മുൻ എം.എൽ.എ കെ. മുഹമ്മദാലി അന്തരിച്ചു
text_fieldsആലുവ: മുതിർന്ന കോൺഗ്രസ് നേതാവും ദീർഘകാലം എം.എൽ.എയുമായിരുന്ന കെ. മുഹമ്മദാലി (76) അന്തരിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം.
ആലുവയിൽ നിന്ന് തുടർച്ചയായി അഞ്ചു തവണ (6, 7, 8, 9, 10, 11 നിയമസഭകളിൽ) നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദീർഘകാലമായി എ.ഐ.സി.സി അംഗമായിരുന്ന അദ്ദേഹം കുറച്ചു നാളുകളായി പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുകുകയായിരുന്നു. ആലുവ പാലസ് റോഡ് ചിത്ര ലൈനിൽ ഞർളക്കാടൻ എ. കൊച്ചുണ്ണി- നബീസ ദമ്പതികളുടെ മകനായിരുന്നു.
കെ.എസ്.യു (1966-68), യൂത്ത് കോൺഗ്രസ് (1968-72) എറണാകുളം ജില്ലാ പ്രസിഡന്‍റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി (1972-75), ഡി.സി.സി വൈസ് പ്രസിഡന്‍റ് (1976), കെ.പി.സി.സി നിർവാഹക സമിതിയംഗം, എ.ഐ.സി.സി അംഗം (1973), എം.ജി യൂനിവേഴ്സിറ്റി സെനറ്റ് അംഗം, കുസാറ്റ് സെനറ്റംഗം, കെ.ടി.ഡി.സി ഡയറക്ടർ ബോർഡ് അംഗം, കേരള സ്പോർട്സ് കൗൺസിൽ അംഗം എന്നീ പദവികളിൽ വഹിച്ചിട്ടുണ്ട്.
ഇന്‍റർനാഷണൽ പീസ് കോൺഫറൻസ് (മോസ്കോ-1973), ഹജ്ജ് പ്രതിനിധി (1999), സ്റ്റേറ്റ് കോർപറേറ്റീവ് യൂണിയൻ മാനേജിങ് കമ്മിറ്റിയംഗം, കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് സൊസൈറ്റി ലിമിറ്റഡ് ബോർഡ് അംഗം, രാജ്യ സൈനിക ബോർഡ് അംഗം, കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി വിപ്പ്, പ്രസിഡന്‍റ്, എറണാകുളം ജില്ല സഹകരണ ബാങ്ക് ഡയറക്ടർ, 1970ൽ ഇന്ദിര ഗാന്ധി പങ്കെടുത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന റാലി ഓർഗനൈസിങ് കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്തിനെതിരെ കെ. മുഹമ്മദാലിയുടെ മരുമകൾ ഷെൽന നിഷാദിനെയാണ് സി.പി.എം സ്ഥാനാർഥിയാക്കിയത്. കോൺഗ്രസ് പ്രാദേശിക നേതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്ന മുഹമ്മദാലി അതിനാൽ തന്നെ ഷെൽന്നയെ പിന്തുണക്കുകയായിരുന്നു. എങ്കിലും പാർട്ടിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നില്ല. ഭാര്യ: പി.എം നസീം, രണ്ട് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.