മാൻപവർ ബാങ്കുകൾ രൂപീകരണം: ഗ്രാമപഞ്ചായത്തുകളെ അധികാരപ്പെടുത്തിയെന്ന് എം.ബി രാജേഷ്
text_fieldsതിരുവനന്തപുരം : മാൻപവർ ബാങ്കുകൾ രൂപീകരിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളെ അധികാരപ്പെടുത്തിയെന്ന് മന്ത്രി എം.ബി രാജേഷ്. പദ്ധതി ആസൂത്രണ മാർഗരേഖ പ്രകാരവും കേരള പഞ്ചായത്ത് രാജ് നിയമപ്രകാരവും ഗ്രാമപഞ്ചായത്തുകളുടെ ചുമതലയിൽ മാൻപവർ ബാങ്കുകൾ രൂപീകരിക്കുന്നതിന് വ്യവസ്ഥയുണ്ട്. തദേശ ഭരണ സ്ഥാപനങ്ങൾക്ക് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാമെന്നും നിയമസഭയിൽ അദ്ദേഹം രേഖാമൂലം മറുപടി നൽകി.
തദേശ ഭരണസ്ഥാപനങ്ങൾ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ വാർഷിക പദ്ധതികൾ തയാറാക്കുന്നതിനായുള്ള ആസൂത്രണ മാർഗരേഖ പ്രകാരം ലഭ്യമായ വിവരങ്ങൾ ശേഖരിച്ച് മാൻപവർ ബാങ്കുകൾ ഗ്രാമപഞ്ചായത്ത് തലത്തിൽ രൂപീകരിക്കുന്നതിന് നിർദ്ദേശം നൽകി. പഞ്ചായത്ത് രാജ് നിയമം പ്രകാരം, തൊഴിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും മാൻപവർ ബാങ്കുകൾ രൂപീകരിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളെ അധികാരപ്പെടുത്തിയത്.
വിവിധ തലങ്ങളിലുള്ള തദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഇത് പ്രകാരം ലേബർ ബാങ്കുകൾ രൂപീകരിക്കുന്നതിന് പ്രോജക്ടുകൾ ഏറ്റെടുത്തു തുടങ്ങി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് “ജില്ലാ ലേബർ ബാങ്ക് എന്ന പേരിൽ ഒരു നൂതന പ്രോജക്ട് ഏറ്റെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വിഹിതം, തെരഞ്ഞെടുത്ത ഒമ്പത് ഗ്രാമപഞ്ചായത്തുകളുടെ വിഹിതം, ഗുണഭോക്തൃ വിഹിതം എന്നിങ്ങനെ ആകെ 2.90 കോടി രൂപയുടെ പ്രോജക്ട് ആണിത്.
കാർഷിക മേഖലയിൽ നൂതന സാങ്കേതിക മുറകളിൽ അറിവും നൈപുണ്യവും ആർജിച്ച കർഷകത്തൊഴിലാളികളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനും, വിദ്യാസമ്പന്നരായ യുവജനതയെ കർഷകത്തൊഴിൽ രംഗത്തേക്ക് കൊണ്ട് വരുന്നതിനും ഇത് ആവശ്യമാണ്. കർഷകർക്ക് നിശ്ചിത ദിവസം തൊഴിൽ ഉറപ്പ് നൽകുന്നതിനും, കാർഷിക രംഗത്ത് മാർക്കറ്റിങിനായി ഫലപ്രദമായ ഏകജാലക സംവിധാനം സൃഷ്ടിക്കാനുമാണ് പദ്ധതി വഴി ഉദേശിക്കുന്നത്. ഒൻപത് ഗ്രാമപഞ്ചായത്തുകളിലും 20 വീതം അഭ്യസ്തവിദ്യരും ചെറുപ്പക്കാരുമായ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.