വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ
text_fieldsകോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ. കോട്ടയം ബസ് സ്റ്റാന്റിൽ കെ.എസ്.ആർ.ടി.സി ബസിൽ ഇരിക്കവെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകീട്ട് മുതൽ തന്നെ പൊലീസിന് മുന്നിൽ കീഴടങ്ങുമെന്ന സൂചനകൾ ഉണ്ടായിരുന്നു. പിന്തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെ 1.45നാണ് പിടിയിലാകുന്നത്.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖിൽ തോമസ് ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ് പിടിയിലാകുന്നത്. കീഴടങ്ങാൻ നിഖിലിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്തു. മൂന്ന് സിഐമാരെ കൂടി ഉൾപ്പെടുത്തി അന്വഷണ സംഘം വിപുലീകരിച്ചിരുന്നു.
കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ പിടികൂടിയത്. ഇവര്‍ പ്രതിയെ കായംകുളം പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്. ഛത്തീസ്ഗഢിലെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിഖില്‍ എം.എസ്.എം കോളജില്‍ എം.കോം പ്രവേശനം നേടിയെന്നാണ് ആരോപണം.
ആരോപണത്തിന് പിന്നാലെ ആദ്യം നിഖിലിനെ എസ.എഫ്.ഐ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. എസ്.എഫ്.ഐ. കായംകുളം മുന്‍ ഏരിയാ സെക്രട്ടറിയാണ് നിഖില്‍. സി.പി.എമ്മില്‍ നിന്ന് കഴിഞ്ഞ ദിവസം നിഖിലിനെ പുറത്താക്കുകയുണ്ടായി. 2018-2019-ൽ കേരള സർവകലാശാല യൂണിയൻ ജോയന്റ് സെക്രട്ടറിയായിരുന്നു നിഖിൽ. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്.എഫ്.ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. നിഖിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സി.പി.എമ്മും പ്രവർത്തകനെതിരെ നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.