തമിഴ്നാട്ടിൽനിന്ന് എത്തിച്ച 9000 കിലോ ‘ഫോർമാലിൻ’ മത്സ്യം പിടികൂടി
text_fieldsപുനലൂർ: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന ഫോർമാലിൻ കലർത്തിയ 9000 കിലോ മത്സ്യം ആര്യങ്കാവ് ചെക്പോസ്റ്റിൽ പിടികൂടി. സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിെൻറ ‘ഒാപറേഷൻ സാഗർ റാണി’യുടെ ഭാഗമായി അധികൃതർ നടത്തിയ പരിേശാധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടിയത്. ഇതിൽ 7000 കിലോ ചെമ്മീനും 2000 കിലോ മറ്റു മത്സ്യങ്ങളുമാണ്. പിടികൂടിയ മത്സ്യത്തിന് വിപണിയിൽ 45 ലക്ഷത്തോളംരൂപ വില വരും.
തിങ്കളാഴ്ച രാത്രി ഏഴുമുതൽ ചൊവ്വാഴ്ച പുലർച്ച മൂന്നരവരെ ചെക്പോസ്റ്റ് കടന്നുവന്ന 11 വാഹനങ്ങളിലെ മത്സ്യമാണ് പരിശോധിച്ചത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് ടെക്‌നോളജിയുടെ പ്രഷർ സ്ട്രിപ്പ് ഉപയോഗിച്ചായിരുന്നു പരിശോധന. പ്രാഥമിക പരിശോധനയിൽതന്നെ മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന് വ്യക്തമായി. ഇവയുടെ സാംപ്ൾ ശേഖരിച്ച് ദൂതൻ വഴി ഭക്ഷ്യവകുപ്പിെൻറ തിരുവനന്തപുരം ലാബിലും മൈസൂരിലെ സെൻട്രൽ അനാലിസ്റ്റിക് ലാബിലും പരിശോധന നടത്തും. ഇതിനുശേഷം മത്സ്യം കയറ്റിവന്നവർക്കെതിരെ മറ്റ് നിയമനടപടികളുണ്ടാകുെമന്ന് അധികൃതർ പറഞ്ഞു.
രാമേശ്വരം മണ്ഡപത്തുനിന്നാണ് ചെമ്മീൻ കൊണ്ടുവന്നത്. കൊച്ചിയിലെ ചെമ്മീൻ കയറ്റുമതി സ്ഥാപനങ്ങളിലേക്ക് കൊണ്ടുവന്നതായിരുന്നു. തൂത്തുക്കുടിയിൽനിന്ന് മൂവാറ്റുപുഴ, പാലാ, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ മാർക്കറ്റുകളിലെ ചില്ലറ വിൽപനക്കാരാണ് മറ്റു മത്സ്യം കൊണ്ടുവന്നത്. മത്സ്യവും വാഹനവും അധികൃതർ കസ്റ്റഡിയിലെടുത്തും. വരുംദിവസങ്ങളിലും പരിശോധന തുടരും. ഭക്ഷ്യസുരക്ഷാവകുപ്പ് കഴിഞ്ഞദിവസങ്ങളിൽ അമരവിള, പാലക്കാട് ചെക്പോസ്റ്റുകളിലും നടത്തിയ പരിശോധനയിൽ ഫോർമാലിൻ കലർത്തിയ മത്സ്യം വൻതോതിൽ പിടികൂടിയിരുന്നു. ആര്യങ്കാവിൽ ഭക്ഷ്യസുരക്ഷാവകുപ്പ് േജായൻറ് കമീഷണർ കെ. അനിൽകുമാർ, അസി.കമീഷണർ കെ. അജിൽകുമാർ, മേഖല ഒാഫിസർമാരായ എ.എ. അനസ്, ജിതിൻദാസ് രാജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
മത്സ്യത്തിൽ ഫോര്‍മലിൻ കണ്ടെത്തിയാലുടൻ കേസ്
തിരുവനന്തപുരം: പ്രാഥമിക പരിശോധന നടത്തുമ്പോള്‍ മത്സ്യത്തിൽ ഫോര്മലിെൻറ അളവ് കണ്ടെത്തിയാലുടന്‍ കേസെടുക്കും. ‘ഫോര്‍മലിന്‍ മത്സ്യ’ങ്ങളുടെ ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ വാഹന ഡ്രൈവർക്കെതിരെയും കേസെടുക്കും. എറണാകുളത്തെ സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ് ഉപയോഗിച്ചാണ് മത്സ്യത്തിലെ ഫോർമലിെൻറ അളവ് പരിശോധിക്കുന്നത്.
ആര്യങ്കാവ് ചെക്പോസ്റ്റില്‍ തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിൽ 9600 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. വാളയാറില്‍നിന്ന് പിടിച്ചെടുത്ത 6000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചിരുന്നു. വാളയാറിൽ പിടികൂടിയ ചെമ്മീനിൽ കിലോഗ്രാമിന് 4.1 മില്ലി ഗ്രാം അളവിൽ ഫോർമലിൻ ചേർത്തതായി പരിശോധനയിൽ സ്ഥിരീകരിച്ചു. ആന്ധ്രയിൽനിന്ന് അരൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടുവന്നതായിരുന്നു ചെമ്മീൻ.
ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ചെക്പോസ്റ്റുകളിൽ പരിശോധന കര്‍ശനമാക്കും. മാര്‍ക്കറ്റുകളിലും പരിശോധന നടത്തും. മത്സ്യം കയറ്റിവിട്ട സ്ഥലം മുതല്‍ എല്ലാവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗശേഷം മന്ത്രി അറിയിച്ചു. സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ലാബിലുള്ള വിദഗ്ധ പരിശോധനയിലും ഫോര്‍മലിന്‍ കണ്ടെത്തിയാല്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പ്രോസിക്യൂഷന്‍ നടപടി തുടരും.
ഫോര്‍മലിന്‍ കണ്ടെത്തിയ വാഹനങ്ങളിലുള്ള മത്സ്യം എവിടെ നിന്നാണോ കൊണ്ടുവന്നത് ആ സ്ഥലത്ത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനോടൊപ്പം കൊണ്ടുപോയി നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഉറപ്പുവരുത്താൻ അതത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ കമീഷണറുടെ സഹായം തേടും. ആ മത്സ്യം എന്ത് ചെയ്തെന്ന റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 28,000ത്തോളം കിലോ മായം ചേർത്ത മത്സ്യമാണ് ചെക്പോസ്റ്റുകളിലൂടെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.