വ്യാജരേഖ വിവാദം; പരാതിക്കാർക്കെതിരെ നടപടിക്ക് യൂത്ത് കോൺഗ്രസിൽ ആലോചന
text_fieldsകൊച്ചി: വ്യാജരേഖ വിവാദത്തിൽ പരാതിക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ യൂത്ത് കോൺഗ്രസിൽ ആലോചന. വിവാദം സംസ്ഥാനതലത്തിൽ പാർട്ടിക്കും സംഘടനക്കും നാണക്കേടായ സാഹചര്യത്തിലാണ് ഈ നീക്കം. വരുംദിവസങ്ങളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
പുതിയ സംസ്ഥാന കമ്മിറ്റി ചുമതലയേൽക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ നൽകിയ ഹരജിയിൽ കോടതി അനുകൂല ഉത്തരവ് നൽകാതിരുന്നത് നേതൃത്വത്തിന് ആശ്വാസമായിരുന്നു. ഇതേതുടർന്നാണ് കഴിഞ്ഞ ദിവസം പുതിയ സംസ്ഥാന കമ്മിറ്റിയുടെ സ്ഥാനാരോഹണം കൊച്ചിയിൽ നടന്നത്. ഇതോടെയാണ് പരാതിക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സംഘടനക്കുള്ളിൽ ഒരുവിഭാഗം രംഗത്തു വന്നത്.
യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖ നിർമിച്ച് വോട്ട് ചെയ്തതുമായി ബന്ധപ്പെട്ടുയർന്ന വിവാദമാണ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്. യൂത്ത് കോൺഗ്രസ് നേതാക്കൾതന്നെ ഉയർത്തിയ ആരോപണം നിയമ നടപടികളിലേക്ക് നീങ്ങിയത് സംഘടനക്ക് നാണക്കേടായതോടൊപ്പം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെയും സംശയ നിഴലിലാക്കി. നിലവിൽ അടിമാലി, എറണാകുളം, മൂവാറ്റുപുഴ, പാലക്കാട് മുൻസിഫ് കോടതികളിൽ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പം തിരുവനന്തപുരം മ്യൂസിയം, മൂവാറ്റുപുഴ, പൊലീസ് സ്റ്റേഷനുകളിൽ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിൽ രണ്ടുപേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
നിയമ നടപടികൾ പൊതുസമൂഹത്തിൽ സംഘടനക്ക് നാണക്കേടായതോടെയാണ് അച്ചടക്ക നടപടിക്കുള്ള നീക്കങ്ങൾ ആരംഭിച്ചത്. എന്നാൽ, നിയമനടപടികൾക്ക് പിന്നിൽ സംഘടനയിലെ പ്രധാന നേതാക്കളിൽ ചിലരുണ്ടെന്നും ഗ്രൂപ് താൽപര്യങ്ങളുണ്ടെന്നുമുള്ള ആക്ഷേപം ഉയരുന്നുണ്ട്.
സംസ്ഥാന കമ്മിറ്റിയുടെ സ്ഥാനാരോഹണം തടഞ്ഞില്ലെങ്കിലും തുടരുന്ന നിയമനടപടികൾ സംഘടനക്ക് തലവേദനയാണെന്നാണ് നേതൃത്വത്തിലൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ യൂത്ത് കോൺഗ്രസിന്റെ ഭരണഘടന പ്രകാരമല്ലെന്നും അതിനാൽ സംഘടനയുടെ ഭരണഘടന ഹാജരാക്കാൻ ഉത്തരവിടണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോടതിയിൽ നടന്ന നിയമ നടപടിയിൽ ഭരണഘടന ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല.
കൂടാതെ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയും അനുബന്ധ രേഖകളും ഹജരാക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളായ പി.എസ്. സനിൽ, നഹാസ് എന്നിവർ നൽകിയിരിക്കുന്ന രണ്ട് ഹരജികളും ഒരുമിച്ച് ജനുവരി നാലിന് കേൾക്കാനാണ് കോടതി തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.