മുൻ അഡ്വക്കേറ്റ് ജനറൽ എം.കെ ദാമോദരൻ അന്തരിച്ചു
text_fieldsകൊച്ചി: മുൻ അഡ്വക്കേറ്റ് ജനറലും ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ എം.കെ ദാമോദരൻ (70) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നായനാർ സർക്കാറിന്‍റെ കാലത്താണ് എം.കെ ദാമോദരനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചത്. കൊച്ചി കച്ചേരിപ്പടിയിലെ 'തനുശ്രീ'യിലായിരുന്നു താമസം. നിലവിൽ സംസ്ഥാന സർക്കാറിന്‍റെ നിയമപരിഷ്കാര കമീഷൻ അംഗമാണ്.
ഭരണഘടന, ക്രമിനൽ നിയമങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച അഭിഭാഷകനായിരുന്നു എം.കെ. ദാമോദരൻ. തലശ്ശേരി ചെങ്ങര സി. ശങ്കരൻ നായരുടെയും മുതലാടത്ത് കുറുങ്ങോടൻ മാധവിയമ്മയുടെ മകനാണ്. 1963ൽ എറണാകുളം ലോ കോളജിൽ നിന്ന് ബി.എൽ പാസായി. 1964 ജൂലൈ 18ന് സനതെടുത്തു. തലശ്ശേരി മുൻ മുനിസിപ്പൽ ചെയർമാൻ എ.വി.കെ നായരുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. 1977വരെ മലബാറിലെ വിവിധ ജില്ലാ കോടതികളിൽ പ്രാക്ടീസ് ചെയ്ത ശേഷം എറണാകുളത്തേക്ക് മാറി.
പാനൂർ സോമൻ വധക്കേസ്, കാസർകോട് ഹംസ വധക്കേസ്, അടവിച്ചിറ ജയിംസ് വധക്കേസ്, വർഗീസ് വധക്കേസ്, തലശ്ശേരി, പുതുപ്പള്ളി, തൃശ്ശിലേരി, താവം തുടങ്ങിയ നിരവധി കൊലക്കേസുകളിൽ ഹാജരായിട്ടുണ്ട്. ലോട്ടറി കേസിൽ സാന്‍റിയാഗോ മാർട്ടിനും ലാവലിൻ കേസിൽ പിണറായി വിജയനും വേണ്ടി ഹൈകോടതിയിൽ ഹാജരായി.
ജില്ലാ കൗൺസിലിൽ എം.പിമാർക്കും എം.എൽ.എമാർക്കും അംഗത്വം നൽകിയതിനെതിരെയും സി.പി.എം, സി.പി.ഐ പ്രവർത്തകരെ നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായി പൊലീസ് ഫോട്ടോ എടുക്കുന്നതിനെതിരെയും ചടയൻ ഗോവിന്ദൻ നൽകിയ കേസുകളിലും സഹകരണ ഒാർഡിനൻസിനെതിരായ കേസിലും യഹോവാ സാക്ഷികൾക്ക് ബലം പ്രയോഗിച്ച് രക്തം നൽകുന്നത് സംബന്ധിച്ച അൽഫോൺസ് കണ്ണന്താനത്തിന്‍റെ ഉത്തരവിനെതിരായ കേസിലും ഹാജരായിട്ടുണ്ട്.
കാലിക്കറ്റ് സർവകലാശാലയുടെയും പി.എസ്.സിയുടെയും ഹൈകോടതി സ്റ്റാന്‍റിങ് കോൺസലറായി സേവനം അനുഷ്ടിച്ചു. അടിയന്തരവാസ്ഥ കാലത്ത് ആറു മാസം തടവുശിക്ഷ അനുഭവിച്ചു. 1980ൽ തലശ്ശേരി മുനിസിപ്പൽ കൗൺസിലറായി. 19 തൊഴിലാളി യൂണിയനുകളുടെ പ്രസിഡന്‍റ് സ്ഥാനങ്ങൾ വഹിച്ചു.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിച്ചിരുന്നു. എന്നാൽ, ദാമോദരന്‍റെ നിയമനത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഹരജി നൽകിയതിനെ തുടർന്ന് അദ്ദേഹം പദവി ഏറ്റെടുത്തില്ല. ശാന്തയാണ് ഭാര്യ. ഏക മകൾ തനുശ്രീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.