ഫോര്‍മാലിന്‍ ചേര്‍ത്ത ആറ് ടണ്‍ മത്സ്യം വടകരയില്‍ പിടികൂടി
text_fieldsവടകര: വാഹന പരിശോധനക്കിടെ ഫോര്‍മാലിന്‍ ചേര്‍ത്ത ആറ് ടണ്‍ മത്സ്യം പിടികൂടി. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന വിവിധ തരം മത്സ്യങ്ങളാണ് വടകര പുതുപ്പണം കോട്ടക്കടവിൽ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ച ബ്രേക്ക് ഡൗണായ ലോറിയില്‍നിന്ന് മണംവന്നപ്പോള് നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യമെന്ന് മനസ്സിലായത്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന ഫോര്‍മാലിൻ കിറ്റ് ഉപയോഗിച്ചാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വടകര നഗരസഭ ആരോഗ്യ വിഭാഗവും കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ നിെന്നത്തിയ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും ചെക്ക് ആന്‍ഡ് ഈറ്റ് എന്ന ഉപകരണം ഉപയോഗിച്ച് പരിശോധന നടത്തി.
തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്ന മത്സ്യം ആരും വാങ്ങാത്തതിനാല്‍ തിരികെ കൊണ്ടുപോവുകയായിരുന്നു. 134 ബോക്സ് മത്സ്യമാണ് ഉണ്ടായിരുന്നത്. പിടിച്ചെടുത്ത മത്സ്യം വടകര നഗരസഭക്ക് കൈമാറുകയും സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴിച്ചിടുകയും ചെയ്തു.
എം.വി.ഐമാരായ എ.ആര്. രാജേഷ്, വി.ഐ. അസീം എന്നിവരാണ് വാഹനം പരിശോധിച്ചത്. വാഹന ഉടമക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വടകര, കൊയിലാണ്ടി, തിരുവമ്പാടി, എലത്തൂര്‍ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരായ ജിതിന്‍രാജ്, ഫെബിന മുഹമ്മദ് അഷ്റഫ്, വിഷ്ണു എസ്. ഷാജി, രഞ്ജിത്ത് പി. ഗോപി, ഫിഷറീസ് ടെക്നിക്കല്‍ അസിസ്റ്റൻറ് ഡോ. വിനില എന്നിവരടങ്ങുന്ന സംഘം പരിശോധനക്കെത്തി.
നഗരസഭ സെക്രട്ടറി കെ.യു. ബിനി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. ഗിരീഷന് എന്നിവര്‍ ചേര്‍ന്ന് മത്സ്യം നശിപ്പിക്കുന്നതിനായി നേതൃത്വം നല്കി. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുഗതകുമാരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ജി. അജിത്ത്, ജെ.എച്ച്.ഐമാരായ ഷൈനി പ്രസാദ്, ദിലീപ്, ശ്രീമ എന്നിവരും സംബന്ധിച്ചു.
വാഹനം ബ്രേക്ക് ഡൗണായില്ലെങ്കില്‍ ഫോർമാലിൻ കലർന്ന മത്സ്യം തീന്മേശയിലെത്തിയേനെ...
വടകര: മത്സ്യവുമായി വന്ന വാഹനം ബ്രേക്ക് ഡൗണായി വഴിയിൽ നിന്നുപോയതുകൊണ്ട് മാത്രമാണ് വടകരയില്‍ ഫോര്‍മാലിൻ ചേര്‍ത്ത മത്സ്യം പിടികൂടാനായത്. സംഭവം ഭക്ഷ്യസുരക്ഷ വകുപ്പിെൻറ വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് കണ്ണൂരിലെത്തിച്ച മത്സ്യം തിരികെ വടകരയിലെത്തിയപ്പോള്‍ മാത്രമാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. വാഹനം വഴിയിൽ കുടുങ്ങിയ സമയത്ത് നാല് പെട്ടി മുള്ളന്‍ മുയിപ്പോത്തെ മത്സ്യക്കച്ചവടക്കാരന് വാങ്ങിയിരുന്നു. കണ്ണി അയല എന്ന് വിളിക്കുന്ന മത്സ്യമാണ് പ്രധാനമായി വാഹനത്തിലുണ്ടായിരുന്നത്. ഇത് കേരളത്തില്‍ പ്രിയപ്പെട്ടവയല്ല. അതുകൊണ്ടാണ് മാര്‍ക്കറ്റില്‍ വില്പന നടക്കാതിരുന്നത്. ഉച്ച 1.30ഓടെ കോഴിക്കോട് മാര്‍ക്കറ്റില്‍ നടക്കുന്ന കച്ചവടത്തിനാണ് ഇവര്‍ കണ്ണൂരില്‍നിന്ന് തിരിച്ചത്. ചോമ്പാല്‍ ഹാര്‍ബറിൽ കയറി വില്പന നടത്താനും ശ്രമിച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന ഫോര്‍മാലിൻ കിറ്റാണ് ഇത് കണ്ടെത്താൻ സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.