നടത്തിയത്. ഇതിന് പൊലീസിെൻറ സഹായമുണ്ടായതായും നാട്ടുകാർ പറയുന്നു. കേസിലെ ഒന്നാം പ്രതി ജാനകിയാണ് തിരുവനന്തപുരത്തെ സ്വത്ത് മറ്റൊരു സ്ത്രീക്ക് വിൽപന നടത്തിയത്. ശൈലജയും ഭർത്താവ് കൃഷ്ണകുമാറും മറ്റു ചിലരും ഇതിനുവേണ്ട ഒത്താശചെയ്തതായി പൊലീസ് കരുതുന്നു. ബാലകൃഷ്ണനെ ശൈലജയും കൃഷ്ണകുമാറും ചേർന്ന് ആംബുലൻസിൽ കൊണ്ടുവരുന്നതിന് മൂന്നുദിവസം മുമ്പുവരെ സരോജിനി കൂടെയുണ്ടായിരുന്നു. ബാലകൃഷ്ണെൻറ മരുമകൾ എന്നാണ് ശൈലജ നാട്ടുകാരെ ധരിപ്പിച്ചത്. എന്നാൽ, ബാലകൃഷ്ണൻ ഇത് നിഷേധിച്ചതായും അവരെ അകറ്റിനിർത്തിയതായും സരോജിനി പറയുന്നു. ബാലകൃഷ്ണൻ തീർത്തും കിടപ്പിലായി ഓർമ നശിച്ചതോടെയാണ് പ്രതികൾക്ക് ഇല്ലാത്ത അധികാരം സ്ഥാപിക്കാനായത്. ബാലകൃഷ്ണൻ രണ്ട് താക്കോലുകളിൽ ഒന്ന് സരോജിനിയെയും മറ്റൊന്ന് െറസിഡൻസ് അസോസിയേഷൻ പ്രവർത്തകരെയുമാണ് ഏൽപിച്ചത്. പൊലീസ് സഹായത്തോടെയാണ് പ്രതികൾ താക്കോൽ വാങ്ങിയത്. 44 ദിവസം ബാലകൃഷ്ണൻ ആശുപത്രിയിൽ കിടന്നിരുന്നു. അപ്പോഴൊന്നും പ്രതികൾ ബന്ധം പറഞ്ഞെത്തിയില്ല. വീട് വാങ്ങിയവരെയും പൊലീസ് ചോദ്യംചെയ്തിരുന്നു. പൊലീസ് എത്തിയപ്പോഴാണ് അവർക്ക് ചതി മനസ്സിലായത്.
സഹോദരൻ രമേശനിലൂടെയാണ് അവിവാഹിതനായി തിരുവനന്തപുരത്ത് കഴിയുന്ന ബാലകൃഷ്ണനെക്കുറിച്ച് പ്രതികൾ മനസ്സിലാക്കിയത്. ഇതോടെ രമേശനെ അകറ്റി ബാലകൃഷ്ണനെ വരുതിയിലാക്കി സ്വത്തുതട്ടാനുള്ള തിരക്കഥകൾ തയാറാക്കുകയായിരുന്നു. എന്നാൽ, സ്വബോധമുള്ളപ്പോൾ ബാലകൃഷ്ണൻ ഇവരെ അടുപ്പിച്ചില്ല. ബാലകൃഷ്ണൻ ആശുപത്രിയിൽ ഓർമയില്ലാതെ കഴിയുന്ന തക്കംനോക്കി പദ്ധതി നടപ്പാക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് പയ്യന്നൂരിലെത്തിച്ച് സ്വത്തുതട്ടാനായിരുന്നുവത്രെ നീക്കം. ഇതിനിടയിലാണ് കൊടുങ്ങല്ലൂരിൽവെച്ച് മരിക്കുന്നത്. സ്വത്തുതട്ടാൻ വേണ്ടി കൊലപ്പെടുത്തിയെന്നാണ് ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നത്. മരണ ശേഷമാണ് ശൈലജയുടെ വിധവയായ സഹോദരി ജാനകിയുമായി വിവാഹം നടന്നുവെന്ന വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കുന്നതും പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റുൾപ്പെടെ നേടിയതും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.