വിദേശ സഹായം: മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം
text_fields
ന്യൂഡൽഹി: കേന്ദ്ര അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം. ധനമന്ത്രാലയം നടത്തുന്ന അന്വേഷണത്തിൽ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. യു.എ.ഇ കോൺസുലേറ്റിൽ നിന്ന് അഞ്ചു ലക്ഷം ധനസഹായം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഫെറ നിയമം അനുസരിച്ച് നിയമനിർമാണ സഭാംഗങ്ങൾ പണമായോ അല്ലാതെയോ വിദേശസഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്. വിദേശസഹായം കൈപ്പറ്റുകയാണെങ്കിൽ മുൻകൂർ അനുമതി വാങ്ങണം. വിദേശ ധനസഹായം വാങ്ങിയ വിഷയത്തിൽ ജലീൽ ചട്ടം ലംഘിച്ചെന്നാണ് ധനമന്ത്രാലയത്തിന്‍റെ കണ്ടെത്തൽ. യു.എ.ഇ കോൺസൽ ജനറലുമായി നേരിട്ട് ഇടപാടുകൾ നടത്തിയതും ചട്ടലംഘനമാണ്. അഞ്ചു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മന്ത്രി ജലീലിനെതിരെ അടിയന്തരമായി അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ പരാതി നൽകിയിരുന്നു.
യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് മതഗ്രന്ഥം പാർസലായി വന്ന സംഭവത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരെ വിദേശകാര്യ മന്ത്രാലയം പരിശോധന നടത്തി വരികയാണ്. ദുബൈ കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ വിതരണം ചെയ്തെന്ന് മന്ത്രി ജലീൽ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്യാറില്ലെന്നാണ് യു.എ.ഇ കോൺസുലേറ്റ് വൃത്തങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.