മണി ട്രാൻസ്ഫർ ചെയ്യാൻ ഏൽപിച്ച തുകയിൽ കള്ളനോട്ട്; നാലുപേർ പിടിയിൽ
text_fieldsകൊടുവള്ളി: നരിക്കുനിയിലെ സ്ഥാപനത്തിൽ മണി ട്രാൻസ്ഫർ ചെയ്യാനായി ഏൽപിച്ച തുകയിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ ഒരു യുവതി അടക്കം നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കിഴക്കോത്ത് കത്തറമ്മൽ സ്വദേശി മുർഷിദ്, മണ്ണാർക്കാട് സ്വദേശിനി ഹുസ്ന, കിഴക്കോത്ത് ആവിലോറ സ്വദേശി മുഹമ്മദ് ഷഫീഖ്, താമരശ്ശേരി കുടുക്കിൽ ഉമ്മരം അമ്പായക്കുന്ന് മുഹമ്മദ് ഇയാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
സംഘത്തിൽപെട്ട മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊടുവള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ നരിക്കുനി ടൗണിലെ ഐക്യു മൊബൈൽ ഹബ് എന്ന കടയിൽ ട്രാൻസ്ഫർ ചെയ്യാൻ കൊടുത്തുവിട്ട 500 രൂപയുടെ 30 നോട്ടുകളിലാണ് 14 കള്ളനോട്ടുകൾ കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ കടയിലെത്തിയ യുവാവ് പണം ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞ് സ്ഥലംവിട്ടശേഷമാണ് നോട്ട് വ്യാജമാണെന്ന് കടയുടമ തിരിച്ചറിഞ്ഞ്. തുടർന്ന് കടയുടമ മുഹമ്മദ് റയീസ് കൊടുവള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു
കടയിലെത്തിയ മുർഷിദ് എന്നയാളുടെ കൈവശം ഹുസ്ന എന്ന സ്ത്രീ ഏൽപിച്ച തുക കെ. യാസിർ ഹുസൈൻ എന്നയാളുടെ അക്കൗണ്ടിലേക്ക് അയക്കാൻ വേണ്ടിയാണ് 15000 രൂപ ഏൽപിച്ചത്. കള്ളനോട്ട് ശ്രദ്ധയിൽപെട്ട ഉടനെ തനിക്ക് ലഭിച്ച തുകയിൽ 7000 രൂപ വ്യാജ നോട്ടുകളാണെന്ന വിവരം പണം അയക്കാൻ എത്തിയവരെ ഫോണിൽ വിളിച്ച് അറിയിച്ചതിനെതുടർന്ന് കടക്കാരന്റെ പണം ഉടൻതന്നെ അവർ തിരികെ അയച്ചുകൊടുത്തു.
എന്നാൽ, ഇതിനു പിന്നിൽ വൻ കള്ളനോട്ട് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന സംശയത്തെതുടർന്നാണ് കടയുടമ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് നാലുപേരെ അറസ്റ്റു ചെയ്തത്. ഇവരിൽനിന്ന് കൂടുതൽ കള്ളനോട്ടുകൾ പിടികൂടിയിട്ടുണ്ട്. കള്ളനോട്ട് റാക്കറ്റിൽ കൂടുതൽ പേർ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടുന്നതിന് അന്വേഷണം ഊർജിതമാക്കി.
കണ്ണൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസിന്റെ മേൽനോട്ടത്തിൽ റൂറൽ എസ്.പി അർവിന്ദ് സുകുമാർ, താമരശ്ശേരി ഡിവൈ.എസ്.പി വിനോദ് കുമാർ, കൊടുവള്ളി ഇൻസ്പെക്ടർ സി. ഷാജു, പ്രിൻസിപ്പൽ എസ്.ഐ ജിയോ സദാനന്ദൻ, അഡീ. എസ്.ഐ എം. സുഭാഷ്, എ.എസ്.ഐമാരായ കെ. ശ്രീജിത്ത്, ഇ. ജിത, എം.കെ. ലിയ.
സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.കെ. രതീഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കൽ, കെ. അനൂപ്, കെ. റെജി, താമരശ്ശേരി ഡിവൈ.എസ്.പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, ബിജു പൂക്കട്ട്, എൻ.എം. ജയരാജൻ, ജിനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.